മുംബൈ ● 500, 1000 രൂപ നോട്ടുകള്‍ നിരോധിക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ നീക്കം ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുന്നതിന് മുന്‍പ് തന്നെ ബി.ജെ.പി നേതാക്കള്‍ പുതിയ 2000 രൂപ നോട്ടുകളും പിടിച്ചുനില്‍ക്കുന്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ എത്തിയിരുന്നതായും രാഹുല്‍ അവകാശപ്പെട്ടു. നവംബര്‍ 8 ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വരുന്നതിന് തൊട്ടുമുന്‍പ് ബി.ജെ.പി പശ്ചിമ ബംഗാള്‍ ഘടകം വന്‍തുക ബാങ്കില്‍ നിക്ഷേപിച്ചത് എങ്ങനെ വിശദീകരിക്കുമെന്നും രാഹുല്‍ ചോദിച്ചു.
സര്‍ക്കാരിന്റെ ഈ നീക്കം വന്‍ അഴിമതിയായി മാറിയിരിക്കുകയാണ്. തീരുമാനമെടുക്കാന്‍ പ്രധാനമന്ത്രിയുടെ മേല്‍ ആരോ സമ്മര്‍ദ്ദം ചെലുത്തിയിരുതായി താന്‍ സംശയിക്കുന്നതായും രാഹുല്‍ പറഞ്ഞു.
വന്‍തോതില്‍ കള്ളപ്പണം കൈവശം വച്ചിരിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. വന്‍ കള്ളപ്പണക്കാരെ പ്രധാനമന്ത്രി സ്വതന്ത്രമായി വിഹരിക്കാന്‍ വിട്ടിരിക്കുകയാണ്. ഇതിന് തെളിവാണ് വിജയ് മല്യയും ലളിത് മോഡിയും വിദേശത്തിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
നോട്ട് നിരോധനത്തെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ പരസ്യ പ്രസ്താവനകളെയും രാഹുല്‍ വിമര്‍ശിച്ചു. കരയണോ ചിരിക്കണോ എന്ന് അദ്ദേഹം തീരുമാനിക്കണമെന്നായിരുന്നു ഇതിനെക്കുറിച്ചുള്ള രാഹുലിന്റെ പ്രതികരണം.
കള്ളപ്പണക്കാർക്കെതിരെയുള്ള എല്ലാ പ്രവർത്തനങ്ങളെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. എന്നാൽ ഇത്തരമൊരു തീരുമാനമെടുക്കുന്നതിന് മുമ്പ് മോദി എല്ലാവരോടും ആലോചിക്കണമായിരുന്നു. ഇത് മോദിയുടെ പത്തോ പന്ത്രണ്ടോ ആളുകളുടെ രാജ്യമല്ല. കോടിക്കണക്കിന് ആളുകൾ ഇന്ത്യയിൽ ഉണ്ടെന്നും രാഹുൽ പറഞ്ഞു. ഈ തീരുമാനം മുൻകൂട്ടി ആസൂത്രണം ചെയ്‌തതാണ്. ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയ്ക്ക് പോലും ഈ തീരുമാനത്തെക്കുറിച്ച് അറിവുണ്ടായിരുന്നതായി ഞാൻ കരുതുന്നില്ല- രാഹുല്‍ പപറഞ്ഞു.
ഒരൊറ്റയാളുടെ തീരുമാനം കൊണ്ടാണ് രാജ്യം മുഴുവൻ ബുദ്ധിമുട്ടുന്നതെന്നും അദ്ദേഹം ആരോപിച്ചു. കറൻസി അസാധുവാക്കാനുള്ള കേന്ദ്രസർക്കാറിന്റെ തീരുമാനം പിൻവലിക്കേണ്ടതില്ല. എന്നാൽ തീരുമാനം കൊണ്ട് ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ രാജ്യത്തെ വൻ കള്ളപ്പണക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
Post Your Comments