തിരുവനന്തപുരം: വി എസ്. അച്യുതാനന്ദന്റെ ഭരണകാലത്ത് രണ്ടു കണ്ടെയ്നര്‍ വ്യാജ കറന്‍സി കൊച്ചിയിലെത്തി എന്ന വെളിപ്പെടുത്തതില്‍ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. വിഎസിന്റെ ഭരണകാലത്ത് രണ്ടു കണ്ടെയ്നര്‍ വ്യാജനോട്ട് കേരളത്തിലെത്തിയെന്ന് പഴ്സനല്‍ അസിസ്റ്റന്റ് എ. സുരേഷിന്റെ വെളിപ്പെടുത്തിയിരുന്നു. ഇതേപ്പറ്റി രഹസ്യാന്വേഷണ വിഭാഗം മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും റിപ്പോര്‍ട്ട് നല്‍കിയെന്നാണ് സുരേഷ് ഫേസ്ബുക്കിലൂടെ നടത്തിയിരിക്കുന്ന വെളിപ്പെടുത്തല്‍.ഈ റിപ്പോര്‍ട്ടിന്മേല്‍ എന്തു നടപടിയാണ് ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ചത് എന്നറിയാന്‍ പൊതുസമൂഹത്തിന് അവകാശമുണ്ട്.
ആ കണ്ടെയ്നറുകള്‍ അപ്രത്യക്ഷമായെന്നും സുരേഷ് പറയുന്നു. രണ്ടു മുന്നണികളും നാടു ഭരിച്ചിരുന്നത് എത്ര ലാഘവത്തോടെയാണെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാമെന്നും കുമ്മനം കുറ്റപ്പെടുത്തി.രാജ്യ സുരക്ഷയ്ക്കു തന്നെ ഭീഷണിയാകുന്ന സംഭവത്തെപ്പറ്റി വിവരം കിട്ടിയിട്ടും മൗനം ദീക്ഷിച്ച മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും രാജ്യദ്രോഹക്കുറ്റമാണു ചെയ്തിരിക്കുന്നത്.ആ പണത്തിന്റെ പങ്ക് ഇവര്‍ക്കും കിട്ടിയിരിക്കണം. അല്ലെങ്കില്‍ ഇത്തരത്തില്‍ പെരുമാറില്ലായിരുന്നു. ആ പണം കേരളത്തിലെ സഹകരണ സംഘങ്ങളില്‍ക്കൂടി വെളുപ്പിച്ചെടുക്കാനും സിപിഐ(എം) നേതൃത്വം അനുവാദം നല്‍കിയതിനാലാണ് സഹകരണ മേഖലയിലെ കള്ളപ്പണത്തെ പറ്റി പറയുമ്പോള്‍ സിപിഐ(എം) നേതാക്കള്‍ക്ക് വിറളി പിടിക്കുന്നതെന്നും കുമ്മനം ആരോപിച്ചു.
കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നു എന്ന സിപിഐ(എം) പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. സഹകരണ മേഖലയിലെ നാമമാത്രമായ കള്ളപ്പണക്കാരെയാണ് ബിജെപി എതിര്‍ക്കുന്നത്. അതു സഹകരണ മേഖലയ്ക്കെതിരായ നീക്കമാണെന്നു പ്രചരിപ്പിക്കുന്നത് സിപിഎമ്മിന്റെ കുടില തന്ത്രമാണെന്നും കുമ്മനം കുറ്റപ്പെടുത്തി.പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, വി എസ്. അച്യുതാനന്ദന്‍ എന്നിവര്‍ ഇതിനു മറുപടി പറയണം. അന്നു കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ്സും ഇതില്‍ കൂട്ടുകച്ചവടക്കാരാണ്. അതുകൊണ്ടുതന്നെയാണ് കേന്ദ്രത്തിനെതിരെ വി എം. സുധീരനും കോടിയേരിയും ഒരേപോലെ ബിജെപിയെ കുറ്റപ്പെടുത്തുന്നതെന്നും കുമ്മനം ആരോപിച്ചു.
Post Your Comments