Prathikarana Vedhi

കറൻസികളുടെ പിൻവലിക്കൽ മോഡിസർക്കാർ ഭാരത ചരിത്രം തിരുത്തിയെഴുതുന്നു : ഉപ്പു തിന്നവർ വെള്ളം കുടിക്കും : കള്ളപ്പണം നിന്നപ്പോൾ കാശ്മീരിൽ കല്ലെറിയാൻ ആളെക്കിട്ടുന്നില്ല

കെവിഎസ് ഹരിദാസ്

” കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. അതിൽ രാഷ്ട്രീയമുണ്ട്. ഇത്തരം നീക്കങ്ങളെ ഏതുവിധേനയും നേരിടുകതന്നെ ചെയ്യും………..”. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഇന്നത്തെ പ്രസ്താവനയാണ്, ദൽഹിയിൽ. കേന്ദ്ര സർക്കാർ പിൻവലിച്ച അഞ്ഞൂറ്, ആയിരം രൂപയുടെ കറൻസികൾ മാറികൊടുക്കാൻ നമ്മുടെ സംസ്ഥാനത്തെ സഹകരണ ബാങ്കുകളെയും സൊസൈറ്റികളെയും ഏൽപ്പിക്കണം എന്ന സംസ്ഥാന സർക്കാരിന്റെ ആഗ്രഹം നിരുപാധികം തള്ളിയ കേന്ദ്ര സർക്കാർ – റിസർവ് ബാങ്ക് തീരുമാനത്തോടുള്ള അദ്ദേഹത്തിൻറെ പ്രതികരണമാണിത്. കോടിയേരിക്ക് വിഷമമുണ്ടാവുന്നതാണ് കേന്ദ്ര തീരുമാനം എന്നതിൽ സംശയമില്ല. കള്ളപ്പണം വെളുപ്പിക്കാൻ അതിലേറെ നല്ല മറ്റു മാർഗമേത് എന്നത് അദ്ദേഹത്തിന് കണ്ടെത്താനാവാത്തതിനാലാണ് ഇത് നിർദ്ദേശിച്ചത്. സിപിഐഎം പെടുന്ന പാട് വല്ലാത്തതുതന്നെയാണ്. കള്ളപ്പണവും കള്ളനോട്ടും ഇത്രയേറെ സിപിഎമ്മിനെ അലട്ടുമെന്ന് , സത്യം പറയട്ടെ, കരുതിയതേയില്ല. ദൽഹിയിൽ രാഹുൽ ഗാന്ധിയും കോൺഗ്രസുകാരുമൊക്കെ ഇത്തരത്തിൽ പറഞ്ഞാൽ മനസ്സിലാക്കാമായിരുന്നു. കോടിയേരിയുടെ പ്രസ്താവനയോട് ദൽഹിയിലെ ഒരു മാധ്യമ പ്രവർത്തകൻ പ്രതികരിച്ചത് ഫേസ് ബുക്കിൽ കാണുകയുണ്ടായി. പുതിയ കറൻസി അച്ചടിക്കാനുള്ള അവകാശം കൂടി സഹകരണ ബാങ്കുകൾക്ക് നൽകിയാൽ കള്ളപ്പണത്തിന്റെയും കള്ളനോട്ടിന്റെയും പ്രശ്നമേയുണ്ടാവില്ല എന്നായിരുന്നു അത്. അതും ഈ സമയത്തു ഓർത്തുപോയി എന്നുമാത്രം.

സഹകരണ ബാങ്കുകൾ, എൻ ബി എഫ് സികൾ എന്നിവ അവരുടെ ഡെപ്പോസിറ്റുകൾ പണം ദേശസാൽകൃതമോ അല്ലെങ്കിൽ മറ്റു ഷെഡ്യൂൾഡ് ബാങ്കുകളിലോ നിക്ഷേപിച്ചിട്ടുണ്ട് അല്ലെങ്കിൽ സൂക്ഷിച്ചിട്ടുണ്ട് എങ്കിൽ പ്രശ്നങ്ങൾ കുറയും. അതല്ല, നിക്ഷേപത്തുക അതാത് സഹകരണ ബാങ്കുകളിൽ ആണ് സൂക്ഷിച്ചിരുന്നത് എങ്കിൽ, മാറ്റിവാങ്ങാൻ പ്രയാസമാകും. പഴയ കറൻസിയുമായി ആർ ബി ഐയിലോ മറ്റു ദേശസാൽകൃത- ഷെഡ്യൂൾഡ് ബാങ്കുകളിലോ ചെല്ലുമ്പോൾ നിക്ഷേപകരുടെ വിശദാംശങ്ങൾ നൽകേണ്ടതായി വരും. കണക്കുവേണ്ടിവരും. അതിനൊക്കെ നികുതി കൊടുക്കേണ്ടി വരും. നിക്ഷേപകനിൽ നിന്നും എന്തുകൊണ്ട് ആദായനികുതി പിരിച്ചില്ല എന്നതിന് മറുപടി സ്വാഭാവികമായും നൽകേണ്ടിവരുമല്ലോ. കണക്കിൽ പെടാത്ത പണം സഹകരണ ബാങ്കുകളിൽ സൂക്ഷിച്ചവർക്ക് അതൊരു പുലിവാല് തന്നെയാവും. “കണക്കിൽ പെടാത്തപണ”മായി അതൊക്കെ കണക്കാക്കപ്പെടുമല്ലോ. അതിനൊന്നും നികുതിയോ പലിശക്ക് ടിഡിഎസോ ( നിക്ഷേപത്തിന്മേലും പലിശയിലും നികുതി ഈടാക്കുന്ന സമ്പ്രദായം) ഒന്നുമുണ്ടായിട്ടില്ല എന്നത് മറക്കരുത്. യഥാർഥത്തിൽ നിയമവശാൽ ചെയ്യാൻ പാടില്ലാത്തത് നമ്മുടെ സഹകരണ ബാങ്കുകൾ ചെയ്യുകയായിരുന്നു, അതും മഹത്തായ സഹകരണ പ്രസ്ഥാനത്തിന്റെ മറവിൽ. രാജ്യത്തിനു കിട്ടേണ്ട നികുതി നൽകാതെ, വലിയൊരു തെറ്റാണു സഹകരണ പ്രസ്ഥാനങ്ങൾ ചെയ്തുവരുന്നത്. അവരെല്ലാം ഇപ്പോൾ വല്ലാത്ത പ്രതിസന്ധിയിലകപ്പെടുമെന്നാണ് കരുതേണ്ടത്. അതൊക്കെ കേന്ദ്ര ഏജൻസികൾ റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. ഇനി അതെല്ലാം സർക്കാരിനും ആർ ബിഐക്കും കാണാതെ പോവാൻ പ്രയാസമാകും എന്ന് കരുതുന്നയാളാണ് ഞാൻ.

സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ച വൻ തുകകൾ പലതും കണക്കില്ലാത്തതാണ് എന്നത് ആദായനികുതി വകുപ്പിനറിയാം. അത്തരമൊരു ആക്ഷേപം വ്യാപകമായി ഉയർന്നിരുന്നു, അടുത്തിടെ പോലും. സാധാരണ നിലക്ക് ബാങ്കുകൾ അത്തരം നിക്ഷേപങ്ങളുടെ വിവരങ്ങളും കണക്കുകളും ഈ ബാങ്കുകൾ ആദായനികുതി അധികൃതർക്ക് കൊടുക്കണം. അതാണ് ബാങ്കിങ് രംഗത്തെ വ്യവസ്ഥ. അതിനു ബാങ്കുകൾ തയ്യാറല്ലെങ്കിൽ ആദായ നികുതി വകുപ്പുകാർക്കു പരിശോധിക്കാൻ കഴിയണം. എന്നാൽ പലയിടത്തും രാഷ്ട്രീയത്തിന്റെ ഹുങ്കും മറ്റുംകൊണ്ട് പരിശോധനക്കെത്തിയ ആദായ നികുതി അധികൃതരെ തടയുകയായിരുന്നു. ചിലയിടങ്ങളിൽ പരിശോധന നടന്നു; അവിടെനിന്നും കുറെ കള്ളപ്പണത്തിന്റെ കഥകൾ അവർക്കു ലഭിക്കുകയും ചെയ്തു. എന്നാൽ ആ പരിശോധനാ സമ്പ്രദായം കേരളത്തിൽ മുന്നോട്ടുകൊണ്ടുപോകാൻ അവർക്കായില്ല. ഇന്നിപ്പോൾ കാര്യങ്ങൾ എളുപ്പമാവുകയാണ്, ആദായ നികുതി വകുപ്പിന്.

ഇന്നിപ്പോൾ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും പ്രധാനപ്പെട്ട ഒരു നീക്കമാണ് നടത്തുന്നത്. രാജ്യത്തു സർക്കുലേഷനിൽ ഉള്ള കറൻസിയിൽ ഏതാണ്ട് 85 ശതമാനം പിൻവലിച്ചിരുന്നു. ഏതാണ്ട് 14 ലക്ഷം കോടിയുടെ നോട്ടുകളാണ് പുറത്താകുന്നത്. അത് ചില്ലറ കാര്യമല്ല. അതോടെ ഏതാണ്ട് 14 -15 ശതമാനം കറൻസി യാണ് മാർക്കറ്റിലുണ്ടാവുക. അത്തരമൊരു അവസ്ഥയിൽ സ്വാഭാവികമായുണ്ടാവാവുന്ന പ്രശ്നങ്ങളാണ് ഇന്നുണ്ടായിട്ടുള്ളത്. പകരം എന്തുകൊണ്ട് അത്രയും തുക ഇറക്കിക്കൂടാ?. അതും ഉന്നയിക്കപ്പെടുന്ന. തീർച്ചയായും, ഇന്നിപ്പോൾ പിൻവലിക്കപ്പെടുന്ന നോട്ടുകൾക്കു പകരമായി അത് രംഗത്തുവരുന്നുണ്ടല്ലോ. പക്ഷെ ഇന്നിപ്പോൾ കാണുന്ന ക്യൂ യഥാർഥത്തിൽ പലയിടത്തും, കള്ളപ്പണം മാറാനായി നിയോഗിക്കപ്പെട്ടവരാണ്. ദൽഹിയിലും മറ്റുംകൂലിപ്പണിക്ക് പോകുന്നതിലും ലാഭം നോട്ടുമാറാൻ ബാങ്കിൽ ക്യൂ നിൽക്കുന്നതാണ് എന്ന് പറയുന്നു. ലോറിയിലും ട്രാക്ടറിലും ആളെക്കൊണ്ടുവന്നിറക്കി ബാങ്കുകൾക്കുമുന്നിൽ ക്യൂ നിർത്തുന്നു. ഇന്ന് ഒരു ബാങ്കിൽ,നാളെ മറ്റൊരു ബാങ്കിൽ. തിരക്ക് കുറവുള്ളപ്പോൾ ദിവസം രണ്ടും മൂന്നും ബാങ്കിൽ. 4500 രൂപ ഒരു ദിവസം മാറി നൽകുന്നു; അതിൽ ഒരു വലിയ ശതമാനം അതിനായി ക്യൂ നിൽക്കുന്നവർക്ക് നൽകുന്നു. എന്നാലും കിട്ടിയത് ലാഭം എന്നതാണ് കള്ളപ്പണക്കാരന്റെ ചിന്ത. കേന്ദ്ര സർക്കാരിനുലഭിച്ച റിപ്പോർട്ട് പ്രകാരം ചില രാഷ്ട്രീയ കക്ഷികളും അതിനൊക്കെ ശ്രമിക്കുന്നുണ്ട്. എന്തൊരു നാടകമാണ് ഇപ്പോൾ നടക്കുന്നത്. കള്ളപ്പണം ഉണ്ടാക്കിയ പ്രശ്നങ്ങൾ രാജ്യത്തിനുതന്നെ ഭീഷണിയാകുമ്പോഴാണ് ചില രാഷ്ട്രീയക്കാർ ഇത്തരത്തിൽ ദേശവിരുദ്ധ പ്രവർത്തനത്തിൽ വ്യാപൃതരാവുന്നത് . ബദ്ധ ശത്രുവായ രാഷ്ട്രീയ കക്ഷിയുമായി കൈകോർക്കാൻ പോലും തയ്യാറാണ് എന്ന് ബംഗാളിൽ നിന്നുകേട്ട പ്രസ്താവന മതിയല്ലോ പ്രശ്നത്തിന്റെ ഗൗരവവും ചിലരുടെ ഇരുപ്പുറപ്പായകയുടെ ആഴവും മനസിലാക്കാൻ.

ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ എത്രമാത്രം കരുതലെടുത്തു എന്നത് കാണാതെ പൊയ്ക്കൂടാ. കള്ളനോട്ടു ആണ് പ്രശ്നമെന്നത് പറയേണ്ടതില്ലല്ലോ. പാക്കിസ്ഥാനിൽ അച്ചടിച്ച് ഇന്ത്യയിലെത്തിക്കുന്ന കറൻസി ഇവിടെ ഒരു സമാന്തര സമ്പദ് വ്യവസ്ഥതന്നെയുണ്ടാക്കിയിരിക്കുന്നു. പാകിസ്താനിലെ മിന്റിൽ ( നോട്ടടിക്കുന്ന പ്രസ്) നിന്ന് പ്രതിവർഷം ഇന്ത്യയിലെത്തിച്ചിരുന്നത് 70 കോടി നോട്ടുകൾ ആണത്രേ. അതെല്ലാം 500, ആയിരം എന്നിവയുടേത്. പതിനായിരം രൂപയെടുത്താൽ അതിൽ 45 ശതമാനം, അതായതു ചുരുങ്ങിയത് 4500 രൂപ കള്ളനോട്ടോ കള്ളപ്പണമോ ആണ് എന്നതാണ് വസ്തുത. യഥാർഥത്തിൽ പതിനായിരത്തിൽ അയ്യായിരത്തി അഞ്ഞൂറുമാത്രമാണ് അക്കൗണ്ട് ചെയ്യപ്പെട്ടിട്ടുളള പണം. അത് ചെറിയ തുകയല്ല ; അതുകൊണ്ടുതന്നെ ഇന്ത്യയെ പോലുള്ള ഒരു രാജ്യത്തു ഇത്തരം നടപടിയെടുക്കുമ്പോഴുണ്ടാകാവുന്ന പ്രശ്നങ്ങളും ചെറുതല്ല. ഇത്രയും കള്ളപ്പണം വ്യാപകമായാണുള്ളത്. സാധാരണക്കാർ വരെ അത് അറിയാതെ കൈകാര്യം ചെയ്യാൻ നിര്ബന്ധിതരാവാറുണ്ട്. ഇനി ഇത്തവർത്തിച്ചുകൂടാ എന്നതും കേന്ദ്രവും റിസർവ് ബാങ്കും തീരുമാനിച്ചു. എളുപ്പത്തിൽ അച്ചടിച്ച് ഇറക്കാൻ കഴിയാത്തവിധത്തിലാണ് പുതിയ രണ്ടായിരം, അഞ്ഞൂറ് എന്നീ നോട്ടുകൾ അച്ചടിച്ചത് എന്നത് പ്രധാനം. എന്നാൽ അതും പാക്കിസ്ഥാനും ഐഎസ്‌ഐയുമൊക്കെ പകർത്തില്ല എന്ന് പറയാൻ കഴിയുമോ ആവൊ?. നാം ഇനിയും കരുതിയിരിക്കണം.

മറ്റൊന്ന്, ഈ കറൻസികൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി വ്യാപകമായി ഉപയോഗിക്കപ്പെടുന്നു എന്നത് നരേന്ദ്ര മോഡി സർക്കാരിന്റെ കണ്ടെത്തലല്ല . അതിവിടെ നിർബാധം തുടരുന്നു, വർഷങ്ങളായി. ജമ്മു കാശ്മീരിൽ എത്തുന്ന ഭീകരർ ഉപയോഗിക്കുന്നത് ഇത്തരം കള്ളനോട്ടുകളാണ്. അവിടെ സൈനികർക്കുനേരെ കല്ലേറ് നടത്തിയിരുന്നത് ഓർക്കുക. സ്‌കൂളുകൾ ആക്രമിച്ചും കത്തിച്ചും പലരും അവിടെ വാഴുകയായിരുന്നു. അതിലെല്ലാം അവിടത്തുകാരായ യുവാക്കളും പെട്ടിട്ടുണ്ട്. എന്താണവരെ അതിനൊക്കെ പ്രേരിപ്പിച്ചത്…….?. ഭീകരരും അവരുടെ സഹയാത്രികരും നീട്ടിക്കൊടുത്ത ഇത്തരം കള്ളനോട്ടുകൾ തന്നെ. കഴിഞ്ഞയാഴ്ച ആ നോട്ടുകൾ അസാധുവായതോടെ കാശ്മീരിൽ കല്ലേറ് നിന്നു. കല്ലെറിയാൻ പോയാൽ പണം കിട്ടിയിരുന്നു. ഒരു ദിവസം പോയാൽ ആയിരം രൂപ. അതിനി ലഭിക്കില്ല. പാക്കിസ്ഥാനിൽ നിന്നും അതിർത്തികടന്ന് എത്തിയ ഭീകരരും പട്ടിണിയിലാണ്. അവരുടെ കയ്യിലുള്ളത് പാക്കിസ്ഥാൻ നൽകിയ നോട്ടുകളാണ്. അതാണ് ഇന്ത്യ പിൻവലിച്ചത്. അതിനി പുറത്തിറക്കാൻ കഴിയില്ലല്ലോ. അതോടെ അവിടത്തെ ഭീകര പ്രവർത്തനവും അവസാനിക്കുന്നത് നമുക്ക് കാണാം എന്നാണ് സർക്കാർ പ്രത്യാശിക്കുന്നത് . പിന്നെയുള്ളത്, ഈ പണം ശേഖരിച്ചുവെച്ചിരിക്കുന്ന വിധ്വസക- വിഘടനവാദ നേതാക്കളാണ്. നാലു കാശിനുവകയില്ലാതിരുന്ന അവരിന്ന് അക്ഷരാർഥത്തിൽ കോടിപതിമാരാണ്. ലണ്ടനിലും ദൽഹിയിലും മുംബൈയിലും മറ്റും സ്വന്തമായി ബഹുനില മന്ദിരങ്ങൾ വരെ അവർക്കുണ്ട്. അവരും വല്ലാതെ വിഷമിക്കുന്നു. നോട്ടുകൾ പിൻവലിച്ചപ്പോൾ ബാങ്കുകൾ ബഹിഷ്കരിക്കാൻ ഇതേ നേതാക്കൾ ആഹ്വാനം ചെയ്തു. അതൊക്കെ ജനങ്ങൾ തള്ളി. ബാങ്കുകൾ സാധാരണപോലെ പ്രവർത്തിച്ചു. കാശ്‌മീർ താഴ്‌വരയിൽ പോലും സ്ത്രീകളടക്കം ബാങ്കുകളിലെത്തി ഇടപാടുകൾ നടത്തുന്നു. ഈ തീരുമാനത്തിന്റെ മറ്റൊരു സുപ്രധാന പ്രയോജനമാണ് ചൂണ്ടിക്കാണിച്ചത്. എന്നാൽ ഈ വേളയിലും ചിലർ ഇടഞ്ഞു നിൽക്കുന്നു. ജിഹാദികൾക്ക് കുടപിടിക്കുന്ന നയം രാഷ്ട്രീയ കക്ഷികൾ ഏറ്റെടുക്കാമോ എന്നതും ചിന്തിക്കേണ്ടതല്ലേ.

ഇത്രമാത്രം പണം മാർക്കറ്റിൽ നിന്ന് പിൻവലിയുന്നതോടെ സ്വാഭാവികമായും ചില സാമ്പത്തിക പരാധീനതകൾ ഉണ്ടാവുകതന്നെ ചെയ്യും. വിപണിയിൽ അത് കാണാനും കഴിയും. ആവശ്യത്തിലേറെ പണം കയ്യിലുള്ളയാൾ പലവിധത്തിലും അത് ചിലവഴിക്കും. ഇനി അതൊക്കെ നിയന്ത്രണവിധേയമാവും. കച്ചവടം കുറയുമെന്നതും വസ്തുതയാണ്. എന്നാൽ ഈ സ്ഥിതി മാറുക തന്നെ ചെയ്യും. ഇപ്പോഴത്തെ നടപടിയുടെ ഭാഗമായി ബാങ്കുകളിൽ എത്താതെ പോകുന്ന നോട്ടുകൾ വീണ്ടും മാർക്കറ്റിലെത്തുമ്പോൾ അത് പ്രകടമാകും. അതിനു മൂന്നുമാസം വേണ്ടിവരുമെന്ന് വിദഗ്ദ്ധർ പറയുന്നു. 45 ശതമാനം കള്ളപ്പണവും കള്ളനോട്ടുമാണ് എന്നത് നേരത്തെ സൂചിപ്പിച്ചുവല്ലോ. അതിനി ബാങ്കിലെത്താൻ സാധ്യത കുറവാണ്‌ . അതിനുപകരമായി യഥാർഥ നോട്ടുകൾ സർക്കാർ വിപണിയിലെത്തിക്കും. അതോടെ മാർക്കറ്റ് മറ്റെന്നത്തെക്കാൾ സജീവമാകും. പണത്തിന്റെ വിനിയോഗം കൂടും; ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയും വലിയതോതിൽ വർധിക്കും. അത്രയേറെ പ്രാധാന്യം ഈ നടപടിക്കുണ്ട് എന്നതാണ് സൂചിപ്പിച്ചത്‌ .

ശരിയാണ് ഇന്നത്തെ സർക്കാർ നടപടി ജനങ്ങൾക്ക് കുറെ വിഷമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അത് കഴിയുന്നത്ര കുറക്കാൻ കേന്ദ്രം ശ്രമിക്കുന്നുണ്ട്. കേരളവും അതിനായി ശ്രമിക്കണമായിരുന്നു. പക്ഷെ ആദ്യനിമിഷം മുതൽ സംസ്ഥാന സർക്കാർ ഈ നീക്കത്തെ വല്ലാത്ത എതിര്പ്പോടെയാണ് കണ്ടത്. പഴയ കറൻസികൾ സർക്കാർ സ്ഥാപനങ്ങളിൽ എടുക്കാമെന്ന് കേന്ദ്രം പറഞ്ഞിരുന്നുവല്ലോ. കെഎസ് ഇബി ബില്ലടക്കാൻ, ജലം ഉപയോഗിച്ചതിന്റെ വില നല്കാൻ, ടെലിഫോൺ ബില്ലടയ്ക്കാൻ, പെട്രോൾ വാങ്ങാൻ …… അങ്ങിനെ പലതിനും അനുമതിനൽകി. സ്‌കൂളുകളിൽ ഫീസ് അടക്കാനും സമ്മതിച്ചു. എന്നാൽ കേരളം എന്തുകൊണ്ടോ അതിന്റെ അധീനതയിലുള്ള സിവിൽ സപ്പ്ലൈസ് കോർപ്പറേഷൻ തുടങ്ങിയ സ്ഥാപനങ്ങളിൽ അതുപയോഗിക്കാൻ അനുമതി നൽകിയില്ല. അത് അനുവദിച്ചിരുന്നുവെങ്കിൽ ഗ്രാമതലത്തിൽ വരെയുള്ള മാവേലി സ്റ്റോറുകളിൽ നിന്ന് ജനങ്ങൾക്ക് സാധനങ്ങൾ വാങ്ങാൻ കഴിയുമായിരുന്നു. കേരളത്തിലെ ഭരണക്കാർക്കു ആകെയുണ്ടായിരുന്ന പ്രശ്നം നിരോധിത നോട്ട് മാറ്റാൻ സഹകരണ ബാങ്കുകളെ അനുവദിക്കാത്തതിലായിരുന്നു. അത് സംശയാസ്പദമായിരുന്നു എന്നത് ഇനി വിശദീകരിക്കേണ്ടതില്ലല്ലോ. ഇവിടെ ആരും സഹകരണ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമിക്കുന്നില്ല. ബിജെപിയും പലയിടത്തും സഹകരണ ബാങ്കുകൾ നടത്തുന്നുണ്ട്. അവർക്കുമത് ബാധകമാണല്ലോ.

ഇന്നിപ്പോൾ കറൻസി പ്രശ്നത്തിൽ ബേജാറിലായ രാഷ്ട്രീയക്കാർ എല്ലാവരുടെയും പ്രശ്നം കണക്കില്ലാത്ത ചിലത് കയ്യിലുണ്ട് എന്നതാണ്. മാധ്യമങ്ങൾ അത് ഉപയോഗിക്കുന്നു. മുൻപ് മുല്ലപ്പെരിയാർ പ്രശ്നമുയർത്തി കേരളത്തിലെ മാധ്യമങ്ങൾ ആഘോഷിച്ചത് ഓർമ്മയുണ്ടല്ലോ. അതിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്ന് ഒരു സുഹൃത്ത് എഴുതിയത് കണ്ടു. അതാണ് സത്യം. ‘മുല്ലപ്പെരിയാർ ‘ ഉയർത്തി ഉണ്ടാക്കിയ കോലാഹലങ്ങൾ എവിടെയെത്തി എന്നത്‌ പറയേണ്ടല്ലോ. കറൻസി പ്രശ്നത്തിൽ സർക്കാർ വളരെ ആലോചിച്ചാണ് കാര്യങ്ങൾ നീക്കുന്നത്. അത് ലക്‌ഷ്യം കാണുകതന്നെ ചെയ്യും. ഇന്നിപ്പോൾ സുപ്രീം കോടതി ഇക്കാര്യത്തിൽ സ്വീകരിച്ച വ്യക്തമായ നിലപാടോടെ പ്രതിപക്ഷത്തിന് കൂടുതലെന്തെങ്കിലും ചെയ്യാൻ ഉണ്ടോ എന്നതും സംശയമാണ്. പക്ഷെ ബഹളമുണ്ടാക്കാൻ കഴിഞ്ഞേക്കും, കുറച്ചുകൂടി. അതിനപ്പുറം ഒന്നും സംഭവിക്കാനില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button