എല്ലാ വഴികളും ഇനി കാനനപാതയിലേയ്ക്ക്. 41 ദിവസത്തെ കഠിനവ്രതമെടുത്ത് ഇരുമുടിക്കെട്ടുകളുമായി എത്തുന്ന അയ്യപ്പന്‍മാരുടെ ശരണം വിളികളാല്‍ സന്നിധാനം മുഖരിതമാകും.
മലയാള മാസം വൃശ്ചികം ഒന്നു മുതല്‍ മണ്ഡല കാലം എന്നറിയപ്പെടുന്ന 41 ദിവസങ്ങളിലും, തുടര്‍ന്ന് മകരം ഒന്നിന് നടക്കുന്ന മകര വിളക്കെന്ന സംക്രമ പൂജ വരെയും, മകരം പത്തിന് നടക്കുന്ന ഗുരുതി വരെയുമാണ് ശബരിമലയിലെ തീര്‍ത്ഥാടന കാലയളവ്.
ധനു പതിനൊന്നിന് മണ്ഡല പൂജ കഴിഞ്ഞാല്‍ അഞ്ചു ദിവസം നടയടച്ച ശേഷമാണ് സംക്രമ പൂജയ്ക്ക് വേണ്ടി നട തുറക്കുന്നത്. സംക്രമ പൂജ കഴിഞ്ഞാല്‍ ഗുരുതി വരെയുള്ള ദിവസങ്ങളിലും തീര്‍ത്ഥാടകര്‍ വളരെ കുറവായിരിക്കും അങ്ങിനെ കണക്കു കൂട്ടിയാല്‍ കേവലം 55 ദിവസം കൊണ്ടാണ് ജന കോടികള്‍ ദര്‍ശന പുണ്യം നേടാനായി ശബരിമലയിലെത്തുന്നത്. ഏകദേശ കണക്കനുസരിച്ച് നാല് കോടി ഭക്തരെങ്കിലും ശബരിമലയില്‍ എത്തുന്നുണ്ടെന്നാണ് കണക്ക് .
കടല്‍ നിരപ്പില്‍ നിന്നും ഏതാണ്ട് തൊള്ളായിരം മീറ്റര്‍ ഉയരത്തിലാണ് ശബരിമല ക്ഷേത്രത്തിന്റെ സ്ഥാനം. ബ്രഹ്മചാരി സങ്കല്പത്തിലുള്ളതാണ് ഇവിടുത്തെ ധര്‍മ്മശാസ്താ പ്രതിഷ്ഠ അതിനാല്‍ ഋതുമതി പ്രായ ഗണത്തിലുള്ള (പത്ത് മുതല്‍ അമ്പത്തഞ്ച് വയസ്സു വരെ) സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാറില്ല. ശബരിമലയെ ചുറ്റിയുള്ള പതിനെട്ട് മല മുകളിലും ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു. ഈ മലകളില്‍ ക്ഷേത്രങ്ങളോ, ക്ഷേത്രാവശിഷ്ടങ്ങളോ ഇന്നും കാണാം. മഹിഷി വധത്തിന് ശേഷം അയ്യപ്പന്‍ ധ്യാനത്തിലിരുന്നത് ശബരിമലയിലാണെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിനു ചുറ്റുമുള്ള പതിനെട്ട് മലകളിലെ പതിനെട്ട് മല ദൈവങ്ങള്‍ക്കു നടുവിലാണ് അയ്യപ്പനെന്നും ഇത് സൂചിപ്പിക്കുന്നതാണ് ക്ഷേത്രത്തിനു മുന്നിലുള്ള പതിനെട്ട് പടികളെന്നും വിശ്വാസമുണ്ട്.
ശബരിമല ക്ഷേത്രത്തിനു പിന്നിലുള്ള ഐതിഹ്യം ഇങ്ങനെ : ശിവ സംഭൂതയായ മഹാ കാളി മഹിഷാസുരനെ വധിച്ചതിനു പ്രതികാരമായി സഹോദരി മഹിഷി തപസ്സ് ചെയ്തു ശിവ വിഷ്ണു സംയോജനത്തില്‍ ജനിക്കുകയും മനുഷ്യ പുത്രനായി ജീവിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് മാത്രമേ തന്നെ വധിക്കുവാന്‍ കഴിയൂ എന്ന് വരം വാങ്ങി. മഹിഷി വര ലബ്ദിയില്‍ അഹങ്കരിച്ച് തൃലോകങ്ങളെ നശിപ്പിച്ചു കൊണ്ട് നടന്നു. നിവൃത്തിയില്ലാതെ വിഷ്ണു മോഹിനി വേഷം ധരിച്ചു ശിവ സംയോഗത്തിലൂടെ ശാസ്താവിന് ജന്മം നല്‍കി. മനുഷ്യ പുത്രനായി ജീവിക്കുവാന്‍ വേണ്ടി കുഞ്ഞിനെ കഴുത്തില്‍ ഒരു മണിയും കെട്ടി പമ്പാ തീരത്ത് കിടത്തി. കുട്ടികളില്ലാതെ വിഷമിച്ചിരുന്ന പന്തളം രാജാവ് നായാട്ടിനായി വനത്തില്‍ എത്തിയപ്പോള്‍ പമ്പാ തീരത്ത് വച്ച് കഴുത്തില്‍ മണി കെട്ടിയ സുന്ദരനായ ഒരാണ്‍കുഞ്ഞിനെ കണ്ടെത്തി. കഴുത്തില്‍ മണി ഉണ്ടായിരുന്നത് കൊണ്ട് മണികണ്ഠന്‍ എന്നു പേരിട്ട് കൊട്ടാരത്തിലേക്ക് കൊണ്ടു പോയി മകനായി വളര്‍ത്തി. അധികം താമസിയാതെ രാജാവിന് ഒരു മകന്‍ ജനിച്ചു. ആയോധന കലയിലും വിദ്യയിലും നിപുണനായ മണികണ്ഠനെ യുവ രാജാവായി വാഴിക്കാനായിരുന്നു പന്തളം രാജാവിന്റെ ആഗ്രഹം. എന്നാല്‍ മന്ത്രി ഇതിനെ ചെറുക്കാനുള്ള തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തു, ഇതിനായി രാജ്ഞിയെ വശത്താക്കുകയും, അവരുടെ ഗൂഢ പദ്ധതി പ്രകാരം രാജ്ഞി വയറു വേദന അഭിനയിക്കുകയും കൊട്ടാര വൈദ്യന്‍ പുലി പാല്‍ മരുന്നായി നിശ്ചയിക്കുകയും ചെയ്തു. പുലിപ്പാല്‍ കൊണ്ടു വരാനും മഹിഷിയെയും വധിക്കാനുമായി മണികണ്ഠന്‍ വനത്തില്‍ എത്തി. മഹിഷിയെ വധിച്ച് പുലിമേലേറി, പുലിപ്പാലുമായി മണികണ്ഠന്‍ വിജയശ്രീ ലാളിതനായി മടങ്ങി എത്തി. തുടര്‍ന്ന് പന്തളം രാജാവ് ഭരണം ഏറ്റെടുക്കാന്‍ അഭ്യര്‍ത്ഥന നടത്തിയെങ്കിലും അവതാര ലക്ഷ്യം പൂര്‍ത്തിയാക്കി മണികണ്ഠന്‍ വനത്തിലേയ്ക്കു പോയി. ദുഖിതനായ രാജാവ് വര്‍ഷത്തില്‍ ഒരു തവണയെങ്കിലും തന്നെ കാണാന്‍ വരണമെന്ന് ആവിശ്യപ്പെട്ടു എന്നാല്‍ ഇനി എന്നെ കാണണം എങ്കില്‍ ഞാന്‍ എയ്യുന്ന ശരം വീഴുന്ന സ്ഥലത്ത് വന്നാല്‍ മതിയെന്നായി മണികണ്ഠന്‍. അമ്പ് വീണ സ്ഥലമായ ശബരി മലയില്‍ രാജാവ് ക്ഷേത്രം നിര്‍മ്മിച്ചു. അയ്യപ്പനോട് മന്ത്രി ചെയ്ത പാപത്തില്‍ നിന്നും മുക്തി നേടാനാണ് 41 ദിവസത്തെ വ്രതവും വര്‍ഷം തോറുമുള്ള തീര്‍ത്ഥ യാത്രയും എന്നാണ് ഐതിഹ്യം.
ശാസ്താവ്, ധര്‍മ്മ ശാസ്ത,ഹരിഹര സുതന്‍, മണി കണ്ഠന്‍, അയ്യനാര്‍, ഭൂത നാഥന്‍ ശബരിഗിരീശ്വരന്‍ തുടങ്ങിയ ഒട്ടനവധി പേരുകളിലറിയപ്പെടുന്ന അയ്യപ്പനെ കേരളത്തില്‍ പല രീതിയിലാണ് ആരാധിക്കുന്നത്. കുളത്തൂപ്പുഴയില്‍ ബാലനാണ്, അച്ഛന്‍ കോവിലില്‍ ആണ്ടവനും, ആര്യങ്കാവില്‍ അയ്യനും. ജാതി മത ഭേദമന്യേ ആര്‍ക്കും പ്രവേശിക്കാവുന്ന അമ്പലമായ ശബരി മലയില്‍ വരുന്നവരെല്ലാം അയ്യപ്പന്മാരും മാളികപ്പുറങ്ങളും. പതിനെട്ടാം പടി കയറി ചെല്ലുമ്പോള്‍ പ്രവേശന കവാടത്തിനു മുകളില്‍ എഴുതിയിരിക്കുന്ന പോലെ തത്വമസി (അത് നീയാകുന്നു). തത് (അത്, ആ പരമ ചൈതന്യം, ഈശ്വരന്‍), ത്വം (നിന്റെ ഉള്ളില്‍ നീയായിരിക്കുന്ന ചൈതന്യം തന്നെ), അസി (ആകുന്നു).
കാട്ടിലൂടെയും മലയിലൂടെയും ശരണം വിളിച്ച് നടക്കുന്നത് ഭക്തന് അനിര്‍വചനീയമായ സന്തോഷവും ഊര്‍ജ്ജവും നല്‍കുന്നു, മല കയറ്റം ആയാസം ഇല്ലാത്തതുമാക്കുന്നു. ഉറക്കെ ശരണം വിളിച്ച് കൂടുതല്‍ വായു ഉള്ളിലേക്ക് വലിച്ചു കയറ്റുന്നത് വലിയ ഉന്മേഷമുണ്ടാക്കും. ഉള്ളിലെ വായുവിനെ ക്ഷോഭിപ്പിക്കുന്നതും വായുവിന്റെ സ്വതന്ത്രമായ പോക്കു വരവിനെ തടയുന്നതുമായ ദോഷങ്ങളെ ശരണം വിളി ഇല്ലായ്മ ചെയ്യും, മാലിന്യങ്ങള്‍ സംസ്‌കരിക്കപ്പെടും. കൂട്ടത്തോടെ ശരണം വിളിക്കുന്നതു കൊണ്ട് അന്തരീക്ഷത്തില്‍ സവിശേഷമായ ആത്മീയ ശബ്ദ പ്രപഞ്ചം സംഭവിക്കുകയും ചെയ്യും. അത് നാദ ബ്രഹ്മത്തില്‍ ഉണ്ടാക്കുന്ന ചലനം സവിശേഷമായിട്ടുള്ളത് ആണ്. ശരണത്തിലെ ‘ശ’ എന്ന അക്ഷരം ശത്രു ദോഷങ്ങളെ ഇല്ലാതാക്കുന്നു എന്ന് പ്രമാണം. ‘ര’ അറിവിന്റെ അഗ്‌നിയെ ഉണര്‍ത്തുന്നു. ‘ണ’ ശാന്തിയെ പ്രദാനം ചെയ്യുന്നു. ശരണം വിളി കാട്ടില്‍ ദുഷ്ട മൃഗങ്ങളെ അകറ്റുന്നതു പോലെ മനസ്സിലെ ദുഷ്ട ചിന്തകളേയും അകറ്റുന്നു.
അയ്യപ്പന്റെ ഉറ്റ മിത്രമായി ഐതിഹ്യത്തില്‍ നിറഞ്ഞു നില്‍ക്കുന്ന വാവരുടെ പള്ളിയില്‍ ദര്‍ശനം നടത്തിയ ശേഷം മാത്രമേ അയ്യപ്പ ഭക്തന്മാര്‍ പതിനെട്ടാം പടി ചവിട്ടാവൂ എന്നൊരു വിശ്വാസമുണ്ട്. മത സൗഹാര്‍ദ്ദത്തിന്റെ ഉത്തമ ഉദാഹരണമായി വാവരുടെ പള്ളിയും അയ്യപ്പന്റെ ക്ഷേത്രങ്ങളും എരുമേലിയില്‍ നില കൊള്ളുന്നു. അയ്യപ്പനുമായി ഏറ്റുമുട്ടി പരാജയപ്പെടുകയും പിന്നീട് ഉറ്റ സുഹൃത്തായി തീരുകയും ചെയ്തയാളാണ് വാവര്‍. ഭൂതനാഥോപാഖ്യാനത്തില്‍ അംഗരക്ഷകന്റെ പേരായി പറയുന്നത് വാപരനെന്നാണ്. ബാവര്‍ മാഹാത്മ്യം എന്ന ഗ്രന്ഥത്തില്‍ മക്കം പുരയില്‍ ഇസ്മയില്‍ ഗോത്രത്തില്‍ പാത്തുമ്മയുടെ പുത്രനായാണ് വാവര്‍ ജനിച്ചതെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. മദാര്‍സാ, സിക്കന്തര്‍സാ, ഹലിയാര്‍, ബദുറുദ്ദീന്‍ എന്നിങ്ങനെ പല പേരുകളും വാവര്‍ക്ക് ഉണ്ടായിരുന്നതായും പറയുന്നു.
Post Your Comments