Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Kerala

കൈയ്യില്‍ ചില്ലറയില്ലെങ്കിലെന്താ, 500,1000 കൈക്കലാക്കി പോലീസിന്റെ വാഹന പരിശോധന

കൊച്ചി: സാധനം വാങ്ങാന്‍ പോലും കൈയ്യില്‍ ചില്ലറയില്ല. അപ്പോഴാണ് പോലീസിന്റെ വാഹന പരിശോധന. അസാധു നോട്ടിന്റെ പേരില്‍ ജനങ്ങളെ പോലീസ് ഇങ്ങനെയും ബുദ്ധിമുട്ടിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. വാഹന പരിശോധനയ്ക്കുശേഷം 500, 1000 രൂപ നോട്ടുകള്‍ നല്‍കുന്നവരെയാണു പരിശോധനാ സംഘങ്ങള്‍ കബളിപ്പിക്കുന്നത്.

ഡിസംബര്‍ 30 വരെ സമയം കൊടുത്തിട്ടുണ്ടെങ്കിലും ആവശ്യത്തിന് ചില്ലറ ഇപ്പോഴും ജനങ്ങളുടെ കൈകളില്‍ എത്തിയിട്ടില്ല. ഇതിനിടയിലാണ് പരിശോധനയുടെ പേരില്‍ സ്വന്തം കീശ വീര്‍പ്പിക്കാന്‍ ചില പൊലീസുകള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ഹെല്‍മറ്റ് വയ്ക്കാതെയും മറ്റും സഞ്ചരിക്കുന്ന യാത്രക്കാരെ പരിശോധനയുടെ പേരില്‍ പിടിച്ചു നിര്‍ത്തുന്ന ഇവര്‍ പിഴയായി നൂറു രൂപ ആവശ്യപ്പെടും.

ചില്ലറ നല്‍കാന്‍ ഇല്ലാത്ത വാഹനയാത്രക്കാര്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ എടുത്തു നല്‍കും. ഇത് അസാധുവാണെന്ന് അറിയില്ലേടായെന്നു ചോദിച്ചു വണ്ടിയെടുത്തു സ്ഥലംവിടാന്‍ പറയും. ഈ പൈസ പോലീസിന്റെ കൈകളിലുമാകും. മറ്റു ചില പൊലീസ് സംഘങ്ങള്‍ പരിശോധന നടത്തി പിഴയായി നൂറു രൂപ എഴുതി നല്‍കും. 500, 1000 നോട്ടുകള്‍ നല്‍കിയാല്‍ ബാക്കി സ്റ്റേഷനില്‍ വന്നു വാങ്ങിച്ചോളാന്‍ പറഞ്ഞു വിട്ടയയ്ക്കും.

ബാക്കി വാങ്ങാന്‍ ആരും സ്‌റ്റേഷന്‍ കയറി വരില്ലെന്ന കണക്കുകൂട്ടലിലാണ് ഈ നടപടി. പെറ്റി ചാര്‍ജ് ചെയ്യുന്ന സമയത്തു കയ്യില്‍ കാശില്ലെങ്കില്‍ കോടതിയില്‍ പണം പിന്നീട് അടയ്ക്കാന്‍ സൗകര്യമുണ്ട്. എന്നാല്‍ പല പോലീസുകാരും പിടികൂടിയാല്‍ ഉടന്‍ പണമടയ്ക്കണമെന്ന് നിര്‍ബന്ധിക്കും. ഗ്രാമ, നഗര വ്യത്യാസമില്ലാതെയാണ് ഇക്കൂട്ടര്‍ വാഹന പരിശോധനയുടെ പേരില്‍ തട്ടിപ്പു നടത്തുന്നതെന്നാണ് ആക്ഷേപം.

തിരുവനന്തപുരം നഗരത്തില്‍ മോഡല്‍ സ്‌കൂള്‍ ജംക്ഷന്‍, വഴുതക്കാട്, ബൈപാസ്, കരമന, പൂജപ്പൂര, കുണ്ടമണ്‍കടവ്, അട്ടക്കുളങ്ങര തുടങ്ങി പല സ്ഥലങ്ങളിലും പരിശോധന നടത്തുന്നുണ്ട്. നേരായ രീതിയില്‍ പരിശോധന നടത്തുന്ന ചില ഉദ്യോഗസ്ഥരും ഇക്കൂട്ടത്തില്‍ ഉണ്ട്. ചില്ലറ നോട്ടുകള്‍ ലഭിക്കുന്നതു വരെ ഇത്തരം പരിശോധനകള്‍ നിര്‍ത്തിവച്ചാല്‍ ജനത്തിന് ഉപകാരമായിരിക്കുമെന്നു വാഹനയാത്രക്കാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button