NewsIndia

മോദിയുടെ പുതിയ സാമ്പത്തിക പരിഷ്കരണം- സര്‍ക്കാരിന് 3 ലക്ഷം കോടിയുടെ നേട്ടം

 

ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നിലവിലുള്ള കറന്‍സികള്‍ നിരോധിച്ചുകൊണ്ട് നരേന്ദ്ര മോദി നടത്തിയ കറന്‍സി ‘ സര്‍ജിക്കല്‍ സ്‌ട്രൈക് ‘ സര്‍ക്കാരിനുണ്ടാക്കുന്നത് 3 ലക്ഷം കോടി രൂപയുടെ നേട്ടം എന്ന് റിപ്പോർട്ടുകൾ.കള്ളപ്പണത്തിന് തടയിടാനും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും വ്യാജകറന്‍സി പാടെ ഇല്ലാതാക്കാനും മാത്രമുള്ളതായിരുന്നില്ല പൊടുന്നനെയുള്ള ഈ സാമ്പത്തിക വിപ്ലവം എന്ന് സൂചനകൾ.ഐസ് ലാൻഡ് എന്ന ചെറുരാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉതപാദനത്തിന്റെ മൂന്നുമടങ്ങുവരുന്ന തുകയാണ് ഒറ്റയടിക്ക് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് നേട്ടമാകുന്നത്.

മുംബൈ ആസ്ഥാനമായ ബ്രോക്കറേജ് സ്ഥാപനമായ എഡ്ല്‍വീസ് സെക്യൂരിറ്റീസ് ആണ് ഈ പ്രവചനം നടത്തിയിരിക്കുന്നത്. ഇന്ത്യന്‍ ബജറ്റിനോട് 45 ബില്യണ്‍ ഡോളര്‍ (ഏതാണ്ട് മൂന്നു ലക്ഷം കോടി രൂപ) കൂട്ടിച്ചേര്‍ക്കാന്‍ കഴിയുമെന്നാണ് ഇവരുടെ പ്രവചനം. മോദിയുടെ നീക്കം കള്ളപ്പണം കറന്‍സിയായി സൂക്ഷിക്കുകയും ദൈനംദിന കച്ചവടങ്ങളില്‍ ഉപയോഗിക്കുകയും ചെയ്യുന്നവര്‍ക്ക് വന്‍ തിരിച്ചടിയാകുമെന്നാണ് സാമ്പത്തികവിദഗ്ധരില്‍ ഭൂരിഭാഗത്തിന്റെയും വിലയിരുത്തല്‍. പക്ഷേ മൂന്നുലക്ഷം കോടിയല്ല മറിച്ച്‌ നാലര ലക്ഷം കോടി രൂപയുടെ നേട്ടമാണ് ഇന്ത്യക്കുണ്ടാവുകയെന്നാണ് ഐ സി ഐസി ഐ സെക്യൂരിറ്റീസിന്റെ പ്രവചനം.

വൈകീട്ട് ഏഴുമണിയോടെ ക്യാബിനറ്റ് മീറ്റിങ് വിളിച്ചപ്പോള്‍ എത്തിയ മന്ത്രിമാരില്‍ ചില സീനിയര്‍ മന്ത്രിമാര്‍ക്കുമാത്രമേ ഇതേപ്പറ്റി അറിവുണ്ടായിരുന്നുള്ളു. ക്യാബിനറ്റ് മീറ്റിംഗിനെത്തിയ മന്ത്രിമാരെ പോലും പുറത്തുവിടാതെ പിടിച്ചിരുത്തിയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്.ക്യാബിനറ്റ് മീറ്റിംഗില്‍ ഈ അനൗണ്‍സ്മെന്റിന്റെ കാര്യം വെളിപ്പെടുത്തിയ ശേഷം രാഷ്ട്രപതിയെ മാത്രം ഇക്കാര്യം അറിയിക്കുകയും പിന്നീട് രാഷ്ട്രത്തോട് വിവരം പ്രഖ്യാപിക്കുകയുമായിരുന്നു. 17.8 ലക്ഷം കോടിയുടെ കറന്‍സിയാണ് രാജ്യത്ത് സര്‍ക്കുലേറ്റ് ചെയ്യപ്പെടുന്നതെന്നാണ് കണക്ക്. ഇതിന്റെ 86 ശതമാനം പിന്‍വലിച്ച്‌ പകരം പുതിയത് നല്‍കുകയെന്ന വലിയ ഉത്തരവാദിത്തമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇത്രയും തുക മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിച്ച്‌ പകരം പുതിയത് നല്‍കുമ്പോള്‍ സമയമെടുക്കുന്നതും സര്‍ക്കാരിന് വലിയ ഗുണംചെയ്യും.

2014ല്‍ പാക്കിസ്ഥാനില്‍ നിന്ന് ബംഗ്ളാദേശ് വഴി ഇന്ത്യയിലേക്ക് കടത്തിയപ്പോള്‍ പിടികൂടിയത് 1.79 ലക്ഷം രൂപയുടെ വ്യാജനോട്ടുകളായിരുന്നു. രാജ്യത്ത് ഏതാണ്ട് 4,000 കോടി രൂപയുടെ വ്യാജ നോട്ടുകള്‍ രാജ്യത്ത് കൈമാറ്റം ചെയ്യപ്പെടുന്നതായും വര്‍ഷംതോറും ഇതില്‍ 70 കോടി രൂപയുടെ കള്ളനോട്ട് സമ്പദ് വ്യവസ്ഥയുടെ ഭാഗമായി മാറുന്നതായും ആണ് സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുള്ളത്. വന്‍കിട കള്ളപ്പണക്കാർ തത്കാലം രക്ഷപെട്ടിരിക്കുകയാണ്. കുഴല്‍പ്പണം, ഹവാല തുടങ്ങിയ ഇടപാടുകാര്‍ക്കാണ് വന്‍ തിരിച്ചടിയാകുക.2013ല്‍ കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ അവസാനകാലത്ത് ഇന്ത്യന്‍ രൂപയുടെ വില അമേരിക്കന്‍ ഡോളറിനെതിരെ വളരെ വലിയ തോതില്‍ ഇടിഞ്ഞിരുന്നു. ഇത് പിടിച്ചുനിര്‍ത്താന്‍ മന്മോഹന്‍ സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഒരു രക്ഷയുമുണ്ടായില്ല.

ഒടുവില്‍ അന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജനാണ് പ്രവാസികളില്‍ നിന്ന് വന്‍ പലിശ നല്‍കി നിക്ഷേപം സ്വീകരിക്കുക വഴി വിദേശനാണ്യം ഇന്ത്യയിലെത്തുന്നത് രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ സഹായകമാകും എന്ന വഴി നിർദ്ദേശിച്ചത്.അന്ന് സഹായമായത് പ്രവാസികളുടെ പണമാണ്.മൂന്നുവര്‍ഷം കാലാവധിക്ക് അന്ന് വാങ്ങിയ പണം ഈവര്‍ഷം ഡിസംബര്‍ 31നകം വിദേശ ഇന്ത്യക്കാര്‍ പിന്‍വലിക്കും. ഇത് ഇന്ത്യ ഈ വരുന്ന അമ്പതു ദിവസങ്ങളില്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ്. മൂന്നുലക്ഷം കോടിയോളം രൂപയാണ് വിദേശ ഇന്ത്യക്കാരില്‍ നിന്ന് വാങ്ങി 18 ശതമാനം പലിശയോടെ ഈ വരുന്ന ഡിസംബര്‍ 31നകം തിരികെ നല്‍കേണ്ടത്. ഇത് കൊടുത്ത് തീർക്കാൻ സാധിക്കുമെന്നതാണ് നേട്ടമായി കണക്കാക്കപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button