ഡൽഹി: രാജ്യത്ത് 500, 1000 രൂപയുടെ പഴയ നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി. ഡൽഹി സ്വദേശിയായ അഭിഭാഷകന് വിവേക് നാരായണ്‍ ശര്‍മ്മയാണ് സര്‍ക്കാര്‍ നടപടിയ്ക്കെതിരെ കോടതിയിൽ ഹർജി നൽകിയത്. സര്‍ക്കാര്‍ തീരുമാനം പൊതുജനത്തിന് വലിയ അസൗകര്യം സൃഷ്ടിക്കുന്നതാണെന്നും അതുകൊണ്ട് അടിയന്തരമായി പരിഗണിക്കണമെന്നും അഡ്വ. സംഗം ലാല്‍ പാണ്ഡെ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ പുതിയ നോട്ടുകള്‍ മാറിനല്‍കുന്നതിന് കൂടുതല്‍ സമയം അനുവദിക്കുകയോ, സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുകയോ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
എന്നാല്‍ ഹര്‍ജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പ്രസ്താവിച്ചു. ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് കൂടി കേള്‍ക്കണമെന്ന കേന്ദ്രധനമന്ത്രാലയത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു. തുടര്‍ന്ന് കേന്ദ്രത്തിന്റെ തടസ്സവാദങ്ങള്‍ കൂടി കേള്‍ക്കുന്നതിനായി ഹര്‍ജി പരിഗണിക്കുന്നത് അടുത്ത ചൊവ്വാഴ്ചയിലേക്ക് മാറ്റി.
നോട്ടുകള്‍ അസാധുവാക്കിയതിനെതിരെ ബോംബെ ഹൈക്കോടതിയിലും ഹര്‍ജി ലഭിച്ചിട്ടുണ്ട്. ഒരുസംഘം അഭിഭാഷകരാണ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ദീപാവലി അവധിക്ക് ശേഷം റഗുലര്‍ ബെഞ്ചിനെ സമീപിക്കാന്‍ ജസ്റ്റിസ് എംഎസ് കാര്‍നിക് പരാതിക്കരോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഈ മാസം 15 ന് പുതിയ പരാതി ഫയല്‍ ചെയ്യുമെന്ന് പരാതിക്കാര്‍ വ്യക്തമാക്കി.
Post Your Comments