ഇസ്ലാമാബാദ്: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡൊണാള്‍ഡ് ട്രംപിനെ തിരഞ്ഞെടുത്തതിന്റെ ഞെട്ടലില്‍ നിന്നും മിക്കവരും മുക്തരായിട്ടില്ല.ട്രംപ് വന്നതോടെ അമേരിക്ക ഇന്ത്യയുമായി കൂടുതല്‍ അടുക്കുന്നതില്‍ പാകിസ്ഥാന് ആശങ്കയിലാണെന്നാണ് വിലയിരുത്തല്‍. മുസ്ലീം വംശജരെ അമേരിക്കയില്‍ പ്രവേശിപ്പിക്കില്ലെന്ന ട്രംപിന്റെ പ്രസ്താവനയും അദ്ദേഹത്തിന് ഇന്ത്യയുമായുള്ള കച്ചവട ബന്ധവും അമേരിക്കയെ ഇന്ത്യയോട് കൂടുതല്‍ അടുപ്പിക്കുമെന്നാണ് കണക്കാക്കുന്നത്. ട്രംപ് തിരഞ്ഞെടുപ്പിന് മുൻപ് പ്രഖ്യാപിച്ചത് പോലെ പ്രവര്‍ത്തിക്കുമോയെന്ന ആശങ്കയിലാണ് പാകിസ്ഥാനും.
തീവ്രവാദികള്‍ക്ക് താവളമൊരുക്കുന്നുവെന്ന ആരോപണം നിലനില്‍ക്കുന്നത് കൊണ്ട് അമേരിക്ക പാകിസ്ഥാനുമായി അകലുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം പത്താന്‍കോട്ട്, ഉറി ഭീകരാക്രമണങ്ങളിലൂടെ വഷളായിരുന്നു.ഹിലാരി ക്ലിന്റണ് പ്രസിഡന്റ് ആകുന്നതിനേക്കാള്‍ ദോഷകരമായിരിക്കും പാകിസ്ഥാന് ട്രംപെന്നും ഈ രംഗത്തെ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. ട്രംപ് പ്രസിഡന്റായത് പാകിസ്ഥാനേക്കാള്‍ ഗുണകരമാകുന്നത് ഇന്ത്യയ്ക്കായിരിക്കുമെന്നും ഇവര്‍ പറയുന്നു.
അമേരിക്ക പാക് ബന്ധം പൂര്‍ണമായും ഉപേക്ഷിക്കില്ലെങ്കിൽ കൂടി ഇന്ത്യക്കും പാകിസ്ഥാനുമിടയിലെ കാശ്മീര്‍ പ്രശ്നത്തില്‍ ചര്‍ച്ചകള്‍ക്ക് മദ്ധ്യസ്ഥത വഹിക്കാമെന്ന് ട്രംപ് ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ട്രംപിന്റെ മുസ്ലീം വിരുദ്ധ നിലപാടുകള്‍ എങ്ങനെ പാകിസ്ഥാനെ ബാധിക്കുമെന്ന കാര്യത്തിലും പാകിസ്ഥാന് ആശങ്കയുണ്ട്.അഫ്ഗാനിസ്ഥാനിലെ 10,000 അമേരിക്കന്‍ സൈനികരെ പിന്‍വലിക്കില്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.
Post Your Comments