തിരുവനന്തപുരം: അഞ്ഞൂറ് രൂപ, ആയിരം രൂപ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയതിന് പിന്നാലെ പുതിയ രണ്ടായിരം രൂപ നോട്ടുകള്‍ വിപണിയിലിറക്കാന്‍ റിസര്‍വ് ബാങ്ക് നടപടികളാരംഭിച്ചു.
പുതുതായി അച്ചടിച്ച 2000 രൂപ,500 രൂപ നോട്ടുകള്‍ ഇതിനോടകം തന്നെ അച്ചടിശാലകളില്‍ നിന്നും റിസര്‍വ്വ് ബാങ്കിന്റെ കറന്‍സി ചെസ്റ്റുകളിലെത്തിച്ച് തുടങ്ങിയിട്ടുണ്ട്.. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഇവ രാജ്യത്തെ ബാങ്കുകളിലെത്തിക്കും.
രാജ്യത്തെ ബാങ്കുകളിലെ മേജര്‍ കറന്‍സി ചെസ്റ്റുകളിലെല്ലാം പരമ രഹസ്യമായി 2000 രൂപയുടെ നോട്ടുകള്‍ എത്തിച്ചു. എന്നുമുതല്‍ നല്‍കാമെന്ന നിര്‍ദേശം ഇതുവരെ വന്നിട്ടില്ലെങ്കിലും വ്യാഴാഴ്ച മുതല്‍ 2000 രൂപയുടെ നോട്ടുകള്‍ ലഭിച്ചുതുടങ്ങുമെന്നു കരുതുന്നു.
നിലവിലുള്ള അഞ്ഞൂറിന്റെ നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെടുക്കുന്ന മുറയ്ക്കായിരിക്കും പുതിയവയുടെ വിതരണം. 2000 രൂപയുടെ പുതിയ നോട്ടുകള്‍ വേഗംതന്നെ വിതരണം ചെയ്യാന്‍ കഴിയുന്നതു നിലവില്‍ ഇത്തരം നോട്ടുകള്‍ ഇല്ലാത്തതിനാലാണ്. വിവാഹങ്ങള്‍ക്കു സമ്മാനമായി 500, 1000 രൂപയുടെ നോട്ടുകള്‍ ലഭിച്ചാലും അവ ബാങ്കുകളില്‍ മാറ്റാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.
രണ്ട് ദിവസത്തെ അവധിക്ക് ശേഷം ബാങ്കുകള്‍ തുറക്കുമ്പോള്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ ആവശ്യമായത്ര പുത്തന്‍ നോട്ടുകള്‍ ബാങ്കുകളിലെത്തിക്കാനാണ് റിസര്‍വ്വ് ബാങ്കിന്റെ ശ്രമം.
തീര്‍ത്തും അപ്രതീക്ഷിതമായാണ് നോട്ടുകള്‍ അസാധുവാക്കിയ നടപടി കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടായതെങ്കിലും അടിയന്തരസാഹചര്യം നേരിടുവാനുള്ള തയ്യാറെടുപ്പുകള്‍ ഇതിനോടകം തന്നെ റിസര്‍വ്വ് ബാങ്ക് നടത്തിയിരുന്നുവെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
എന്നാല്‍ രാജ്യത്തെ 120കോടിയിലധികം ജനങ്ങളുടെ വിനിമയത്തിനാവശ്യമായ പണം സംഭരിക്കുവാനും വിതരണം ചെയ്യുവാനും റിസര്‍വ്വ് ബാങ്കിന് സാധിക്കുമോ എന്ന ചോദ്യം ബാക്കിയാണ്.
നോട്ടുകള്‍ അസാധുവാക്കിയ വിവരം പുറത്തു വന്നതോടെ 500,1000 രൂപ കൈയില്‍ നിന്നൊഴിവാക്കാനും നൂറ് രൂപ നോട്ടുകള്‍ പരമാവധി സ്വരൂപിക്കാനുമുള്ള നെട്ടോട്ടത്തിലാണ് ജനങ്ങള്‍.
Post Your Comments