ന്യൂഡല്‍ഹി : പാകിസ്ഥാനു നേരെ അപ്രതീക്ഷിതമായ ആക്രമണങ്ങളാണിപ്പോള്‍ ഇന്ത്യന്‍ സ്‌റ്റൈല്‍. ആദ്യം അത് അതിര്‍ത്തിയില്‍ അര്‍ധരാത്രി സൈനീകമായിട്ടായിരുന്നു. ഇപ്പോഴാകട്ടെ അതിലും കനത്ത രീതിയിലും, അതും രാത്രിയില്‍ത്തന്നെ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കപ്പെടുന്നതോടെ പാകിസ്ഥാനില്‍ നിന്നുള്ള കള്ളനോട്ട് അച്ചടിയുടെ കഴുത്തിലാണ് ഇന്ത്യ കോടാലി വച്ചിരിക്കുന്നത്. ഔദ്യോഗിക കമ്മട്ടവും കടലാസും തന്നെ ഉപയോഗിച്ച് ഇന്ത്യന്‍ കറന്‍സികള്‍ അച്ചടിച്ച് ഇന്ത്യയിലേക്കൊഴുക്കി പാകിസ്ഥാന്‍ ചാരസംഘടന ഐഎസ്‌ഐയുടെ നേതൃത്വത്തില്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതായി മൂന്നു വര്‍ഷം മുന്‍പേതന്നെ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി(എന്‍ഐഎ) കണ്ടെത്തിയിരുന്നു.
സാമ്പത്തികമായും രാഷ്ട്രീയപരമായും ഇന്ത്യക്ക് തുരങ്കം വയ്ക്കാനുള്ള പാകിസ്ഥാന്റെ ഇത്തരം നീക്കത്തിനുള്ള പ്രധാനമന്ത്രി മോദിയുടെ മറുപടി കൂടിയായി അപ്രതീക്ഷിത നോട്ടുപിന്‍വലിക്കല്‍. രാജ്യത്തെ അഴിമതി തുടച്ചുനീക്കുകയെന്നതും ലക്ഷ്യം വയ്ക്കുന്നുണ്ടെങ്കിലും ആത്യന്തികമായി കറന്‍സി പിന്മാറ്റത്തിലൂടെ തിരിച്ചടി ലഭിക്കുന്നത് പാകിസ്ഥാനും അവര്‍ വളംവച്ചു വളര്‍ത്തുന്ന ഭീകരസംഘടനകള്‍ക്കുമാണ്.
ഇന്ത്യയിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം പാകിസ്ഥാന് എവിടെ നിന്നാണു ലഭിക്കുന്നതെന്ന് ഏറെനാള്‍ തലപുകച്ചിരുന്നു നമ്മുടെ സുരക്ഷാഏജന്‍സികള്‍. തുടര്‍ന്നു നടത്തിയ കര്‍ശന നിരീക്ഷണത്തിലാണ് പാകിസ്ഥാനില്‍ അച്ചടിച്ച 500 രൂപയുടെ കള്ളനോട്ടുകള്‍ വ്യാപകമായി കണ്ടെടുത്തത്. ഇതില്‍ പാക് സര്‍ക്കാരിനും പങ്കുണ്ടെന്ന് 2013ല്‍ എന്‍ഐഎ തന്നെ വ്യക്തമാക്കിയിരുന്നു. പിടിച്ചെടുത്ത നോട്ടുകളില്‍ ഫൊറന്‍സിക് പരിശോധന ഉള്‍പ്പെടെ നടത്തിയാണ് ഇക്കാര്യം തെളിയിച്ചത്. വാട്ടര്‍ മാര്‍ക് ഉള്‍പ്പെടെയുള്ള അതീവസുരക്ഷാസംവിധാനങ്ങള്‍ സാധ്യമാക്കുന്ന അച്ചടിയന്ത്രങ്ങള്‍ ഉപയോഗിച്ചു മാത്രം അച്ചടിച്ചതായിരുന്നു നോട്ടുകളെല്ലാം.
ഇത്തരത്തിലുള്ള അച്ചടിയന്ത്രങ്ങളാകട്ടെ ഒരു രാജ്യത്തിന് ഔദ്യോഗിക നടപടിക്രമങ്ങളോടെ മാത്രംസ്വന്തമാക്കാന്‍ സാധിക്കുന്നതുമാണ്. മാത്രവുമല്ല നോട്ട് അച്ചടിക്കാനുപയോഗിക്കുന്ന കടലാസും ഔദ്യോഗികമായി ഉപയോഗത്തിനുള്ളതായിരുന്നു. ഇത് പാക് സര്‍ക്കാരിന്റെ സഹായത്തോടെ മാത്രമേ സാധ്യമാകൂവെന്നും പാര്‍ലമെന്റിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
പാകിസ്ഥാനില്‍ നിന്നുള്ള 500 രൂപാകള്ളനോട്ടുകള്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കാന്‍ മാത്രമല്ല ഇന്ത്യയുടെ സാമ്പത്തികവ്യവസ്ഥയ്ക്കു തന്നെ ഭീഷണിയാകുമെന്ന ഘട്ടവുമെത്തിയിരുന്നു. കള്ളപ്പണവും കള്ളനോട്ടുമെല്ലാം വഴി 2002നും 2011നും ഇടയില്‍ ഇന്ത്യയ്ക്ക് 400 ബില്യണ്‍ ഡോളര്‍ നഷ്ടം വന്നതായും റിപ്പോര്‍ട്ടുകളുണ്ടായി. അതോടെ കോടിക്കണക്കിനു വരുന്ന കള്ളപ്പണം തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ക്കൊപ്പം തന്നെ കള്ളനോട്ടിനെ പടികടത്താനുള്ള ശ്രമവും ഇന്ത്യ ശക്തമാക്കുകയായിരുന്നു. അതിനിടെയാണ് ഭീകരര്‍ 500 രൂപ കള്ളനോട്ട് വ്യാപകമായി ഉപയോഗിക്കുന്നെന്ന കാര്യം മോദി തന്നെ പുറത്തുവിട്ടത്. വര്‍ഷങ്ങളായി ഇത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനുപിറകെയാണ് ഇപ്പോഴത്തെ ‘സര്‍ജിക്കല്‍ സ്‌ട്രൈക്കും’.
Post Your Comments