ന്യൂഡല്‍ഹി : 1000,500 നോട്ടുകള്‍ പിന്‍വലിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പെട്ടെന്നുള്ള തീരുമാനം സാധാരണക്കാരെ ആശങ്കയിലാഴ്ത്തിയെങ്കിലും അന്തിമഫലത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി തന്നെയാണ് മോദി ലക്ഷ്യം വെച്ചത്. കള്ളപ്പണക്കാര്‍ക്ക് പൂട്ടിടുക എന്ന ലക്ഷ്യത്തോടെയാണ് മോദി പെട്ടെന്ന് തീരുമാനം കൈക്കൊണ്ടത്. ആളുകളെയും ഇടപാടുകളെയും ബാങ്കിങ് എന്ന സര്‍ക്കാരിനു നിയന്ത്രണമുള്ള സംവിധാനത്തിന്റെ കീഴില്‍ കൊണ്ടു വരുന്നതോടെ രാജ്യത്തിനു നികുതി പിരിവിലൂടെ ഉണ്ടാകുന്ന നേട്ടവും ചെറുതല്ല.
ആളുകള്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന 1000,500 നോട്ടുകള്‍ പിന്‍വലിക്കുന്നു എന്ന യാതൊരു മുന്നറിയിപ്പുമില്ലാതെയുള്ള മോദിയുടെ തീരുമാനം കേട്ടു രാജ്യം ഒന്നടങ്കം ഞെട്ടി. ‘നിത്യജീവിതത്തിന് ആവശ്യമായ 100 രൂപകള്‍’ എടുത്തു വയ്ക്കാന്‍ പോലും സമയം തരാതെ പ്രധാനമന്ത്രി എന്തു വിഡ്ഢിത്തമാണു പുലമ്പുന്നതെന്നും ആളുകള്‍ ചിന്തിച്ചു. പക്ഷേ മര്‍മപ്രധാനമായ തീരുമാനങ്ങള്‍ എങ്ങനെ പ്രഖ്യാപിക്കണമെന്ന് മോദി രാജ്യത്തെ കാണിച്ചു തരികയായിരുന്നു. അക്ഷരാര്‍ഥത്തില്‍ കള്ളപ്പണക്കാരെ വെട്ടിലാക്കുന്ന നടപടി.
പഴുതുകള്‍ എല്ലാം അടച്ചുള്ള തീരുമാനം. രാജ്യത്തെ മുഴുവന്‍ ബാങ്കിങ് സംവിധാനത്തിനു കീഴിലാക്കാനായി ആവിഷ്‌കരിച്ച പ്രധാനമന്ത്രി ജന്‍ധന്‍ യോജന പദ്ധതിയും ചെറുബാങ്കുകള്‍ക്കു നല്‍കിയ ലൈസന്‍സും ആധാറിനെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളും എല്ലാം കൂട്ടിവായിച്ചാല്‍ തീരുമാനം പെട്ടെന്നായിരുന്നു എന്ന തോന്നല്‍ ആര്‍ക്കും ഉണ്ടാകില്ല.
വ്യക്തമായ രൂപരേഖയോടു കൂടിയ കള്ളപ്പണവേട്ട– ഇതാണ് മോദിയുടെ പ്രഖ്യാപനം. ആദ്യദിനങ്ങളില്‍ കഷ്ടപ്പാടുകള്‍ അനുഭവിച്ചാലും പൊതുജനത്തിന് പ്രഖ്യാപനത്തിന്റെ തീരുമാനങ്ങള്‍ നേരിട്ട് അനുഭിക്കാന്‍ കഴിയുന്ന കാലം വിദൂരമല്ല. ഇപ്പോള്‍ വിപണികളിലുള്ള 9 ശതമാനം നോട്ടുകള്‍ വ്യാജനോട്ടുകളാണെന്നു റിസര്‍വ് ബാങ്ക് തന്നെ പറയുന്നുണ്ട്. ഈ വ്യാജനോട്ടുകളും കണക്കില്ലാത്ത കള്ളപ്പണവും മരവിക്കുമെന്നതാണ് മോദിയുടെ തീരുമാനത്തിന്റെ ഹൈലൈറ്റ്. ബാങ്കുകളിലോ പോസ്റ്റ് ഓഫിസിലോ പണം തിരിച്ചേല്‍പ്പിക്കുയല്ലാതെ നിര്‍വാഹമില്ലാത്ത സ്ഥിതി വരും. അങ്ങനെ രാജ്യത്തെ പണം മുഴുവന്‍ ബാങ്കിങ് എന്ന ഉറപ്പുള്ള, നിയന്ത്രണമുള്ള സംവിധാനത്തിനു കീഴിലാകും. സര്‍ക്കാരിന്റെ അറിവിലും കണക്കുകളിലും ഇടം പിടിക്കും.
കള്ളപ്പണ വേട്ട കൂടാതെ നേരിട്ട് നിയന്ത്രണമില്ലാത്ത പല വിഭാഗങ്ങളിലെയും പണത്തിന്റെ ഒഴുക്കിനെപ്പറ്റിയും കൃത്യമായ കണക്കുകള്‍ ഈ പദ്ധതി നടപ്പിലാകുന്നതോടെ ലഭ്യമാകും. കള്ളപ്പണം കണക്കില്ലാതൊഴുകുന്ന ബിഗ് ബജറ്റ് സിനിമകള്‍, വലിയ വലിയ റിയല്‍ എസ്റ്റേറ്റ് കച്ചവടങ്ങള്‍, സ്വര്‍ണ വ്യാപാരം തുടങ്ങിയ മേഖലകളിലെ പണം പോലും കൃത്യമായി ബാങ്കിങ് സംവിധാനത്തിലേക്കു വരും. ഈ പണത്തിന്റെ എല്ലാം നികുതി സര്‍ക്കാരിലേക്കു വന്നാല്‍ ഖജനാവിന്റെ ദാരിദ്യം തീരുകയും ചെയ്യും. രാജ്യത്തിന്റെ സാമ്പത്തികഭദ്രതയ്ക്കു വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നീട് കയ്യടി കിട്ടുമെന്ന് പ്രതീക്ഷിക്കാം
Post Your Comments