കശ്മീര്‍ : കശ്മീരില്‍ സ്‌കൂള്‍ ചലോ ഓപ്പറേഷനുമായി സൈന്യം. കുട്ടികള്‍ക്ക് സമാന്തര വിദ്യാഭ്യാസം നല്‍കുന്നതിന് വേണ്ടിയാണ് സൈന്യത്തിന്റെ പുതിയ ഇടപെടല്‍.സംഘര്‍ഷം മൂലം താഴ്‌വരയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും നാല് മാസത്തോളമായി അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലാണ് സൗത്ത്കശ്മീരില്‍ സ്‌കൂള്‍ ചലോ പദ്ധതി വ്യാപകമാക്കാന്‍ സൈന്യം ഒരുങ്ങുന്നത്. ഒരോ പ്രദേശങ്ങളിലും കുട്ടികളെ കണ്ടെത്തി പഠന പാഠ്യേതര വിഷയങ്ങളില്‍ സൗജന്യമായി പരിശീലനം നല്‍കുന്നതാണ് പുതിയ പദ്ധതി.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദി ബുര്‍ഹാന്‍ വാണി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞ ജൂലൈ 9ന് താഴ്‌വരയില്‍ സംഘര്‍ഷം പൊട്ടിപുറപ്പെട്ടത്. ഇതേ തുടര്‍ന്ന് വിഘടനവാദികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിന്റേയും അക്രമത്തിന്റേയും പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ അനിഷ്ചിതകാലത്തേയ്ക്ക് അടക്കുകയായിരുന്നു. എന്നാല്‍ സുരക്ഷാസേനയുടെ ഇടപെടല്‍ മൂലം സംഘര്‍ഷത്തിന് സംഘര്‍ഷത്തിന് അല്‍പ്പം ശമനം ഉണ്ടായെങ്കിലും സ്‌കൂളുകള്‍ക്കെതിരെ അക്രമം ഇപ്പോളും തുടരുകയാണ്. ഇതുവരെ 30ഓളം സ്‌കൂളുകളാണ് അക്രമികള്‍ അഗ്നിക്കിരയാക്കിയത്. ഇതിനിടെ വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കുന്നതിനെതിരെ വിദ്യാര്‍ത്ഥികളും രംഗത്തെത്തി. എന്നാല്‍ കുട്ടികളുടെ ജീവന്‍ അപകടത്തിലാകാന്‍ സാധ്യതയുള്ളതിനാല്‍ സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല. സ്‌കൂളുകള്‍ ലക്ഷ്യമിട്ട് മാത്രമുള്ള ആക്രമണം കൂടിയായപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണ്.
ഈ സാഹചര്യത്തിലാണ് ‘ സ്‌കൂള്‍ ചലോ ഓപ്പറേഷന്‍ ‘ വ്യാപകമാക്കാന്‍ സൈന്യം തീരുമാനിച്ചത്. ഓരോ പ്രദേശങ്ങളിലും അവിടെത്തന്നെയുള്ള അധ്യാപകരെ കണ്ടെത്തി കമ്മ്യൂണിറ്റി സെന്ററുകളിലോ മറ്റേതെങ്കിലും കേന്ദ്രത്തില്‍ വെച്ചോ കുട്ടികള്‍ക്ക് പാഠ്യപദ്ധതിയില്‍ പരിശീലനം നല്‍കും. പഠനകേന്ദ്രങ്ങളിലേയ്ക്ക് കുട്ടികളെ അയക്കാന്‍ മടിക്കുന്ന രക്ഷിതാക്കള്‍ക്ക് ബോധവത്ക്കരണ ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്.
Post Your Comments