Kerala

വടക്കാഞ്ചേരി പീഡനം: യുവതിയുടെ മൊഴി ചോര്‍ത്തി കേസ് അട്ടിമറിക്കാന്‍ ശ്രമം

തിരുവനന്തപുരം: സിപിഐഎം നേതാക്കള്‍ ഉള്‍പ്പെട്ട വടക്കാഞ്ചേരി പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമം. യുവതിയുടെ മൊഴി ചോര്‍ത്തി കേസ് അട്ടിമറിക്കാന്‍ അന്വേഷണ സംഘം ശ്രമിക്കുമെന്ന് ചൂണ്ടിക്കാട്ടി വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കര ഡിജിപിക്ക് കത്തു നല്‍കി.

പോലീസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി.ആര്‍.ബിജു തയാറാക്കിയ പട്ടികയിലുള്ളവരാണ് അന്വേഷണ സംഘത്തിലുള്ളതെന്ന് അദ്ദേഹം ആരോപിച്ചു. തന്റെ ആളുകളെ അന്വേഷണ സംഘത്തില്‍ തിരുകിക്കയറ്റി കേസ് അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ചോര്‍ത്താനാണ് ശ്രമമെന്ന് അനില്‍ കത്തില്‍ ആരോപിക്കുന്നു.

സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ നല്‍കിയ കേസ് അട്ടിമറിക്കാന്‍ നേതൃത്വം നല്‍കിയ പേരാമംഗലം സിഐയുടെ പരിധിയിലുള്ള ഉദ്യോഗസ്ഥയെയും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് വിവരങ്ങള്‍ കൃത്യമായി ചോര്‍ത്തിയെടുക്കുന്നതിനാണ്. കഴിഞ്ഞ ദിവസം നടന്ന മൊഴിയെടുപ്പിന്റെ വിശദാംശങ്ങള്‍ നിമിഷങ്ങള്‍ക്കകം സി.ആര്‍.ബിജു ഉള്‍പ്പെടയുള്ള ആളുകള്‍ക്ക് ലഭിച്ചെന്നും അനില്‍ പറയുന്നു.

മൊഴിയെടുപ്പില്‍ പരാതിക്കാരി നല്‍കിയ വിവരങ്ങള്‍ തങ്ങള്‍ക്ക് എതിരാണെന്ന് മനസിലാക്കി പരാതിക്കാരിയെയും ഭര്‍ത്താവിന്റെ മാതാപിതാക്കളെയും പങ്കെടുപ്പിച്ച് തൃശൂരില്‍ വാര്‍ത്താ സമ്മേളനം വിളിക്കാനായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാല്‍, മൊഴി ചോര്‍ത്തിയെന്ന് ചൂണ്ടിക്കാട്ടി താന്‍ പരാതി നല്‍കുന്ന വിവരമറിഞ്ഞ് ഇവര്‍ വാര്‍ത്താ സമ്മേളനം റദ്ദാക്കിയതായും അനില്‍ അക്കര അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button