തൃശൂര്‍: ഏറെ ചര്‍ച്ചാ വിഷയമായ വടക്കാഞ്ചേരി പീഡന കേസില്‍ നടപടികള്‍ തുടങ്ങി കഴിഞ്ഞു. പരാതി നല്‍കാനെത്തിയ യുവതിയെ അപമാനിച്ച പേരാമംഗലം സിഐയെ സസ്പെന്‍ഡ് ചെയ്തു. സിഐ മണികണ്ഠനെയാണ് സസ്പെന്‍ഡ് ചെയ്തത്. സിറ്റി പൊലീസ് കമ്മീഷണറാണ് നടപടിയെടുത്തത്.
പരാതിയുമായി ചെന്ന യുവതിയോട് മോശമായി പെരുമാറി, കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചു തുടങ്ങിയ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതി അട്ടിമറിയ്ക്കാന്‍ സിഐ കൂട്ടുനിന്നു എന്ന ആരോപണവും സിഐയ്ക്കെതിരെ ഉയര്‍ന്നിരുന്നു. പീഡനക്കേസില്‍ പരാതി നല്കാന് പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ആര് പീഡിപ്പിച്ചപ്പോഴാണ് കൂടുതല്‍ സുഖം തോന്നിയതെന്നുള്ള മോശമായ രീതിയിലായിരുന്നു ചോദ്യം.
നാലു പേര് പീഡിപ്പിച്ചതിനേക്കാള്‍ ക്രൂരമായ മാനസിക പീഡനമാണ് പേരാമംഗലം സിഐയില്‍ നിന്നും നേരിടേണ്ടി വന്നതെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. തുടര്‍ച്ചയായ മൂന്ന് ദിവസം ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി അപമാനിക്കുകയായിരുന്നു. വടക്കാഞ്ചേരിയില്‍ സിപിഐഎം കൗണ്‍സിലര്‍ അടക്കം നാലു പേര് ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചെന്നതാണ് കേസ്. അവതാരക ഭാഗ്യലക്ഷ്മിയാണ് വിവരം പുറംലോകത്തെ ആദ്യം അറിയിച്ചത്. തുടര്‍ന്ന് പത്ര സമ്മേളനം വിളിച്ച് യുവതികള്‍ സംഭവം വെളിപ്പെടുത്തുകയായിരുന്നു.
Post Your Comments