തിരുവനന്തപുരം: ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയ്ക്ക് അഭിമാനമാവുകയാണ് ചൊവ്വ പഠനത്തിനയച്ച മംഗള്യാന്. ഏറെ പ്രതീക്ഷകളോടെ ഇന്ത്യ നോക്കിക്കണ്ട മംഗള്യാന് കഴിഞ്ഞ മൂന്ന് വര്‍ഷമായി അതിന്റെ പ്രവര്‍ത്തനം വിജയകരമായി തുടരുകയാണ്.
2013ല്‍ തൊടുത്തുവിട്ട മംഗള്യാന് ഇപ്പോഴും ചിത്രങ്ങളും ഡാറ്റകളും അയയ്ക്കുന്നു. പ്രതീക്ഷിച്ചതിലുമേറെ വിജയമാണ് മംഗള്യാന് നല്‍കിയതെന്ന് ഐ.എസ്.ആര്.ഒയും പറയുന്നു. മംഗള്‍യാന്റെ ഗവേഷണത്തെ കളിയാക്കിയ പശ്ചാത്യമാധ്യമങ്ങളൊക്കെ ഇപ്പോള്‍ ഇന്ത്യയുടെ ഈ ചരിത്ര നേട്ടം നോക്കികാണുകയാണ്.
സെപ്റ്റംബര്‍ 24ന് മംഗള്യാന് ചൊവ്വയ്ക്ക് ചുറ്റുമുള്ള ഭ്രമണത്തില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കി. കളര്‍ ക്യാമറ, മീഥെയ്ന്‍ സെന്‍സര്‍, തെര്‍മല്‍ ഇന്‍ഫ്രാറെഡ് ഇമേജിങ് സ്പെക്ട്രോമീറ്റര്‍, ആല്‍ഫാ ഫോട്ടോമീറ്റര്‍, എക്സോഫെറിക് ന്യൂട്രല്‍ കോംപോസിഷന്‍ അനലൈസര്‍ തുടങ്ങി അഞ്ച് ഉപകരണങ്ങളാണ് മംഗള്‍യാനിലുള്ളത്. ഇതില്‍ നിന്നെല്ലാം ഇപ്പോഴും ഡാറ്റകള്‍ കിട്ടുന്നുണ്ട്. ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് അസ്ട്രോ ഫിസിക്സ് ഡയറക്ടര്‍ ഡോ. സോമാങ്ക് റായ് ചൗധരിയുടെ നേതൃത്വത്തിലുള്ള ആറംഗസംഘം കഴിഞ്ഞവര്‍ഷം കിട്ടിയ വിശദാംശങ്ങളും ചിത്രങ്ങളും ക്രോഡീകരിച്ച് പഠനം നടത്തുകയാണ്. റിപ്പോര്‍ട്ട് വന്നശേഷം അത് ശാസ്ത്രനേട്ടങ്ങളായി പ്രസിദ്ധീകരിക്കും.
ചൊവ്വയുടെ ചുരുളഴിക്കാന്‍ 5 ഉപകരണങ്ങളുമായി എത്തിയ പേടകം മൂന്ന് വര്‍ഷമായി ഈ ദൗത്യം തുടരുകയാണ്. ചൊവ്വാഗ്രഹത്തെ കുറിച്ച് ഒട്ടനവധി വിവരങ്ങൾ ശേഖരിച്ചു അയക്കാൻ മംഗൾയാനു സാധിച്ചു. ചൊവ്വയുടെ ലോലമായ അന്തരീക്ഷത്തെ പ്പറ്റിയുള്ള നിര്‍ണായക വിവരങ്ങളും ഇതിൽ ഉൾപ്പെടുന്നു. മംഗള്‍യാനിലെ ഉപകരണങ്ങളിലൊന്നായ മാര്‍സ് കളര്‍ ക്യാമറ എടുത്ത ചിത്രങ്ങളാണ് പുറത്തുവിട്ടത്. വാല്‍സ് മാറിനറിസ് എന്നറിയപ്പെടുന്ന താഴ്വരയുടെ ചിത്രമാണ് ഇവയില്‍ ഏറെ ശ്രദ്ധേയം. ചൊവ്വയുടെ മധ്യഭാഗത്തുനിന്ന് ആരംഭിക്കുന്ന ഈ ഭാഗത്തിന് 4000 കിലോമീറ്റര്‍ നീളവും 200 കിലോമീറ്റര്‍ വീതിയുമുണ്ട്. ഈ മലയിടുക്കിന് ചിലയിടങ്ങളില്‍ ഏഴു കിലോമീറ്റര്‍ ആഴവുമുണ്ട്. 24,000 കിലോമീറ്റര്‍ അകലെനിന്ന് കൃത്യതയോടെ എടുത്ത ചിത്രം മാര്‍സ് കളര്‍ ക്യാമറയുടെ ശേഷികൂടി തെളിയിക്കുന്നതാണ്. ഇവിടെത്തന്നെയുള്ള ഇയോസ് കേവോസ്, നോക്ടിസ് ലബറിന്തസ് തുടങ്ങിയ പ്രത്യേക ഭാഗങ്ങളുടെ ചിത്രങ്ങളും ലഭിച്ചു. 4043 കിലോമീറ്ററിനു മുകളില്‍നിന്നാണ് ഇവ പകര്‍ത്തിയത്. അഗ്നിപര്‍വതങ്ങളില്‍നിന്ന് ഉരുകിയൊലിച്ച ലാവ രൂപപ്പെട്ടതാണ് ഇവയെന്നാണ് നിഗമനം. ചില ഭാഗങ്ങളില്‍ ടണല്‍പോലെയുള്ള ഭാഗങ്ങളും കാണാം.
2014 സെപ്റ്റംബര്‍ 24നാണ് മംഗള്യാന് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. 2013 നവംബര്‍ അഞ്ചിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍നിന്നായിരുന്നു വിക്ഷേപണം. വിക്ഷേപണ വാഹനമായ പിഎസ്എല്‍വിഎക്സ് എല്‍സി25 റോക്കറ്റാണ് പേടകത്തെ ആദ്യഭ്രമണപഥത്തില്‍ എത്തിച്ചത്. ഭൂമിയുടെ ഭ്രമണപഥത്തില്‍ ഒരുമാസത്തോളം നിലനിര്‍ത്തിയ പേടകത്തിന്റെ ഭ്രമണപഥം ഘട്ടംഘട്ടമായി ഏഴുതവണ ഉയര്‍ത്തുകയും തുടര്‍ന്ന് ചൊവ്വയെ ലക്ഷ്യമാക്കി തൊടുത്തുവിടുകയുമായിരുന്നു. 300 ദിവസത്തെ യാത്രയ്ക്കൊടുവില്‍ പേടകം ലക്ഷ്യംകണ്ടതോടെ ആദ്യ ദൗത്യത്തില്‍ ചൊവ്വയുടെ ഭ്രമണപഥം തൊടുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി.
ഇതിനിടെ രണ്ടാം ഘട്ട ചൊവ്വാ ദൗത്യത്തിനും ഇന്ത്യ തയ്യാറെടുക്കുന്നുണ്ട്. മംഗള്‍യാനിന്റെ രണ്ടാംദൗത്യം 2018 മാര്‍ച്ചില്‍ തുടങ്ങും. ആദ്യത്തെക്കാള്‍ ഏഴിരട്ടി ഭാരം കൂടുതലുള്ള പേടകമാണ് ഈ ഘട്ടത്തില്‍ വിക്ഷേപിക്കുക. മംഗള്യാന് ഒന്നിന്റെ ഭാരം 1350 കിലോയായിരുന്നു. കുറഞ്ഞ ചെലവിലാണ് ഇന്ത്യ മംഗള്യാന് വിക്ഷേപിച്ചത്.
Post Your Comments