മൈസൂരു : ഭിക്ഷാടകരുടെയും മറ്റും കുഞ്ഞുങ്ങളെ തട്ടിയെടുത്തു വില്‍ക്കുന്ന റാക്കറ്റിനു നേതൃത്വം നല്‍കിയതു വ്യാജ ഡോക്ടറായ മലയാളി വനിതയെന്നു പൊലീസ്. ഉഷ ഫ്രാന്‍സിസ് എന്ന ഈ സ്ത്രീയടക്കം ആറു പേര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഉഷയുടെ ഭര്‍ത്താവ് ഫ്രാന്‍സിസ് ഇന്നലെ കുഞ്ഞിനെ മരുന്നുപെട്ടിയിലാക്കി കൊണ്ടുപോകവെ നഞ്ചന്‍ഗുഡില്‍ പിടിയിലായി.
ഉഷ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് കഴിഞ്ഞു മൈസൂരു മണ്ഡി മൊഹല്ല പുലികേശി റോഡില്‍ ക്ലിനിക് നടത്തുകയായിരുന്നു. ഇവിടത്തെ രണ്ടു നഴ്‌സുമാരും മറ്റ് ആശുപത്രികളിലെ രണ്ടു ഡ്രൈവര്‍മാരും സര്‍ക്കാര്‍ ആശുപത്രിയിലെ സോഷ്യല്‍ വര്‍ക്കറുമാണു കഴിഞ്ഞദിവസം അറസ്റ്റിലായ മറ്റുള്ളവര്‍.
വിദേശികള്‍ക്കും മലയാളികള്‍ക്കുമടക്കം ഇരുപതിലേറെ കുഞ്ഞുങ്ങളെ വിറ്റതായാണു സംശയം. ദരിദ്ര സ്ത്രീകള്‍ക്കു പ്രസവ ശുശ്രൂഷ നടത്തിയ ശേഷം കുഞ്ഞുങ്ങളെ വിലപേശി വാങ്ങിയിട്ടുമുണ്ട്. മൈസൂരുവിന്റെ സമീപ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചതായി എസ്പി രവി ഡി.ചന്നവര്‍ അറിയിച്ചു. ഏപ്രിലില്‍ നഞ്ചന്‍ഗുഡില്‍ നിന്നു മൂന്നുവയസ്സുകാരനെ കാണാതായ കേസിലെ അന്വേഷണമാണു റാക്കറ്റിലേക്കു വഴിതുറന്നത്. ഭിക്ഷാടകരുടെ മക്കളും അനാഥ കുട്ടികളുമായിരുന്നു പ്രധാന ഇരകള്‍. കുട്ടികളെ നഷ്ടപ്പെട്ട എല്ലാവരും പരാതി നല്‍കിയിട്ടില്ല. അന്വേഷണത്തിനു വനിതാ ശിശുക്ഷേമ വകുപ്പിന്റെയും ബാലമന്ദിരങ്ങളുടെയും സഹായവും പൊലീസ് തേടുന്നു.
Post Your Comments