അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാൻ ഇരിക്കെ ആലപ്പോ ആക്രമിക്കാൻ വേണ്ട ആയുധങ്ങളുമായി റഷ്യൻ സേന വെള്ളിയാഴ്ച. സിറിയൻ തീരത്തെത്തിയതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
മൂന്നു അന്തർവാഹിനികൾ, കാലിബർ ക്രൂസ് മിസൈലുകൾ, പോർവിമാനങ്ങൾ എല്ലാം ഈ സംഘത്തിനൊപ്പം എത്തിയിട്ടുണ്ട്. മെഡിറ്റേറിയൻ തീരമിപ്പോൾ റഷ്യൻ സേനയുടെ നിരീക്ഷണത്തിലാണ്.
1991 ലെ ഗൾഫ് യുദ്ധത്തിനു ശേഷം ആദ്യമായാണ് കൃത്യതയാർന്ന മിസൈലുകള്‍ റഷ്യ വ്യോമാക്രണത്തിനായി ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷം സിറിയയില്‍ വ്യോമാക്രമണം നടത്താനുപയോഗിച്ച കാലിബർ ക്രൂയിസ് മിസൈലുകൾ തന്നെയാണ് ഇപ്പോഴും റഷ്യയുടെ പ്രധാന ആയുധം. 2000 കിലോമീറ്റർ താണ്ടാനാകുമെന്നതാണ് മിസൈലിന്റെ സവിശേഷത. ടാര്‍ഗറ്റിനെ അനുസരിച്ച് ഇതിന്റെ പരിധി വ്യത്യാസപ്പെടുത്താനും സാധിക്കും. മുന്‍പ് സിറിയയെ ആക്രമിക്കുന്നതിനായി ക്യാസ്പിയൻ കടലിൽ നിന്നും വിക്ഷേപിച്ച ഈ മിസൈൽ സഞ്ചരിച്ചത് 1,500 കിലോമീറ്റർ (932 മൈൽ) ആണ്. ഐസിസ് തീവ്രവാദികളുടെ കീഴിലായിരുന്ന സിറിയയുടെ റാഖ്, ആലേപ്പോ പ്രവിശ്യകളിൽ ഏറ്റവുമധികം നാശനഷ്ടമുണ്ടാക്കിയത് ഈ മിസൈലുകളായിരുന്നു. അൽക്വയ്ദയുടെ അധീനതയിലായിരുന്ന ഇദ്‌ലിബ് പ്രവിശ്യയിലും ഈ മിസൈൽ വൻ നാശമാണു വിതച്ചത്.
പല തവണ പരീക്ഷിച്ചു വിജയിച്ച തങ്ങളുടെ കാലിബർ ക്രൂയിസ് മിസൈലുകൾ, ക്ലബ് എന്ന പേരിലാണു റഷ്യ മറ്റു രാജ്യങൾക്കു നൽകുന്നത്. വിയറ്റ്നാം, ഇന്ത്യ എന്നീ രാജ്യങ്ങൾ ഈ മിസൈലിന്റെ സേവനം നിലവിൽ ഉപയോഗിക്കുന്നുണ്ട്. തങ്ങളുടെ മിസൈൽ ടെക്നോളജി ദശാബ്ദങ്ങൾ പിന്നിലാണെന്നു പറഞ്ഞു കളിയാക്കുന്ന യൂറോപ്പ്, അമേരിക്ക രാജ്യങ്ങൾക്ക് റഷ്യയുടെ മറുപടിയാണ് ഈ മിസൈൽ. പുതിയ മിസൈൽ ടെക്നോളജി നാറ്റോ രാജ്യങ്ങൾക്കു മുന്നിൽ ഒരിക്കൽകൂടി പ്രദര്‍ശിപ്പിക്കുക എന്ന ലക്ഷ്യവും ഈ ആക്രമണത്തിന്റെ പിന്നിലുണ്ട്.
മിസൈൽ ടെക്നോളജിയിൽ മാത്രമല്ല. പുതിയ ബോംബ് ടെക്നോളജിയും റഷ്യ പരീക്ഷിക്കാൻ പോകുകയാണ്. അമേരിക്കയുടെ സിബിയു-105 നു പകരം വയ്ക്കാവുന്ന ബോംബാണു റഷ്യയുടെ ആർ ബികെ-500 എസ്പിബിഇ-ഇ. പേര് പോലെ തന്നെ 500 കിലോ സ്ഫോടകവസ്തുവിന്റെ പ്രഹര ശേഷിയുള്ളതാണ് ഈ ബോംബ്. വെവ്വേറെ സെൻസറുകളോടു കൂടി ഇതിലടങ്ങിയിരിക്കുന്ന 15 ചെറുബോംബുകൾക്ക് 15 ടാങ്കുകൾ നശിപ്പിക്കാൻ തക്ക ശേഷി ഉണ്ടെന്നാണ് ടെക് വിദഗ്ധർ പറയുന്നത്.
ഒരു യുദ്ധവിമാനത്തിൽ ആറ് ആർബികെ. -500 ബോംബുകൾ നിറയ്ക്കാനാകും. അതായത് ഏകദേശം 90 ടാങ്കുകൾ (ഏകദേശം രണ്ടു റെജിമെന്റ്സ്) പൂർണമായും നശിപ്പിക്കാൻ ഒരു യുദ്ധവിമാനത്തിനു കഴിയും. കൂടാതെ മനുഷ്യനെയും ഉപകരണങ്ങളെയും തിരിച്ചറിഞ്ഞ് ലക്ഷ്യം നിയന്ത്രിക്കാനാകുമെന്നതിനാൽ മനുഷ്യവാസമുള്ള സ്ഥലങ്ങളിൽ ഇത് അപകടം വിതയ്ക്കാത്തത് മറ്റൊരു പ്രധാനപെട്ട സവിശേഷതയാണ്.
ഭീകര ആക്രമണത്തിന്റെ പേരിൽ റഷ്യക്ക് തങ്ങളുടെ ഈ സ്മാർട്ട് ബോംബുകൾ എല്ലാം തന്നെ പരിശോധിക്കാനുള്ള ഒരു പരീക്ഷണ പ്രതലം ആയി മാറിയിരിക്കുകയാണ് സിറിയ.
Post Your Comments