റിയാദ്: നാലു മാസമായി തൊഴിലാളികള്‍ക്ക് വേതനം നല്‍കാതെ ബുദ്ധിമുട്ടിലാക്കിയ ആശുപത്രിക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം രംഗത്ത്. നിരന്തരം ആവശ്യപെട്ടിട്ടും വേതനം നല്‍കാത്തതിനെ തുടര്‍ന്ന് സമരത്തിലായ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടുന്ന ആശുപത്രി ജീവനക്കാര്‍ക്ക് ആശ്വാസമായാണ് മന്ത്രാലയത്തിന്റെ നടപടി. ജീവനക്കാര്‍ സമര പരിപാടികളുമായി മുന്നോട്ടു പോയതിനെ തുടര്‍ന്നാണ് നടപടികളുമായി മന്ത്രാലയം രംഗത്തെത്തിയത്.
അല്‍ ബഹ ബര്‍ജര്‍ഷിയിലെ സ്വകാര്യ ആശുപത്രിയിലാണ് ശമ്പള പ്രതിസന്ധി. ജീവനക്കാര്‍ സമരപരിപാടികള്‍ തുടര്‍ന്നതിനാല്‍ അല്‍ബാഹ തൊഴില്‍ സാമൂഹിക മന്ത്രാലയ മേധാവി അഹ് മദ് അല്‍ ആസിമി, സഹ മേധാവി ഇബ്‌റാഹീം അല്‍ സഫ് വാന്‍ എന്നിവരുടെ നേതൃത്യത്തില്‍ ആശുപത്രി ജീവനക്കാരുമായും അധികൃതരുമായും ഒരുമിച്ച് ചര്‍ച്ച നടത്തി.
തടസ്സപ്പെട്ട ശമ്പള കുടിശ്ശിക രണ്ടു ദിവസത്തിനുള്ളില്‍ കൊടുത്തു തീര്‍ക്കാന്‍ അധികൃതര്‍ ആശുപത്രിക്ക് സാവകാശം നല്‍കിയിട്ടുണ്ട്. ഇതില്‍ വീഴ്ച വരുത്തുന്ന പക്ഷം നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ആശുപത്രി അടച്ചു പൂട്ടുമെന്നും മന്ത്രാലയ പ്രതിനിധികള്‍ വ്യക്തമാക്കി.
ഡോകടര്‍മാരാക്കമുള്ള തൊഴിലാളികള്‍ ജോലിയില്‍ നിന്നും വിട്ടു നിന്നെങ്കിലും തീവ്രപരിചരണ വിഭാഗത്തിലെ രോഗികള്‍ സുരക്ഷിതരാണെന്ന് ആരോഗ്യ മന്ത്രാലയം ഉറപ്പു വരുത്തി. തീവ്രപരിചരണ വിഭാഗത്തിലെ രോഗികളുടെ അവസ്ഥ ഭദ്രമാണെന്ന് അല്‍ ബാഹ ആരോഗ്യ മന്ത്രാലയ പ്രവിശ്യാ മേധാവി ഡോ: മുശ്ഇല്‍ അല്‍ സയാലി പറഞ്ഞു.
Post Your Comments