ലഖ്‌നൗ: മഹാസഖ്യം രൂപീകരിക്കുന്നതിനെക്കുറിച്ച് തനിക്കറിയില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. അടുത്തിടെ ഉത്തര്‍പ്രദേശില്‍ മുലായം മഹാസഖ്യം രൂപീകരിക്കാൻ ചരട് വലിക്കുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും അത്തരം കാര്യങ്ങളില്‍ അവസാന തീരുമാനം എടുക്കുക പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായിരിക്കുമെന്നും അഖിലേഷ് വ്യക്തമാക്കി.
അഖിലേഷിന്റെ തെരഞ്ഞെടുപ്പ് പ്രചരണജാഥയായ വികാസ് സേ വിജയ് കി ഓര്‍ രഥ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഖിലേഷ് ഇപ്പോഴും മുലായം സിംഗ് യാദവും പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞ് തന്നെയാണ് നില്‍ക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് അഖിലേഷിന്റെ വാക്കുകള്‍ എന്നാണ് വിലയിരുത്തുന്നത്.
കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും മുലായം സിംഗ് യാദവും തമ്മില്‍ നേരത്തെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അതേസമയം മതേതര സര്‍ക്കാരിനെ അധികാരത്തിലെത്തിക്കാനായി ആരുമായും സഖ്യം ചേരാന്‍ തയ്യാറാണെന്നും അഖിലേഷ് വ്യക്തമാക്കി. ശനിയാഴ്ച്ച നടക്കുന്ന സമാജ് വാദി പാര്‍ട്ടിയുടെ സില്‍വര്‍ ജൂബിലി ആഘോഷ പരിപാടിയില്‍ എച്ച്ഡി ദേവഗൗഡ, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, അജിത് സിംഗ് തുടങ്ങിയവര്‍ പങ്കെടുക്കാനിരിക്കെയാണ് അഖിലേഷിന്റെ പ്രസ്താവന.
Post Your Comments