കോഴിക്കോട്: നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച പിതാവിനെതിരെ പ്രതികരിച്ച് കോഴിക്കോട് കളക്ടര്‍ ബ്രോ രംഗത്ത്. കേരളത്തെ ഞെട്ടിച്ച വാര്‍ത്തയോട് എന്‍ പ്രശാന്ത് പ്രതികരിച്ചതിങ്ങനെ… പിറന്നു വീണ കുഞ്ഞിന് പാല് നല്‍കരുതെന്ന് വാശി പിടിച്ച മുക്കത്തെ യുവാവിനും, ക്രൂരത ചെയ്യാന്‍ ഇയാളെ പ്രേരിപ്പിച്ചയാള്ക്കും നല്ല ചികിത്സ നല്‍കണം.
കോഴിക്കോട് മതത്തിന്റെ പേരില്‍ നടന്ന ക്രൂരതയെ ഫേസ്ബുക്കിലൂടെയാണ് കളക്ടര്‍ വിമര്‍ശിച്ചത്. മനുഷ്യനന്മയ്ക്കും നല്ലതിനുമാകണം വിശ്വാസം അത് ഏതായാലും എന്തിന്റെ പേരിലായാലും. നവജാത ശിശുവിനെ പട്ടിണിക്കിടാന്‍ ഒരു മതവും പറയുന്നില്ല. നവജാതശിശുവിന് വേണ്ട പരിചരണവും മുലപ്പാലും നല്‍കാത്ത വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പിഞ്ചുകുഞ്ഞിന്റെ ജീവന് സംരക്ഷിക്കാന്‍ പോലീസിനും ബന്ധപ്പെട്ടവര്‍ക്കും നിര്‍ദേശം നല്കി കഴിഞ്ഞെന്നും കളക്ടര്‍ പറയുന്നു. സംഭവത്തില്‍ നിയമപരമായ നടപടികളില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചുറ്റുപാടും നടക്കുന്ന ഇത്തരം കാര്യങ്ങള്‍ നമ്മളെ ചിന്തിപ്പിക്കണം, നമ്മളെങ്ങോട്ടാണ് പോകുന്നതെന്നും കളക്ടര്‍ ബ്രോ ചോദിക്കുന്നു.
കോഴിക്കോട് മുക്കം ഓമശേരി സ്വദേശി അബുബക്കറാണ് നവജാത ശിശുവിന് മുലപ്പാല്‍ നല്‍കുന്നതിന് സ്വന്തം ഭാര്യയെ വിലക്കിയത്. കളംതോട് തങ്ങളുടെ നിര്‍ദേശപ്രകാരമാണ് പിതാവ് കുഞ്ഞിന് മുലപ്പാല്‍ വിലക്കിയതെന്നാണ് പിതാവിന്റെ വിശദീകരണം. അഞ്ചുതവണ ബാങ്ക് വിളിച്ചശേഷം മാത്രം മുലപ്പാല്‍ നല്കിയാല് മതിയെന്ന് കളംതോട് സ്വദേശിയായ തങ്ങള്‍ നിര്‍ദേശിച്ചെന്ന് അബുബക്കര്‍ പറയുന്നു.
Post Your Comments