KeralaNews

പെണ്ണിന്‍റെ മാനവും മാംസവും കൊത്തിവലിക്കുന്ന കഴുകന്‍റെ നാടായി കേരളം

ഓര്‍മ്മയുണ്ടോ വിടരും മുമ്പേ പിച്ചിച്ചീന്തി തല്ലിക്കൊഴിച്ചു കളഞ്ഞ കുറെയേറെ വെള്ളമന്ദാരങ്ങളെ? ഓര്‍ക്കുന്നുണ്ടോ സ്ഥലപേരില്‍ മാത്രം അറിയാന്‍ വിധിക്കപ്പെട്ട ചില മുഖമില്ലാത്ത പുഴുക്കുത്തേറ്റ പെണ്‍പ്പൂക്കളെ? മറന്നുപോയോ നോവുന്ന പൂക്കളായി മണ്ണില്‍ എരിഞ്ഞടങ്ങിയ ചില ഭാഗ്യം കെട്ട ശവംനാറി പൂക്കളെ ….കൂപ്പുകൈയുമായി ജനസേവകരെന്ന പേരില്‍ ചിലര്‍ നമ്മളെ തേടിയെത്തുമ്പോള്‍ ഒരു മാത്രയെങ്കിലും ഓര്‍ക്കണം ചിലന്തിവലയ്ക്കുള്ളില്‍ കുരുങ്ങിപ്പോയ ചില ജീവിച്ചിരിക്കുന്ന കടലാസ് പൂക്കളെ..കാരണം ഇന്ന് ഒരുവള്‍ നമുക്ക് മുന്നില്‍ ഹൃദയം പൊട്ടി വിലപിക്കുമ്പോള്‍, അവള്‍ കുടിച്ച അപമാനത്തിന്റെയും അവഹേളനത്തിന്റെയും കയ്പുനീര്‍ എത്രമാത്രമെന്നു അറിയുമ്പോള്‍ അവള്‍ക്കൊപ്പം അറിയാതെ കരഞ്ഞുപോകുന്നു എന്നിലെ പെണ്മനം..കാരണം പ്രതികരിക്കുന്നതിന്റെ പേരില്‍ സഹപ്രവര്‍ത്തകരായ ചില നെറികെട്ട പുരുഷ പ്രജകളുടെ എത്രയോ അപഹാസ്യങ്ങള്‍ക്ക് ഈ പ്രവാസലോകത്ത് ഞാനും ഇരയായിട്ടുണ്ട് ..മാനസിക പീഡകള്‍ക്ക് ഇത്രയേറെ ചവര്‍പ്പ് ഉണ്ടാകുമെങ്കില്‍ ശാരീരിക പീഡനത്തിന്റെ അളവ് എത്രമാത്രം ഉണ്ടാകും…അതുകൊണ്ടു തന്നെ ഇന്നവളുടെ വിളിച്ചു പറയലുകള്‍ക്ക് അസത്യത്തിന്റെ കണിക ഒട്ടുമേയില്ലെന്നു ഞാനെന്ന പെണ്ണിന് അടിവരയിട്ടു പറയുവാന്‍ കഴിയും ..

സ്ത്രീസുരക്ഷാപ്രസംഗങ്ങളിലെ മുഴങ്ങുന്ന പേരാകാന്‍ നിയോഗമുണ്ടായ, നീര്‍ക്കുമിളകളുടെ ആയുസ്സ് പോലുമില്ലാത്ത നമ്മുടെ കണ്ണുനീരിനു ഹേതുവായ എത്രയോ മുഖങ്ങള്‍ നമുക്ക് മുന്നിലൂടെ കരഞ്ഞു പെയ്തിരുന്നു..എന്നിട്ടും നമ്മളിലെ അമ്മമാരും ഭാര്യമാരും സഹോദരിമാരും എന്ത് ചെയ്തു ?? ഇന്ന് അവള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താന്‍ ഒരു ഭാഗ്യലക്ഷ്മിയുണ്ടായി…രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഒരു പീഡനം ഇന്ന് ഒരു പോസ്റ്റിലൂടെ ലോകമറിഞ്ഞു…ഏറ്റവും നടുക്കം തോന്നുന്നത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷകര്‍ ആയ പോലീസ് വകുപ്പിന്റെ ആ മേധാവിയുടെ ഭാഗത്ത് നിന്ന് വന്ന പുഴുക്കുത്തേറ്റ ആ വാക്കുകള്‍ കേട്ടിട്ടാണ് ..പെണ്ണിന്റെ മാനം എന്നും ഒരു മസാലക്കഥ മാത്രമായിരുന്നുവല്ലോ നമ്മുടെ നിയമപാലകരില്‍ ചിലര്‍ക്കെങ്കിലും…സൂര്യനെല്ലിയിലെ പെണ്‍കുട്ടിയെ ഒരു കാഴ്ച വസ്തുവാക്കി കൊണ്ടു നടന്ന പോലീസ് സോളാര്‍ നായികയ്ക്ക് മുന്നില്‍ മാത്രമേ ഒന്ന് പകച്ചു പോയുള്ളൂ…നീതി നല്‍കേണ്ടവരില്‍ നിന്നും നീതി നിഷേധിക്കപ്പെട്ടപ്പോള്‍ മുളംകുന്നത്ത് കാവിലെ ആ വീട്ടമ്മ പിന്നെ എന്ത് ചെയ്യണമായിരുന്നു..ഭീഷണി സഹിക്കാതെ അവര്‍ മൊഴി മാറ്റി പറഞ്ഞു. അല്ലെങ്കിലും പണവും പ്രതാപവും ഇല്ലാത്തവര്‍ ഒരു കേസുമായി എത്രനാള്‍ മുമ്പോട്ടു പോകാനാണ് ..മാത്രമല്ല പീഡിപ്പിച്ചപ്പോള്‍ ചിത്രീകരിച്ച ആ വീഡിയോ അവരെ വല്ലാതെ ഭയപ്പെടുത്തി കാണും ..അത് കാട്ടിയാവാം അവന്മാര്‍ അവരെ ഇത്രനാളും നിശബ്ദയാക്കിയതും…ഈ രണ്ടു വര്‍ഷവും അവരിലെ സ്ത്രീത്വം എത്രമേല്‍ അപമാനിക്കപ്പെട്ടിട്ടുണ്ടാകും ..എത്രമാത്രം കയ്പ്പ്‌നീര്‍ അവര്‍ കുടിച്ചിട്ടുണ്ടാകും ..അവരെ പിച്ചിചീന്തിയ ആ നായകള്‍ പിന്നെയും അധികാര കസേരയില്‍ തുടരുന്നത് കണ്ടപ്പോള്‍ അവര്‍ ഈ വ്യവസ്ഥിതിയെ എത്രമേല്‍ വെറുത്തിട്ടുണ്ടാകും ? ഒരു പാവപ്പെട്ട സ്ത്രീയായി ജനിക്കേണ്ടി വന്ന ഗതികേടിനെ എത്രമേല്‍ പഴിച്ചിട്ടുണ്ടാകും ? അവരൊരിക്കലും ഓര്‍ത്തു കാണില്ല ഭാഗ്യലക്ഷ്മിയെന്ന ആ ലക്ഷ്മി അവര്‍ക്കൊപ്പം നില്‍ക്കുമെന്നോ അവരുടെ അക്ഷരങ്ങളിലൂടെ ആ കഥ എല്ലാവരിലേക്കും എത്തുമെന്നും..

അന്ന് സൂര്യനെല്ലിയിലെ പെണ്‍പൂവ് നാല്‍പത്തിയൊന്നു ദിവസത്തെ ദുരിതപര്‍വ്വവും താണ്ടി ജീവിച്ചിരിക്കുന്ന മൃതശരീരമായി നമുക്ക് അരികില്‍ വന്നപ്പോള്‍ അവളെ പതിതയായി കണ്ടു അകറ്റിനിറുത്താന്‍ നമ്മള്‍ ശ്രമിച്ചു..പതിനാലുവയസ്സിന്റെ ആ ചാപല്യത്തെ, പുഴുക്കുത്തേറ്റ ആ പൂവിനെ, കാമത്തിന് വശംവദയായ ഒരുവളായി ചിത്രീകരിക്കാന്‍ നീതിപീഠവും തയ്യാറായി..സ്മാര്‍ത്തവിചാരണയ്ക്കിടെ വന്ന ചില പേരുകള്‍ മായ്ക്കാന്‍ മത്സരിച്ച ഭരണവര്‍ഗ്ഗം അവളെ സമൂഹത്തിനു മുന്നില്‍ ഭ്രഷ്ടയാക്കി. രാഷ്ട്രീയത്തിലെ ആ അതികായന്റെ പേര് അവള്‍ ഉറക്കെ വിളിച്ചുപറഞ്ഞപ്പോള്‍ അധികാരവര്‍ഗ്ഗം അവളെ വെറുമൊരു തേവിടിശ്ശിയാക്കി അവരോധിച്ചു.. ഡല്‍ഹിയില്‍ പിടിപ്പാടുള്ള ആ നേതാവിന് വേണ്ടി കള്ളസാക്ഷ്യം പറഞ്ഞ പത്രോസ് ആയി ചങ്ങനാശേരിയിലെ പോപ്പ് ..ന്യായാധിപനെ വരെ പണക്കെട്ടില്‍ തൂക്കിയെടുത്തു പെണ്ണരകള്‍ തേടി നടക്കുന്ന രാഷ്ട്രീയക്കോമരങ്ങളുടെ നാട്ടില്‍ അവളുടെ വാക്കിനു വിലയില്ലാതെയായി..ഇന്നും മുഖമില്ലാത്തവളായി അവള്‍ നമുക്കൊപ്പം ജീവിക്കുന്നു. അന്നും നമ്മള്‍ ആശ്വസിച്ചത് നമ്മുടെ മകളും പെങ്ങളും പ്രണയമെന്ന ചിലന്തിവലയ്ക്കുള്ളില്‍ കുരുങ്ങി നാല്‍പത്തിയൊന്നു ദിവസത്തെ മഹാമാരിയില്‍ പെട്ടുപോകില്ലെന്ന വിശ്വാസത്തില്‍ അടിയുറച്ചുകൊണ്ടായിരുന്നു..പിന്നെയും വന്നു നമുക്ക് മുന്നില്‍ മുഖമില്ലാത്ത നിരവധിപേര്‍..അവരെയൊക്കെയും നമ്മള്‍ വിതുര, കോതമംഗലം, പറവൂര്‍ പെണ്‍കുട്ടികള്‍ എന്ന് വിളിച്ചു. അവരുടെ പീഡനപര്‍വങ്ങളുടെ കഥകള്‍ നമുക്ക് വൈകുന്നേരങ്ങളിലെ രസമുള്ള സംസാരവിഷയമായി. സായാഹ്നപത്രങ്ങള്‍ ചൂടോടെ വിളമ്പിയ മാദകരസക്കൂട്ടുകള്‍ ചായക്കടകളിലെ ആവിപ്പറക്കുന്ന ചായയ്‌ക്കൊപ്പം മൊത്തിക്കുടിക്കുന്ന രസമായി മാറി.

പിന്നെ നമ്മള്‍ കണ്ടത് ചതിയുടെ തീക്കാറ്റില്‍ പെട്ട് വെന്തുരുകി ചിറകറ്റുപോയൊരു കണ്ണുനീരിന്റെ നനവുള്ള ശലഭത്തെ. ആ ശലഭത്തെ നമ്മള്‍ വിളിച്ചത് കിളിരൂരിലെ ശാരിയെന്നായിരുന്നു..രാഷ്ട്രീയമേലാളന്മാരുടെ ഇടപെടലുകള്‍ക്കൊടുവില്‍ അവളിലെ അണുബാധ മരണക്കാരണമായി മാറിയപ്പോള്‍ അനാഥമായത് ചോരമണക്കുന്ന ഒരു കുഞ്ഞുപൂവ്..രണ്ടായിരത്തിയാറിലെ തെരഞ്ഞെടുപ്പ് വേളയിലെ ഏറ്റവും മൂല്യമുള്ള തുറുപ്പുചീട്ടായിരുന്നു ശാരി. നമ്മുടെ ജനകീയ സമരനായകന്‍ ശാരിയുടെ ഘാതകരായ വിവിഐപികളെ പൊതു സമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടുമെന്നു പറഞ്ഞു നാടുനീളെ ജനവികാരം ഇളക്കി മറിച്ചുകൊണ്ട് ജനവിധി നേടിയപ്പോള്‍ ഒരു വേള നമ്മളും സ്വപ്നം കണ്ടു പൊതുസമൂഹത്തിലൂടെ കയ്യാമം വയ്ക്കപ്പെട്ടു വിചാരണ ചെയ്യപ്പെടുന്ന ഘാതകരെ..ഒക്കെയും ഒരു മലര്‍പ്പൊടിക്കാരന്റെ സ്വപ്നമായി അവശേഷിച്ചു..പക്ഷെ, അധികാരത്തിലെത്തിക്കഴിഞ്ഞപ്പോള്‍ വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കാനും ഇരകളെ തള്ളിപ്പറയാനുമാണ് അദ്ദേഹം അടക്കമുള്ളവര്‍ ശ്രമിച്ചത്..എന്നാല്‍, അധികാരമേറ്റതോടെ വാഗ്ദാനങ്ങളെല്ലാം മറന്ന് ഭരണസുഖത്തിന്റെ ‘വേലിക്കകത്ത്’ മൗനിബാബയായി മാറിയ ആ സഖാവിനെ കണ്ടതാണല്ലോ പ്രബുദ്ധ കേരളം. ശാരി തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞപ്പോഴുണ്ടായ വിഐപി സന്ദര്‍ശനത്തെ മറക്കാനും നമുക്ക് എളുപ്പം കഴിഞ്ഞു ..അന്നും നമ്മള്‍ കുറ്റപ്പെടുത്തിയത് ചങ്ങലയ്ക്കുള്ളില്‍ മകളെ വളര്‍ത്താന്‍ മറന്നുപോയ ആ അച്ഛനമ്മമാരെയായിരുന്നു..അന്നും നമ്മള്‍ ആശ്വസിച്ചതു നമ്മുടെ മകളും പെങ്ങളും സിനിമാഭിനയം തലയ്ക്കു പിടിച്ചു കൊണ്ടു കുഴിയില്‍ ചാടില്ലെന്ന വിശ്വാസത്തിലായിരുന്നു.

കിളിരൂരിലെ ശാരിക്കൊപ്പം സെക്‌സ് റാക്കറ്റില്‍ കുടുങ്ങി ജീവന്‍ ഹോമിക്കേണ്ടി വന്ന ഒരു പൂമ്പാറ്റയായിരുന്നു കവിയൂരിലെ അനഘ. കിളിരൂരിലെ ശാരി ഉള്‍പ്പെട്ട പെണ്‍വാണിഭക്കേസിലെ ഇരകളികളിലൊരാളായിരുന്നു നര്‍ത്തകിയായ പതിമൂന്നുകാരി അനഘ. ലതാ എസ്.നായര്‍ എന്ന വിഐപി പിമ്പ് പതിമൂന്ന് കാരിയായ അനഘയെ കേരളത്തിലെ മാന്യന്മാരെന്ന് അവകാശപ്പെടുന്ന പലര്‍ക്കും കാഴ്ചവെച്ചിരുന്നു. ശാരിയുടെ മരണത്തോടെ കിളിരൂര്‍, കവിയൂര്‍ പെണ്‍വാണിഭം പുറത്തായതോടെ അഭിമാനക്ഷതം മൂലമാണ് നാരായണന്‍ നമ്പൂതിരിയും കുടുംബവും ആത്മഹത്യചെയ്തത്. അത് പോലീസ് ഭാഷ്യം, ഇന്നും അത് സത്യത്തിനു നിരക്കാത്ത ഒരു ഭാഷ്യം മാത്രം. അനഘ പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്ന് ആദ്യമായി പ്രഖ്യാപിച്ചതും പി.കെ ശ്രീമതിയായിരുന്നു എന്നോര്‍ക്കണം. കിളിരൂര്‍, കവിയൂര്‍ പെണ്‍വാണിഭ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ് കോട്ടയം കളക്ട്രേറ്റ് പിക്കറ്റ് ചെയ്ത അന്നാണ് പ്രതികള്‍ക്ക് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന പി.കെ ശ്രീമതിയുടെ പ്രഖ്യാപനമുണ്ടായത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു അനഘയെന്ന പതിമൂന്നുകാരിക്ക് ലൈംഗികമായി പീഡനമേറ്റിരുന്നുവെന്ന സത്യം. ലതാനായര്‍ എന്ന കുലടയെ മറന്നതിനൊപ്പം നമ്മള്‍ അനഘയെയും അവളുടെ കുടുംബത്തെയും മറന്നു.
.
പിന്നെ നമുക്ക് മുന്നില്‍ മെഴുകുതിരിനാളം പോലെ വന്നത് സൗമ്യയായിരുന്നു. ട്രെയിനിനുള്ളില്‍ പെണ്‍കുട്ടി പീഡനമേറ്റ് നിലവിളിച്ചപ്പോള്‍ ആ നിലവിളി കേള്‍ക്കാനുണ്ടായിരുന്നത് പാളങ്ങള്‍ മാത്രം. സൗമ്യയുടെ അമ്മ തുണിയില്‍ പൊടിഞ്ഞ മകളുടെ മൃതദേഹം കെട്ടിപിടിച്ചു കരയുന്നത് നമ്മളും ചാനലില്‍ കണ്ടു കൂടെക്കരഞ്ഞു. ഇനി ഒരു അമ്മയ്ക്കും ഈ ഗതി വരരുതേയെന്നും ഇനി ഒരു പെണ്‍കുട്ടിയെയും ആ ഭീകരമായ ഒറ്റകൈ ഞെരിച്ചു കൊല്ലരുതേ എന്നും പ്രാര്‍ഥിച്ചു. പക്ഷേ ആ കരച്ചിലിനും രോഷപ്രകടനങ്ങള്‍ക്കും ഒരു നീര്‍ക്കുമിളയുടെ ആയുസ്സ് മാത്രമേ ഉണ്ടായുള്ളൂ. ഇന്ത്യയില്‍ തന്നെ കൊടുംക്രൂരന്മാര്‍, ബലാത്സംഗവീരന്മാര്‍ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട അനേകം പേരെ പുഷ്പം പോലെ അഴിക്കു പുറത്തു കൊണ്ടുവന്നിട്ടുള്ള, ക്രൂരബലാത്സംഗ കേസുകളുടെ സ്‌പെഷ്യലിസ്റ്റ് ആയ ഒരു വക്കീല്‍ ഗോവിന്ദചാമിയെന്ന ഒറ്റക്കയ്യന്‍ യാചകനു വേണ്ടി മുംബെയില്‍ നിന്ന് പറന്നിറങ്ങുന്നുവെന്നറിഞ്ഞപ്പോള്‍ നമ്മള്‍ കണ്ണുകളും ചെവികളും കൊട്ടിയടച്ചു. സൗമ്യയെ നിഷ്‌ക്കരുണം നുള്ളിക്കളഞ്ഞ ആ ഒറ്റക്കയ്യന്‍ ബിരിയാണി കഴിച്ചു സുന്ദരനായി നമ്മളെ നോക്കി പല്ലിളിച്ചുകാട്ടിയിട്ട് പോലും നമ്മള്‍ ഉണര്‍ന്നില്ല. അവന്റെ തൂക്കുകയര്‍ മനുഷ്യാവകാശലംഘനമായപ്പോള്‍ ഒരു പെണ്‍കുട്ടിക്ക് നഷ്ടമായത് വിടരും മുമ്പേ കൊഴിഞ്ഞ ജീവിതമായിരുന്നു. അന്നും നമ്മള്‍ ആശ്വസിച്ചത് നമ്മുടെ മകളും പെങ്ങളും ഒറ്റയ്ക്ക് ട്രെയിനില്‍ കയറുന്നില്ലല്ലോയെന്നതിലായിരുന്നു.

പിന്നീട് വീട്ടിനുള്ളില്‍ വച്ച് ജിഷയെന്ന പെണ്‍കുട്ടി അതിദാരുണമായി കൊലചെയ്യപ്പെട്ടപ്പോള്‍ നമ്മള്‍ മനസ്സിലാക്കിയോ അടച്ചിട്ട കതകിനു പോലും സുരക്ഷ നല്‍കാന്‍ കഴിയാത്ത വിധം കൊലയാളികള്‍ അടുത്തെത്തിയെന്ന യാഥാര്‍ത്ഥ്യം..? ഇപ്പോള്‍ ഇന്ന് രാഷ്ട്രീയ പിന്‍ബലത്തിന്റെ മറവില്‍ ഒരുവളുടെ മാനത്തിനു നേരെ നിയമപാലകര്‍ പോലും കണ്ണടച്ച് നിന്നപ്പോള്‍ നമ്മള്‍ അറിയണം നമുക്കായി നില്ക്കാന്‍ നമ്മള്‍ മാത്രമേയുള്ളൂവെന്ന സത്യം ..ഇനിയും നമ്മള്‍ കണ്ണടച്ചിരുന്നാല്‍ കണ്മുന്നില്‍ പിച്ചിചീന്തി കശക്കിയെറിയപ്പെടുന്നത് നമ്മുടെ പെണ്മക്കളും സഹോദരിമാരുമായിരിക്കും…ഇനിയും ചെന്നായകളുടെ മുന്നില്‍ ഒരു പെണ്ണ് പോലും മാനത്തിനായി വിലപിക്കരുത്.

അലക്കിതേച്ച വെള്ളക്കുപ്പായവും വിപ്ലവമോതുന്ന നാവുകളും ആര്‍ഷഭാരതഗീതികളുമായി വരുന്ന ജനസേവകരോട് നമ്മള്‍ സ്ത്രീകള്‍ ഒരൊറ്റ സ്വരത്തില്‍ പറയണം -നമുക്ക് വേണ്ടത് പ്രകടനപത്രികയിലെ നട്ടാല്‍ കുരുക്കാത്ത വാഗ്ദാനമല്ല. മറിച്ച് ഇനിയൊരു പെണ്മയും അപമാനിക്കപ്പെടരുത്. ഒരു സ്ത്രീയുടെ മാനത്തിനും ആരും വിലയിടരുത്. നിയമത്തിന്റെ പഴുതിലൂടെ നമ്മളെ നോക്കി ചിരിക്കുന്ന ഗോവിന്ദചാമിമാര്‍ ഇനിയിവിടെ ഉണ്ടാവരുത്. രാഷ്ട്രീയ മേലങ്കിക്കുള്ളില്‍ സുരക്ഷിതനായി ഇരുന്ന ജയന്തനെന്ന ജനസേവകന്മാര്‍ ഇനിയും ഉണ്ടാകരുത്. അത് ഉറപ്പുതരാന്‍ കഴിയാത്ത ഒരുത്തനും ജനസേവനമെന്ന പൊള്ളയായ കുപ്പായവും തുന്നിക്കെട്ടി വീട്ടുപടിക്കല്‍ വന്നുപോകരുത്. ഇനിയെങ്കിലും നമ്മള്‍ രാഷ്ട്രീയവും മതവും നോക്കാതെ പ്രതികരിക്കണം. നമ്മുടെ പ്രതികരണങ്ങള്‍ കേവലം ഒരു ലൈക്കിലോ കമന്റിലോ ഒതുക്കാതെ, മനസ്സിലെ പ്രതിഷേധത്തിന്റെ അഗ്‌നിയെ ചുരുങ്ങിയത് മുഖപുസ്തകത്തിന്റെ ചുമരിലെങ്കിലും പതിക്കാന്‍ ശ്രമിക്കൂ..പല തുള്ളി പെരുവെള്ളം എന്നതുപോലെ നമ്മുടെ പ്രതിഷേധത്തിന്റെ ജ്വാലകള്‍ കാട്ടുതീയായി പടര്‍ന്നുപിടിക്കുമ്പോള്‍ മുഖംതിരിക്കാന്‍ ഭരണവര്‍ഗ്ഗത്തിന് കഴിയില്ല തന്നെ…പാവപ്പെട്ട ഒരു സ്ത്രീയെ പിച്ചിച്ചീന്തിയ ആട്ടിന്‍തോലിട്ട ആ ചെന്നായ്ക്കളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നത് വരെ മനസ്സിലെ പ്രതിഷേധത്തിന്റെ കനലുകളെ, പൊള്ളുന്ന ജ്വാലകളാക്കി മാറ്റി നമുക്ക് പോരാടാം…വളയിട്ട കൈകള്‍ കരുത്തുതെളിയിക്കേണ്ടത് ഫെമിനിസം എന്നതിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളിലൂടെയല്ല. ചുംബനസമരത്തിലൂടെയോ ലിവിംഗ് ടുഗെദറിലൂടെയോ വസ്ത്രസ്വാതന്ത്ര്യത്തിലൂടെയോയല്ല സ്ത്രീ ശാക്തീകരണം വരേണ്ടത്. ഇവിടെ രാഷ്ട്രീയമല്ല നോക്കേണ്ടത്.

ആളൂരിനെ പോലുള്ള വക്കീലന്മാര്‍ ഉള്ളപ്പോള്‍ നോട്ടുകെട്ടുകളുടെ ബലത്തില്‍ ഏതൊരു പെണ്ണിന്റെയും മടിക്കുത്ത് അഴിക്കാന്‍ തന്റേടം കാട്ടുന്ന പരനാറികള്‍ക്ക് നീതിപീഠം ശിക്ഷ നല്‍കുമെന്ന് വിശ്വസിക്കാന്‍ ഇന്നത്തെ സാഹചര്യത്തില്‍ കഴിയുന്നില്ല..അപ്പോള്‍ നമ്മള്‍ സ്ത്രീകള്‍ തന്നെ സ്വയം രക്ഷയ്‌ക്കൊപ്പം പ്രതിരോധം തീര്‍ത്തേ കഴിയൂ..സൂര്യനെല്ലിയിലെ പെണ്‍കുട്ടിയ്ക്കും ശാരിക്കും സൗമ്യക്കും ജിഷയ്ക്കും ഇനിയുമേറെ പെണ്‍കുട്ടികള്‍ക്കും നീതി നിഷേധിക്കപ്പെട്ട ഈ നാട്ടില്‍ ഇനിയും മുളംകുന്നത്തുകാവുകള്‍ ആവര്‍ത്തിക്കപ്പെടും ..എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും ഉണ്ടാകും ഇതുപോലത്തെ ചെറ്റകള്‍..ഇങ്ങ് കൊച്ചു കേരളത്തിലാണ്.. പ്രിയപ്പെട്ട അമ്മമാരെ, സഹോദരിമാരെ, സ്ത്രീയുടെ മാനത്തിന് വിലയിടുന്നവന്‍ ആരായാലും, ഏതു രാഷ്ടീയ പിന്‍ബലം ഉള്ളവനായാലും, ഏതു രാഷ്ട്രീയ തത്വ ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവാനായാലും, സമൂഹത്തില്‍ ഏതു ഉന്നതസ്ഥാനത്തില്‍ ഉള്ളവനായാലും, അവന്‍ പേപ്പട്ടിയേക്കാള്‍ അപകടകാരിയാണ്…സമൂഹത്തിനു വിപത്താണ് ..അമ്മയുടെ മുലപ്പാലിന്റെ വില അറിയാത്തവനാണ്.സ്വന്തം അമ്മയെയും സഹോദരിയെയും ഭാര്യയെയും സ്‌നേഹിക്കുന്ന ഒരാള്‍ക്കും മറ്റൊരു പെണ്ണിന്റെ മാനം കവരാന്‍ കഴിയില്ല. മറ്റൊരു പെണ്ണിനെ കുറിച്ച് അപരാധം പറയാനും കഴിയില്ല.

ഒറ്റപ്പെടുത്തല്‍ തുടങ്ങേണ്ടത് അവനവന്റെ കുടുംബത്തില്‍ നിന്നുതന്നെയാണ്. ഇന്ന് നിങ്ങളുടെ സഹോദരന്റെയോ മകന്റെയോ ഭര്‍ത്താവിന്റെയോ കൊള്ളരുതായ്മകള്‍ക്ക് നേരെ നിങ്ങള്‍ കണ്ണടയ്ക്കുമ്പോള്‍, പ്രതികരിക്കാതെ അവനു മൂന്നുനേരം വിളമ്പുമ്പോള്‍ ഒന്നോര്‍ക്കുക നാളെ നിങ്ങളുടെ മകളും ഇതുപോലെ പിച്ചിയെറിയപ്പെടാം, അപഹാസ്യയും അപമാനിക്കപ്പെട്ടവളുമായി മാറിയേക്കാം ..കാരണം ഒരു കുറ്റവാളിയ്ക്ക് നേരെ നമ്മള്‍ കണ്ണടയ്ക്കുമ്പോള്‍ ഒന്‍പതു കുറ്റവാളികള്‍ പുതുതായി സൃഷ്ടിക്കപ്പെടുന്നു ..വളയിട്ട കൈകള്‍ ഒരുമിച്ചു കോര്‍ത്തു കൊണ്ട് നമുക്ക് പുതിയൊരു വീരഗാഥ രചിക്കാം…ഇനിയൊരു ജയന്തനും ഇത്തരം തന്തയില്ലായ്മ കാട്ടരുത്…..

shortlink

Related Articles

Post Your Comments

Related Articles


Back to top button