ഒരു ശരീരത്തിൽത്തന്നെ നാലുകാലുകളുമായി ജീവിക്കുകയാണ് ഉത്തർപ്രദേശുകാരനായ അരുൺകുമാർ. 22 വയസ്സിലെത്തിയ അരുൺ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ഡോക്ടർമാരോട് അഭ്യർത്ഥിക്കുകയാണ്, ‘എനിക്ക് രണ്ടുകാൽ മതി. രണ്ടെണ്ണം മുറിച്ചുമാറ്റൂയെന്ന് ‘.
അരുൺ ജനിച്ചത് ശരീരത്തിന്റെ പിൻഭാഗത്ത് പൂർണവളർച്ചയില്ലാത്ത രണ്ടു കാലുകളുമായാണ്. അതിൽ ഒരു കാലിന്റെ വളർച്ച പണ്ടുതന്നെ മുരടിച്ചിരുന്നു. മറ്റൊന്ന് മുട്ടിന്റെ ഭാഗത്തുവച്ച് വളഞ്ഞ നിലയിലാണ്. തന്റെ വൈകല്യം പരിഹരിച്ചുതരാൻ ഡോക്ടർമാരോട് സോഷ്യൽ മീഡിയയിലൂടെ അരുൺ നടത്തിയ അഭ്യർത്ഥന ഏറെക്കുറെ ഫലം കണ്ടിട്ടുണ്ട്.
അരുണിനെ സഹായിക്കാനായി ഡൽഹിയിലെ ഫോർട്ടിസ് ആശുപത്രിയിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർ മുന്നോട്ടുവന്നിട്ടുണ്ട്. കുറെ പരിശോധനകളും ഇതിന്റെ ഭാഗമായി നടന്നു. തന്റെ രണ്ടു കാലുകൾ മുറിച്ചുനീക്കിയാൽ സാധാരണ ജീവിതം നയിക്കാനാകുമെന്ന് അരുണും പ്രതീക്ഷിക്കുന്നു. ഡോക്ടർമാർ ശസ്ത്രക്രിയക്ക് തയ്യാറാണെങ്കിൽ താനും റെഡിയാണെന്ന അരുൺ പറഞ്ഞു.
അരുണിന് തന്റെ പിന്നിലുള്ള കാലുകൾ ചലിപ്പിക്കാനാവില്ല. പക്ഷെ അവയുടെ ഭാരം നിമിത്തം അരുണിനു നടക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഈ ഭാരം കാരണം നട്ടെല്ലിനും തകറാറുസംഭവിച്ചിട്ടുണ്ട്. ജനിച്ചപ്പോൾ ഒരേ വളർച്ചയുള്ളവയായിരുന്നു നാലുകാലുകളുമെന്ന് അമ്മ കോകിലാ ദേവി പറയുന്നു. പല ആശുപത്രികളിലും കൊണ്ടുപോയെങ്കിലും അധികമുള്ള കാലുകൾ മുറിച്ചുമാറ്റുന്നത് അപകടമാകുമെന്ന നിലപാടിലായിരുന്നു ഡോക്ടർമാരെന്നും അവർ പറഞ്ഞു. പിന്നീട് മനസ്സ് മടുത്തതോടെ മകൻ ഇങ്ങനെ ജീവിക്കട്ടെയെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് അച്ഛൻ രാം പറഞ്ഞു.
ഫോർട്ടിസ് ആശുപത്രിയിലെ ഓർത്തോപ്പെഡിക് സർജൻ ഡോ. ഹെർമന്ത് ശർമ അരുണിന് പുതിയ പ്രതീക്ഷ നൽകിയിട്ടുണ്ട്. എംആർഐ, സിടി സ്‌കാനുകൾ പൂർത്തിയാക്കിയ ഡോക്ടർ, അധികമുള്ള കാലുകൾ എത്രത്തോളം ശരീരത്തോട് ചേർന്നിട്ടുണ്ടെന്ന് മനസ്സിലാക്കാനുള്ള ശ്രമത്തിലാണിപ്പോൾ.
Post Your Comments