കെവിഎസ് ഹരിദാസ്
‘ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി’ ( ഓ ആർ ഓ പി ) നടപ്പിലാക്കുന്നതിൽ കേന്ദ്ര സർക്കാർ വീഴ്ച വരുത്തിയെന്നും അത് ബന്ധപ്പെട്ട എല്ലാവര്ക്കും ലഭിച്ചില്ലെന്നും പറഞ്ഞുകൊണ്ട് കോൺഗ്രസുകാർ ദൽഹിയിൽ തെരുവിലിറങ്ങിയത് രസകരം തന്നെ. ഇക്കാര്യമുന്നയിച്ചുകൊണ്ടു ഒരു വിമുക്ത സൈനികൻ ദൽഹിയിൽ ആത്മഹത്യ ചെയ്തതിനു പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെയും കെജ്രിവാളിന്റെയും നേതൃത്വത്തിൽ തെരുവിലെ നാടകം. ഇവിടെ നാം കാണേണ്ടത്, ഹൈദരാബാദ് സർവകലാശാലയിൽ ഒരു വിദ്യാർഥി ആത്മഹത്യ ചെയ്തതുപോലെ, ജെ എൻ യുവിൽ നടന്ന സമര നാടകം പോലെ, ദാദ്രിയിൽ നടന്ന സംഭവം പോലെ ……… ആസൂത്രിതമായിരുന്നു അത് എന്നതാണ്. മുൻപൊരിക്കൽ, ദൽഹിയിലെ സ്ഥലത്ത് , ജന്തർ മന്ദറിൽ, ഒരാളെ മരത്തിനുമുകളിൽ കയറ്റി ആത്മഹത്യക്ക് നിര്ബന്ധിതമാക്കിയത് എ എ പിക്കാരായിരുന്നു എന്നത് ഓർക്കേണ്ടതുമുണ്ട്. 2015 ഏപ്രിൽ മാസത്തിലായിരുന്നു അത് നടന്നത്. ജനമധ്യത്തിൽ ദയനീയമായി തോൽക്കുമ്പോൾ എന്ത് വൃത്തികെട്ട രാഷ്ട്രീയത്തിനും കോൺഗ്രസും അവരുടെ വാലിൽ തൂങ്ങി നടക്കുന്നവരും തയ്യാറാവുമെന്നതിന്റെ പുതിയ ദൃഷ്ടാന്തമായേ ഇതിനെയൊക്കെ കാണേണ്ടതുള്ളൂ.
എന്തുകൊണ്ടാണ് ഇന്നിപ്പോൾ രാഹുൽ ഗാന്ധിയും എ എ പിയും ഇത്തരമൊരു നാടകത്തിനു തയ്യാറായത്?. ഏതാണ്ട് മുപ്പതോളം യാത്രകളാണ് യുപിയിൽ രാഹുൽ നടത്തിയത്. കർഷകരെ സംഘടിപ്പിക്കാൻ ഓടിനടന്നു. മുഖ്യമന്ത്രി സ്ഥാനാർഥിയായി ദൽഹിയിൽ നിന്ന് ഷീല ദീക്ഷിതിനെ ഇറക്കുമതി ചെയ്തു. അതൊക്കെ ഫലമുണ്ടാക്കിയില്ലെന്ന് കോൺഗ്രസിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ചുമതല ഏറ്റെടുത്ത പ്രശാന്ത് കിഷോർ തന്നെ അവസാനം സമ്മതിച്ചിരിക്കുന്നു. രാഹുലിന്റെ യാത്രക്കിടയിൽ സ്വീകരിക്കാൻ ചിലരെ തയ്യാറാക്കി നിർത്തിയതൊഴിച്ചാൽ ഒരിടത്തും ഒരു ചലനവും ഉണ്ടായില്ലെന്നാണ് മാധ്യമ നിരീക്ഷകർ നേരത്തെ മനസ്സിലാക്കിയതും തുറന്നു പറഞ്ഞതും. പക്ഷെ അത് സമ്മതിക്കാൻ കോൺഗ്രസ് തയ്യാറല്ലായിരുന്നു. രാഹുൽ യുപി കീഴടക്കിയെന്നും ഇത്തവണ അവിടെ കോൺഗ്രസ് ജയിച്ചുകയറുമെന്നുമൊക്കെ അവർ വീമ്പിളക്കി; പറഞ്ഞുനടന്നു; അതും ഒരു ആശ്വാസമാണല്ലോ. എന്നാൽ കോൺഗ്രസുകാർക്ക് പോലുമത് വിശ്വാസയോഗ്യമായിരുന്നില്ല എന്നത് നാമൊക്കെ പിന്നീട് കണ്ടു. അവിടത്തെ മുൻ പിസിസി അധ്യക്ഷ റീത്ത ബഹുഗുണ കോൺഗ്രസ് വിട്ടുവന്നത് ബിജെപിയിലേക്കാണ്. അവർക്കൊപ്പം അനവധി കോൺഗ്രസ് നേതാക്കൾ പിന്നീട് ബിജെപിയിലെത്തി. പല ജില്ലകളിലെയും ഡിസിസി പ്രസിഡന്റുമാർ, ഡിസിസി ഭാരവാഹികൾ തുടങ്ങിയവർ കൂട്ടത്തോടെ ബിജെപിയിലെത്തുന്നു. ഏതാണ്ട് മുന്നൂറോളം കോൺഗ്രസ് കമ്മിറ്റി ഓഫിസുകൾ ഇതിനകം ബിജെപിയുടേതായി എന്നതും ശ്രദ്ധിക്കേണ്ടുന്ന വാർത്തയാണ്.
കോൺഗ്രസിൽ നിന്നുമാത്രമല്ല, ബിഎസ്‌പിയിലെ ഏതാണ്ട് മുപ്പതോളം പ്രമുഖ നേതാക്കൾ ബിജെപിയിലെത്തി. അക്കൂട്ടത്തിൽ എം എൽ എ മാരുമുണ്ട്. മായാവതിയുടെ വിശ്വസ്തരായി കരുതപ്പെട്ടിരുന്നവർ ഇന്നിപ്പോൾ ബിജെപിയിലാണ് എന്ന് ചുരുക്കം. യുപി രാഷ്ട്രീയത്തിലുണ്ടായിട്ടുള്ള മാറ്റമാണ് അത് കാണിക്കുന്നത്. അതിനെല്ലാമിടയിലാണ് ഭരണകക്ഷിയായ സമാജ്‌വാദി പാർട്ടിയിലെ കലാപം. അവിടെ ഇനി എന്താണ് സംഭവിക്കാൻ പോകുന്നത് എന്നത് ആർക്കും പ്രവചിക്കാൻ കഴിയാത്ത സ്ഥിതിയാണ്. അടുത്തിടെ നടന്ന പ്രീ പോൾ സർവേകൾ കാണിച്ചുതന്നതും മറ്റൊന്നല്ല. ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ ബിജെപിയാവും ഏറ്റവും വലിയ കക്ഷി എന്നതാണ് അതിൽ കണ്ടത്. മുലയാമിന്റെ പാർട്ടിയിലെ കലാപം പൊട്ടിപ്പുറപ്പെടുന്നതിനു മുൻപാണ് ഈ സർവേകൾ നടന്നത് എന്നതുകൂടി ഓർക്കുക. ഇന്നാണ് അത് നടക്കുന്നതെങ്കിൽ ബിജെപി യുപിയിൽ തനിച്ചു ഭരണം പിടിച്ചടക്കുമെന്ന് പ്രവചനമുണ്ടാവുമെന്നതിൽ സംശയമില്ല.
കഴിഞ്ഞദിവസം കോൺഗ്രസിന്റ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നോക്കുന്ന പ്രൊഫെഷണൽ ഏജൻസിയുടെ തലവനായ പ്രശാന്ത് കിഷോർ ദൽഹിയിലെത്തിയിരുന്നു. കോൺഗ്രസ് നേതൃത്വവുമായി അദ്ദേഹം ചർച്ചകൾ നടത്തിയെന്നതിൽ സംശയമില്ല. എ എ പി നേതാക്കളും അദ്ദേഹത്തിൻറെ വിശ്വസ്തനാണ് എന്നത് ബീഹാർ തിരഞ്ഞെടുപ്പ് കാലത്തു നാമൊക്കെ കണ്ടതാണ്. ഇന്നത്തെ നിലക്ക് യുപിയിൽ കോൺഗ്രസ് പച്ചതൊടില്ല എന്നതാണ് പ്രശാന്ത് കിഷോറിന്റെ വിലയിരുത്തൽ. അത് അവസാനം കോൺഗ്രസ്സ് സമ്മതിക്കുകയും ചെയ്തു. രണ്ടുമാസത്തിലേറെയായി യുപിയിൽ കറങ്ങിനടന്ന ഗുലാം നബി ആസാദിനും കാര്യങ്ങൾ നന്നായറിയാം. അടിത്തറയില്ലാത്ത കക്ഷിയായി അവിടത്തെ കോണ്ഗ്ര്സ് മാറിക്കഴിഞ്ഞു എന്നതാണ് ആസാദ് നൽകിയ വിശദീകരണം. ദൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പൂജ്യം സീറ്റിൽ ഒതുക്കിയ ഷീല ദീക്ഷിതാവട്ടെ നാണം കേട്ട് തലപുറത്തുകാണിക്കാൻ കഴിയാത്ത സ്ഥിതിയിലുമാണ്. അതിനിടയിലാവണം ഈ ആത്മഹത്യാ നാടകം രൂപമെടുത്തത് എന്ന് കരുതുന്നവർ കുറവല്ല. ഇതുപോലൊരു വേളയിലാണ് സാഹിത്യകാരന്മാർ അവാർഡ് തിരികെ കൊടുക്കാൻ തയ്യാറായതും ഹൈദരാബാദ് സർവകലാശാലയിൽ ഒരു ആത്മഹത്യ സംഭവിച്ചതുമെന്നത് പലരുടെയും ഓർമ്മകളിൽ നിന്ന് മാഞ്ഞിട്ടുണ്ടാവില്ല. ഹൈദരാബാദിലേതു പോലെ, ജെ എൻ യുവിലേതുപോലെ ഇവിടെയും ഒരു എ എ പി, കോൺഗ്രസ് ഐക്യം നമുക്ക് കാണാനാവുന്നു എന്നതും എടുത്തുപറയേണ്ടതുതന്നെ. ഒരാളെ കൊലക്കുകൊടുത്തുകൊണ്ടു മുഖം രക്ഷിക്കാൻ ഒരു കക്ഷി തയ്യാറായാലത്തെ കഥ പറയേണ്ടതില്ലല്ലോ. എത്രമാത്രം അധഃപതിച്ചിരിക്കുന്നു അവരെന്നതിന് മറ്റെന്തു സാക്ഷ്യപത്രം.
അതിനൊപ്പം കാണേണ്ട മറ്റൊരു വാർത്തകൂടിയുണ്ട് . ഇന്നത്തെ ചില ദേശീയ പത്രങ്ങൾ അത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. യുപിയിലെ കോൺഗ്രസ് പ്രചാരകൻ പ്രശാന്ത് കിഷോർ ദൽഹിയിലെത്തി കണ്ടവരിൽ മുലായം സിങ് യാദവുമുണ്ട്. യുപി രാഷ്ട്രീയമാണ് അവർ ചർച്ചചെയ്തത് എന്നതും പരസ്യമാക്കിയിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ ഒരു മഹാസഖ്യം ഉണ്ടായില്ലെങ്കിൽ യുപിയിൽ രക്ഷപ്പെടില്ല എന്ന് മുലായമിനെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നാണ് പറയുന്നത്. അത്രമാത്രം ദയനീയ സ്ഥിതിയിലായിരിക്കുന്നു കോൺഗ്രസ്. യുപിക്കാര്യം മുലയവുമായി സംസാരിക്കാൻ കാശുകൊടുത്തു നിയോഗിച്ച ഒരു ക്യാമ്പയിൻ ഏജൻസിയുടെ തലവൻ വരേണ്ടിവരുന്നു. കാര്യങ്ങൾ ഒരു പക്ഷെ മുലയാമിന് ബോധ്യപ്പെട്ടേക്കാം. എന്നാൽ അദ്ദേഹത്തിന് യാതൊന്നും ഇന്നിപ്പോൾ ചെയ്യാനാവില്ല. അതിനുകാരണം, ഒന്ന് കോൺഗ്രസിനൊപ്പം ചേരുന്നത് ആത്മഹത്യാപരമാവും എന്നതുതന്നെ. അടുത്തകാലത്തൊന്നും എസ്‌പിയും കോൺഗ്രസും സഖ്യമുണ്ടാക്കിയിട്ടില്ല എന്നത് പ്രധാനമാണ്. പിന്നെ ഇന്നിപ്പോൾ അടിത്തറ തകർന്ന ഒരു പാർട്ടിക്കൊപ്പം എന്തിനുചേരണം എന്നത് മുലായം സിങ് യാദവ് ചിന്തിക്കുമല്ലോ. മറ്റൊന്ന്, മുലയാമിന്റെ പാർട്ടിയിലെ പ്രശ്നങ്ങൾ തന്നെ. കാര്യങ്ങൾ അത്ര എളുപ്പമല്ല അവിടെ എന്നത് മറ്റാരേക്കാളും നന്നായി അറിയുന്നയാൾ മുലായം തന്നെയാണല്ലോ. പറഞ്ഞുവന്നത്, കോൺഗ്രസ് നാശത്തിന്റെ പടുകുഴിയിലാണ് എന്നത് സ്വയം സമ്മതിക്കുകയാണ്.
ബീഹാറിൽ ഒരു മഹാസഖ്യമുണ്ടാക്കി എന്നത് ശരിയാണ്. എന്നാൽ ഇന്നത്തെ അവസ്ഥയെന്താണ്. ലാലുയാദവിനെ കൊണ്ട് സഹികെട്ടു നടക്കുകയാണ് നിതീഷ്‌കുമാർ. അദ്ദേഹം പ്രധാനമന്ത്രിയുമായി അടുത്ത ബന്ധം ഇന്ന് പുലർത്തുന്നു. ഏറെ താമസിയാതെ, ലാലുവിനെയും കോൺഗ്രസിനെയും കൈവിട്ട് എൻഡിഎയുമായി സഹകരിക്കാൻ നിതീഷ് തയ്യാറായാൽ അതിശയിക്കാനില്ല എന്നുള്ള വാർത്തകൾ കാണാതെപോകാനാവില്ലല്ലോ. നരേന്ദ്ര മോഡിയെ കാണാൻ പോലും തയ്യാറല്ലെന്ന് പറഞ്ഞിരുന്ന ബീഹാർ മുഖ്യമന്ത്രി ഇന്നിപ്പോൾ പ്രധാനമന്ത്രിയുമായി വളരെ അടുത്തബന്ധം പുലർത്തുന്നുണ്ട് എന്ന് പറയുന്നത് അദ്ദേഹത്തിൻറെ അടുപ്പക്കാർ തന്നെയാണ്.
യുപി മാത്രമല്ല കോൺഗ്രസിനെ അലട്ടുന്നത്. യുപിക്കൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്നത് ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് , പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ്. അവയിൽ പഞ്ചാബിൽ മാത്രമാണ് ബിജെപിയുടെ സ്ഥിതി മോശമെന്ന് പൊതുവെ കരുതപ്പെട്ടിരുന്നത്. കഴിഞ്ഞ പത്തുവർഷത്തെ അകാലിദൾ – ബിജെപി ഭരണത്തിനെതിരായ വികാരം അവിടെയുണ്ട് എന്നതായിരുന്നു ഒരു വിലയിരുത്തൽ. മറ്റു മൂന്നു സംസ്ഥാനങ്ങളും കോൺഗ്രസിനും ബിജെപിക്കും വളരെ പ്രധാനമാണ്. അത് മൂന്നും കോൺഗ്രസിന് തോൽവിയാണു സമ്മാനിക്കുക എന്നതാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പ്രീ പോൾ സർവേ കാണിക്കുന്നതും അതുതന്നെയാണ്. ഒന്നാലോചിച്ചു നോക്കൂ, ആ സംസ്ഥാനങ്ങൾ കൂടി കൈവിട്ടുപോയാൽ കോൺഗ്രസിന്റെ അവസ്ഥയെന്താവും?. രാഹുൽ ഗാന്ധിക്ക് എന്തുപറഞ്ഞു നാട്ടിൽ നടക്കാൻ കഴിയും?. കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവരുന്ന ഒരു പ്രസ്ഥാനത്തിന്റെയും അതിന്റെ ദയനീയ നേതൃത്വത്തിന്റെയും കരച്ചിലാണ് ഇന്നിപ്പോൾ രാജ്യം കാണുന്നത്.
ഇനി ഏറ്റവുമൊടുവിൽ ഓ ആർ ഓ പിയുടെ കാര്യം. കഴിഞ്ഞ പന്ത്രണ്ടു വർഷമായി കടലാസിൽ ഒതുങ്ങിയ പ്രഖ്യാപനം നടപ്പിലാക്കിയത് നരേന്ദ്ര മോദി സർക്കാരാണ് എന്നത് ആർക്കാണ് അറിയാത്തത്. എന്നിട്ടു ഇന്നിപ്പോൾ രാഹുൽ ഗാന്ധിയും കോൺഗ്രസുകാരും, അവർക്കൊപ്പം എ കെ ആന്റണിയുമുണ്ട്, ലജ്ജയില്ലാതെ കേന്ദ്രസർക്കാരിനെ ആക്ഷേപിക്കാൻ ശ്രമിക്കുന്നു. മനസാക്ഷി ലവലേശമുണ്ടെങ്കിൽ എ കെ ആന്റണി ഇതിനൊക്കെ തയ്യാറാവുമായിരുന്നോ. അവസരവാദ രാഷ്ട്രീയത്തിന്റെ അപ്പോസ്തലനായി അദ്ദേഹം മാറുന്നത് കാണുമ്പൊൾ ദുഖവുമുണ്ട്. ഒൻപതുവർഷക്കാലം പ്രതിരോധ മന്ത്രി എന്ന നിലക്ക് ആ ഫയലിൽ ചടഞ്ഞുകൂടിയിരുന്നയാളാണ് ആന്റണി എന്നത് മറന്നുകൂടല്ലോ. അടുത്തിടെ ഉണ്ടായ ‘ സർജിക്കൽ സ്ട്രൈക്ക്’ ഇന്ത്യയിലെ ജനങ്ങൾക്കിടയിലുണ്ടാക്കിയ ആത്മവിശ്വാസം ചെറുതല്ല. സൈനികരുടെ ആത്‌മവീര്യവും വലിയതോതിൽ വർധിച്ചു. പാക് ഭീകരതക്കെതിരെ ഇന്ത്യ ശക്തമായി രംഗത്തുവരുന്നു എന്നത് ജനകോടികൾ മനസിലാക്കുന്നു. അതിന്റെ ഒരു ആവേശം മറ്റെവിടത്തേക്കാളുമുള്ളത് എക്സ് സർവീസ് ഉദ്യോഗസ്ഥരിലാണ്. വിമുക്ത ഭടന്മാർ വലിയ ആവേശത്തിലാണ്. അവരിപ്പോൾ ഒറ്റക്കെട്ടായി മോദിക്കൊപ്പം, ബിജെപിക്കൊപ്പം നിൽക്കുന്നു എന്നത് കോൺഗ്രസ് മനസിലാക്കി. അതിൽനിന്നു അവരെ മോചിപ്പിക്കാനുള്ള വിവരം കേട്ട നീക്കമാവണം ഇന്ന് ദൽഹിയിൽ നടന്ന ആത്മഹത്യ. അതിനെല്ലാം കോൺഗ്രസ് തയ്യാറാവും; അതിലേറെയും അടുത്തനാളുകളിൽ പ്രതീക്ഷിക്കണം എന്നതാണ് ഇന്ത്യൻ ജനത ഓർത്തിരിക്കേണ്ടത്.
Post Your Comments