തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ ശബരിമല സന്ദര്‍ശനവും അതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളോടും വിമര്‍ശനങ്ങളോടും പ്രതികരിച്ച് സി.പി.എം നേതാവ് എം. സ്വരാജ് എം.എല്‍.എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്വരാജിന്റെ പ്രതികരണം. പല ആരാധനാലയങ്ങളും തനിക്ക് പിക്‌നിക് സ്‌പോട്ടാണെന്ന് തുറന്നടിച്ചിരിക്കുകയാണ് സ്വരാജ്.
ജലീല്‍ ശബരിമലയെ ഒരു പിക്‌നിക് സ്‌പോട്ടായി കണ്ടെന്ന മുരളീധരന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായിരുന്നു ഇത്. താന്‍ കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഭക്തി പാരവശ്യത്താല്‍ പ്രാര്‍ത്ഥിക്കാനായിട്ടല്ല എവിടെയും പോയത്. ഭക്തനാണോ എന്ന് മനസിലാക്കാനുള്ള യന്ത്രം എവിടെയെങ്കിലും ഉള്ളതായി എനിക്കറിയുകയുമില്ല. വി.മുരളീധരന്‍ ക്ഷമിക്കണം. പല ആരാധനാലയങ്ങളും ഫലത്തില്‍ തനിക്ക് പിക്‌നിക് പോട്ടുകള്‍ തന്നെയായിരുന്നുവെന്നും സ്വരാജ് പറയുന്നു.
ആരാധനാലയങ്ങളില്‍ ഭീകരപ്രവര്‍ത്തകരും അക്രമികളും താവളമാക്കുന്നുവെങ്കില്‍ മാത്രമേ ആശങ്കപ്പെടേണ്ടതുള്ളൂ. എല്ലാ ജാതിയിലും മതത്തിലും പെട്ടവരും ഒന്നിലും പെടാത്തവരുമായ സകല മനുഷ്യര്‍ക്കും കടന്നു ചെല്ലാന്‍ കഴിയുന്നവയായിരിക്കണം ആരാധനാലയങ്ങളെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.
ഡല്‍ഹിയിലെ ജുമാ മസ്ജിദില്‍ ഞാന്‍ പോയിട്ടുണ്ട്. മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പോയിട്ടുണ്ട്. മോസ്‌കോയിലെ സെന്റ് ബസിലസ് കത്തീഡ്രലിലും, മൈസൂരിലെ സെന്റ് ഫിലോമിന ചര്‍ച്ചിലും, ഉദയംപേരൂരിലെ സുനഹദോസ് പള്ളിയിലും പോയിട്ടുണ്ട്. ഡല്‍ഹിയിലെ ബംഗ്ലാസാഹബ് ഗുരുദ്വാരയിലും, ഡല്‍ഹിയില്‍ തന്നെ കാല്‍ക്കാജിയിലുള്ള ബഹായ് വിശ്വാസികളുടെ ലോട്ടസ് ടെംമ്പിളിലും പോയിട്ടുണ്ട്. ബീജിംഗിലെ ബുദ്ധക്ഷേത്രവും, ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ ആബിയും സന്ദര്‍ശിച്ചിട്ടുണ്ട്. ഭക്തി തോന്നി പ്രാര്‍ത്ഥിക്കാനായിട്ടല്ല എവിടെയും പോയതെന്നും എംഎല്‍എ പറയുന്നു.
ആരും എവിടെയും തന്നെ തടഞ്ഞിട്ടില്ല. ആരെയും തടയുന്നത് ഞാന്‍ കണ്ടിട്ടുമില്ല. ഭക്തനാണെന്നതിന് ആരും എന്നോട് തെളിവ് ചോദിച്ചിട്ടില്ല. ഭക്തനാണോ എന്ന് മനസിലാക്കാനുള്ള യന്ത്രം എവിടെയെങ്കിലും ഉള്ളതായി എനിക്കറിയുകയുമില്ല. ഞാന്‍ കണ്ട സകല ആരാധനാലയങ്ങളുടെയും വാതിലുകള്‍ എല്ലാവര്‍ക്കുമായി തുറക്കപ്പെട്ടവയായിരുന്നുവെന്നും സ്വരാജ് പറയുന്നു.
Post Your Comments