ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരീല്‍ മിന്നലാക്രമണം നടത്തിയ ദിവസം അബദ്ധത്തില്‍ അതിര്‍ത്തി മറികടക്കുകയും പാക് സൈന്യത്തിന്റെ പിടിയിലാകുകയും ചെയ്ത സൈനികനെ മോചിപ്പിക്കാന്‍ ഇന്ത്യ ശ്രമം തുടങ്ങി. സൈനികനെ വിട്ടുനല്‍കണമെന്ന മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറലിന്റെ അഭ്യര്‍ഥന പാകിസ്ഥാന്‍ ചെവിക്കൊള്ളാത്ത സാഹചര്യത്തില്‍ വിദേശകാര്യ മന്ത്രാലയം വഴി നീക്കങ്ങള്‍ നടത്താനാണ് ഇന്ത്യ തയ്യാറെടുക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സെപ്തംബര്‍ 29 ന് പാക് അധീന കശ്മീരില്‍ അകപ്പെട്ടുപോയ ചന്ദു ബാബുലാല്‍ ചവാനെ മോചിപ്പിക്കാന്‍ നയതന്ത്ര സമ്മര്‍ദ്ദം ഉണ്ടാക്കാനാണ് ഇന്ത്യയുടെ നീക്കം.
ജമ്മു കശ്മീരിലെ മെന്ദര്‍ സെക്ടറിലെ എ 37 രാഷ്ട്രീയ റൈഫിള്‍സ് ശിപായിയായ ചവാന്‍ ഇന്ത്യ പാക് അധീന കശ്മീരിലെ തീവ്രവാദക്യാമ്പുകളില്‍ മിന്നലാക്രമണം നടത്തിയതിന് തൊട്ടു പിന്നാലെയാണ് കാണാതായത്. ഒക്‌ടോബര്‍ 2 ന് ഡിജിഎംഒ വഴി ചവാന്റെ മോചനത്തിനായി പ്രവര്‍ത്തിക്കുമെന്ന് പ്രതിരോധമന്ത്രി പറയുകയുമുണ്ടായി.
എന്നാല്‍ ഇതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മില്‍ ഒരു ചര്‍ച്ചയ്ക്കും സാധ്യത ഇല്ലാത്ത വിധം കാര്യങ്ങള്‍ മാറുകയും ചെയ്തു.ജവാനെ കാണാതെ പോയ സംഭവവും സര്‍ജിക്കല്‍ അറ്റാക്കും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് നേരത്തേ തന്നെ ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയിരുന്നു. സൈനികരും നാട്ടുകാരുമൊക്കെ അബദ്ധത്തില്‍ അതിര്‍ത്തി മറികടക്കുക പതിവാണെന്നും എന്നാല്‍ ഇവരെ സുരക്ഷിതരായി തിരികെ എത്തിക്കുന്നത് ഉറപ്പാക്കുക മാത്രമാണ് ചെയ്യാറുള്ളതെന്നുമാണ് സൈന്യം പറയുന്നത്. ചവാനെ പാകിസ്ഥാന്‍ മടക്കി നല്‍കുമെന്ന് തന്നെയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഇതുവരെ പാകിസ്ഥാൻ പ്രതികരിക്കാത്ത സാഹചര്യത്തില്‍ അവരുടെ വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കാനാണ് നീക്കം.
ചവാന്‍ കസ്റ്റഡിയിലുണ്ടെന്നകാര്യം സമ്മതിക്കാന്‍ ആദ്യം മടിച്ച പാകിസ്ഥാന്‍ പിന്നീട് ഇക്കാര്യം ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചിരുന്നു.
Post Your Comments