India

ഇന്ത്യയുടെ താണ്ഡവം: നിരവധി പാക് സൈനികര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍● ഇന്ത്യന്‍ സൈനികനെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കി വലിച്ചെറിഞ്ഞതിന് പ്രതികാരമായി ഇന്ത്യന്‍ സൈന്യം പാക് പോസ്റ്റുകള്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ നിരവധി പാക് സൈനികര്‍ കൊല്ലപ്പെട്ടതായി സൂചന. നിയന്ത്രണരേഖയില്‍ കെരാന്‍ സെക്ടറിലെ പാക് പോസ്റ്റുകള്‍ക്ക് നേരെയാണ് ഇന്ത്യ കനത്ത ആക്രമണം നടത്തിയത്. ആക്രമണത്തില്‍ നാല് പാക് സൈനിക പോസ്റ്റുകള്‍ ഇന്ത്യന്‍ സേന പൂര്‍ണമായും ചുട്ടെരിച്ചു.

ഇന്ത്യയുടെ തിരിച്ചടിയില്‍ പാക് സൈനികര്‍ക്കിടയില്‍ കനത്ത നാശമുണ്ടായതായി ഉധംപൂരിലെ നോര്‍ത്തേന്‍ കമാന്‍ഡ്‌ പ്രസ്താവനയില്‍ അറിയിച്ചു.

പാക് സൈന്യത്തിന്റെ സഹായത്തോടെ ഇന്ത്യന്‍ സൈനികന്‍ മഞ്ജീത് സിംഗിന്റെ തലവെട്ടിയ ശേഷം മൃതദേഹം വികൃതമാക്കിയ സംഭവത്തില്‍ തിരിച്ചടി നല്‍കുമെന്ന് സൈന്യം പ്രഖ്യാപിച്ചിരുന്നു.

പാകിസ്ഥാന്റെ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്ക് മറുപടിയായി പൂര്‍ണശക്തിയില്‍ തിരിച്ചടിയ്ക്കാന്‍ നിയന്ത്രണ രേഖയിലെ ബറ്റാലിയന്‍ കമാന്‍ഡര്‍മാര്‍ സൈനികര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

ശനിയാഴ്ച മുഴുവന്‍ ഇന്ത്യന്‍ സൈനികര്‍ മോര്‍ട്ടാറുകളും, ലൈറ്റ്, ഹെവി മെഷിന്‍ ഗണ്ണുകളും റോക്കറ്റുകളും ഉപയോഗിച്ച് പാക് പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. പാകിസ്ഥാന്‍ പോസ്റ്റുകളും ബങ്കറുകളും കൃത്യമായി തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ആക്രമണം. എന്നാല്‍ മറുവശത്ത്‌ എത്രപേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന കാര്യം വ്യക്തമല്ലെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സെപ്റ്റംബര്‍ 29 ന് ഇന്ത്യ പാക് അധീന കാശ്മീരില്‍ മിന്നലാക്രമണം നടത്തിയ ശേഷമാണ് അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായത്. സംഘര്‍ഷം അതിരൂക്ഷമായ കഴിഞ്ഞദിവസങ്ങളില്‍ നിരവധി പാക് സൈനികര്‍ക്കും റേഞ്ചര്‍മാര്‍ക്കും ജീവന്‍ നഷ്ടമായിരുന്നു. ഇന്ത്യന്‍ പക്ഷത്ത് നാല് സൈനികരും, മൂന്ന് ബി.എസ്.എഫ് ജവാന്മാരും, ഏതാനും ഗ്രാമീണരും കൊല്ലപ്പെട്ടിരുന്നു.

വിരമിക്കാനിരിക്കുന്ന പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ റഹീല്‍ ഷരീഫ് പാക് ബോര്‍ഡര്‍ ആക്ഷന്‍ ടീമിന് ഇന്ത്യന്‍ പോസ്റ്റുകള്‍ നേരെയുള്ള ആക്രമണത്തിന് ഗ്രീന്‍ സിഗനല്‍ നല്‍കിയതാണ് ഇപ്പോഴത്തെ സ്ഥിതിഗതികള്‍ വഷളാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button