തിരുവനന്തപുരം● ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേയ്സ് കേരളത്തില്‍ നിന്ന് യു.എ.ഇയിലേക്ക് രണ്ട് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നു. തിരുവനന്തപുരം-ദുബായ്, കോഴിക്കോട്-ഷാര്‍ജ റൂട്ടിലാണ് പുതിയ വിമാനങ്ങള്‍. ഒക്ടോബര്‍ 30 മുതലാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്.
എല്ലാ ദിവസവും രാവിലെ 8 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിമാനം 11 മണിക്ക് ( ഇന്ത്യന്‍ സമയം 12.30) ദുബായിയില്‍ എത്തും. മടക്കവിമാനം പ്രാദേശിക സമയം രാത്രി 11.59 ന് പുറപ്പെട്ട് പുലര്‍ച്ചെ 5.45 ന് തിരുവനന്തപുരത്ത് എത്തിച്ചേരും.
കോഴിക്കോട്-ഷാര്‍ജ വിമാനം എല്ലാ ദിവസവും രാത്രി 9.25 ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് 11.55 ന് (ഇന്ത്യന്‍ സമയം 1.25) ഷാര്‍ജയില്‍ എത്തിച്ചേരും. മടക്കവിമാനം വൈകുന്നേരം 3.50 ന് (ഇന്ത്യന്‍ സമയം 4.20) ന് പുറപ്പെട്ട് രാത്രി 9.45 ന് കോഴിക്കോട് എത്തിച്ചേരും.
പുതിയ സര്‍വീസോടെ ജെറ്റ് എയര്‍വേയ്സ് ഷാര്‍ജയിലേക്ക് സര്‍വീസ് നടത്തുന്ന മൂന്നമത്തെ നഗരമായി കോഴിക്കോട് മാറും. നിലവില്‍ ജെറ്റ്എയര്‍വേയ്സ് കൊച്ചി, മംഗളൂരു എന്നിവിടങ്ങളില്‍ നിന്നും ഷാര്‍ജയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.
കൂടാതെ തിരുവനന്തപുരത്ത് നിന്ന് ജെറ്റ് എയര്‍വേയ്സ് ദമ്മാം, ദോഹ, മസ്ക്കറ്റ് തുടങ്ങിയ ഗള്‍ഫ് നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. നിലവില്‍ ആഴ്ചയില്‍ മൂന്നു ദിവസമുള്ള തിരുവനന്തപുരം-ദോഹ സര്‍വീസ് ഒക്ടോബര്‍ 30 മുതല്‍ പ്രതിദിന സര്‍വീസായി മാറ്റിയിട്ടുണ്ട്.
ബോയിംഗ് 737-800 നെക്സ്റ്റ് ജനറേഷന്‍ വിമാനങ്ങള്‍ ഉപയോഗിച്ചാകും പുതിയ സര്‍വീസുകള്‍ നടത്തുകയെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളില്‍ നിന്നും ജെറ്റ് എയര്‍വേയ്സ് 13 അന്താരാഷ്ട്ര സര്‍വീസുകളും 4 ആഭ്യന്തര സര്‍വീസുകളും നടത്തുന്നുണ്ട്.
Post Your Comments