KeralaNews

തെരുവുനായശല്യം പരിഹരിക്കാനുള്ള മാര്‍ഗ്ഗരേഖ നടപ്പാക്കാന്‍ പണമില്ല!

ഡൽഹി: തെരുവുനായ ശല്യം പരിഹരിക്കാനുള്ള മാര്‍ഗ്ഗരേഖ നടപ്പാക്കാന്‍ പണമില്ലെന്ന് പരിസ്ഥിതിമന്ത്രാലയത്തില്‍ ചേര്‍ന്ന യോഗത്തിന്റെ വിലയിരുത്തല്‍. കേന്ദ്ര പരിസ്ഥിതി മന്ത്രാലയവുമായി മൃഗസംരക്ഷണ ബോര്‍ഡ് അംഗങ്ങള്‍ നടത്തിയ യോഗത്തിലാണ് തീരുമാനം അറിയിച്ചത്. മാര്‍ഗ്ഗരേഖ നടപ്പാക്കാന്‍ പ്രത്യേക ഫണ്ട് അനുവദിക്കണമെന്ന് ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. എബിസി ചട്ടം അനുസരിച്ചുള്ള നടപടികള്‍ കര്‍ശനമാക്കിയാല്‍ തന്നെ കേരളത്തിലെ തെരുവുനായശല്യം പരിഹരിക്കാവുന്നതാണെന്ന് യോഗം വിലയിരുത്തി.

തെരുവുനായ ശല്യം പരിഹരിക്കാന്‍ പ്രായോഗികമായി എന്ത് നടപടി സ്വീകരിക്കാനാകുമെന്ന് നിര്‍ദേശിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് പരിസ്ഥിതി മന്ത്രാലയം സ്‌പെഷ്യല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ മൃഗസംരക്ഷണ ബോര്‍ഡ് അദ്ധ്യക്ഷന്‍ ഡോ. ആര്‍ എം ഖര്‍ബും ബോര്‍ഡ് അംഗങ്ങളും പങ്കെടുത്തു.

മാര്‍ഗ്ഗരേഖ നടപ്പാക്കാനുള്ള പണം കണ്ടെത്തുന്നതാണ് പ്രധാന പ്രശ്‌നമെന്ന് യോഗം വിലയിരുത്തി. ഇക്കാര്യത്തില്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ സഹായം തേടാന്‍ യോഗം തീരുമാനിച്ചു. എബിസി ചട്ടം അനുസരിച്ചുള്ള നടപടികള്‍ കര്‍ശനമാക്കിയാല്‍ തന്നെ കേരളത്തിലെ തെരുവുനായശല്യം പരിഹരിക്കാവുന്നതാണെന്ന് യോഗം വിലയിരുത്തി. തെരുവുനായ്ക്കളെ വന്ധ്യംകരിക്കുക, പ്രത്യേക അഭയകേന്ദ്രങ്ങള്‍ സ്ഥാപിക്കുക, ആക്രമണത്തിന് ഇരയാവുന്നവര്‍ക്ക് വൈദ്യസഹായം, നഷ്ടപരിഹാരം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ മാര്‍ഗ്ഗരേഖയില്‍ ഉണ്ടാകും. മാര്‍ഗ്ഗരേഖ നവംബറില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും. കേരളത്തില്‍ മാത്രമല്ല രാജ്യവ്യാപകമായി മാര്‍ഗ്ഗരേഖ നടപ്പിലാക്കണം എന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെടുമെന്നും പരിസ്ഥിതി മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button