NewsIndia

ചാരപ്പണി: സമാജ് വാദി പാര്‍ട്ടി എംപിയുടെ സഹായിയും പിടിയില്‍

ന്യൂഡല്‍ഹി: പാക്കിസ്ഥാനു വേണ്ടി ചാര പ്രവർത്തനം നടത്തിയ ഒരാൾ കൂടി അറസ്റ്റിൽ. പാക്ക് ഹൈക്കമ്മീഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട ചാരപ്രവര്‍ത്തി കേസില്‍ രാജ്യസഭാ എംപിയുടെ സഹായിയേയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. സമാജ്‍വാദി പാര്‍ട്ടി എംപിയായ മുനവര്‍ സലീമിന്റെ സഹായി ഫര്‍ഹത്താണ് പിടിയിലായത്. എന്നാൽ കേസുമായി ഇയാള്‍ക്കുള്ള ബന്ധമെന്താണെന്ന് വ്യക്തമല്ല. ചോദ്യം ചെയ്യൽ തുടരുകയാണ്.

അതേസമയം കഴിഞ്ഞദിവസം ചാരപ്രവര്‍ത്തനത്തിനു പിടിയിലായ പാക്ക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്റെ മൊഴി, 2008ല്‍ മുംബൈയില്‍ നടന്നതുപോലെ, കടല്‍മാര്‍ഗം എത്തി ആക്രമണം നടത്താന്‍ ഐഎസ്‌ഐ പദ്ധതിയിടുന്നുവെന്ന രഹസ്യവിവരം സ്ഥിരീകരിക്കുന്നതാണെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. പാക്ക് ഹൈക്കമ്മീഷനിലെ ഏതൊക്കെ ഉദ്യോഗസ്ഥര്‍ക്കാണ് വിവരങ്ങള്‍ കൈമാറിയിരുന്നതെന്നു മെഹ്മൂദ് അക്തര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

പക്ഷെ നേരിട്ടുള്ള തെളിവുകള്‍ ലഭിക്കാത്തതിനാൽ ഈ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ ഇപ്പോള്‍ നടപടികള്‍ സ്വീകരിക്കില്ലെന്നും സൂചനയുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് മെഹ്മൂദ് അക്തറിനെയും രാജസ്ഥാന്‍കാരായ മൗലാന റമസാന്‍, സുഭാഷ് ജംഗീര്‍ എന്നിവരെയും ചാരപ്രവര്‍ത്തനത്തിനു ഡല്‍ഹി പോലീസ് പിടികൂടിയത്. പടിഞ്ഞാറന്‍തീരത്തെ സൈന്യവിന്യാസത്തെയും ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിലെ സൈനിക കേന്ദ്രങ്ങളെയും കുറിച്ചുള്ള വിവരങ്ങളാണ് അക്തര്‍ ഇന്ത്യക്കാരായ കൂട്ടാളികളില്‍നിന്നു ശേഖരിച്ചതെന്നാണു വ്യക്തമായിട്ടുള്ളത്.

അക്തര്‍ 50,000 രൂപയാണ് വിവരങ്ങള്‍ നല്‍കുന്നതിന് കൂട്ടാളികള്‍ക്കു വാഗ്ദാനം ചെയ്തത്. അക്തറിനെ ചോദ്യം ചെയ്യലിനുശേഷം പാക്ക് ഹൈക്കമ്മീഷനു കൈമാറിയിരുന്നു. ജോധ്പൂരില്‍ അറസ്റ്റിലായ മറ്റു രണ്ട് പേരെയും 11 ദിവസത്തേക്കു പോലീസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി നിര്‍ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button