ബെയ്ജിങ്: ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ ഇന്ത്യയിലെ അരുണാചൽ പ്രദേശ് സന്ദർശിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ചൈന. അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയുടെ ക്ഷണപ്രകാരമാണ് ദലൈലാമ അടുത്തവർഷം ആദ്യം അരുണാചൽ പ്രദേശ് സന്ദർശിക്കുന്നത്.
ദലൈലാമയുടെ അരുണാചൽ സന്ദർശനം അനുവദിച്ചാൽ ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാകുമെന്ന് ചൈന വ്യക്തമാക്കി. ചൈനയുടെ അധീനതയിലുള്ള ദക്ഷിണ ടിബറ്റിന്റെ ഭാഗമെന്ന് അവർ അവകാശപ്പെടുന്ന സ്ഥലമാണ് അരുണാചൽ പ്രദേശ്. ദലൈലാമയുടെ അരുണാചൽ സന്ദർശനത്തിന് ഇന്ത്യ അനുമതി നൽകിയ കാര്യം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലൂ കാങ് വ്യക്തമാക്കി.
ചൈന-ഇന്ത്യ കിഴക്കൻ അതിർത്തിയെക്കുറിച്ച് ചൈനയുടെ നിലപാട് വ്യക്തവും കൃത്യവുമാണ്. ചൈനയ്ക്കെതിരായ വിഘടനവവാദി നീക്കങ്ങളെ പിന്തുണച്ചിട്ടുള്ളയാളാണ് ദലൈലാമ. അതുകൊണ്ടുതന്നെ ഇന്ത്യ-ചൈന അതിർത്തി വിഷയത്തിൽ തീർത്തും തെറ്റായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. ഇക്കാര്യങ്ങളേക്കുറിച്ചെല്ലാം ഇന്ത്യയ്ക്ക് അറിവുള്ളതാണെന്നും അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും കാങ് വ്യക്തമാക്കി.
ഇത്തരമൊരു സാഹചര്യം നിലനിൽക്കെ അരുണാചൽ സന്ദർശിക്കാൻ ദലൈലാമയെ ക്ഷണിച്ച ഇന്ത്യൻ നടപടി, ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം തകർക്കാനേ ഉപകരിക്കൂ. മാത്രമല്ല, അതിർത്തിയിലെ സമാധാനാന്തരീക്ഷത്തിനും സ്ഥിരതയ്ക്കും ഇത് ഭീഷണി ഉയർത്തുകയും ചെയ്യുമെന്നു ലൂ കാങ് പറഞ്ഞു. ടിബറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ രാഷ്ട്രീയ മര്യാദ കാണിക്കണമെന്നും അതിർത്തി തർക്ക വിഷയത്തിൽ ഉണ്ടാക്കിയിട്ടുള്ള ഉഭയകക്ഷി കരാറുകളെ മാനിക്കണമെന്നും ലൂ കാങ് ഇന്ത്യയോട് ആവശ്യപ്പെട്ടു.
Post Your Comments