KeralaNews

ബാര്‍ ലൈസന്‍സ് അനുവദിക്കല്‍: സര്‍ക്കാറിന് ഇരട്ടത്താപ്പെന്ന് ആരോപണം

കൊച്ചി : ബാര്‍ലൈസന്‍സ് നല്‍കാന്‍ കോടതി ഉത്തരവുമായി എത്തിയ രണ്ട് ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നിഷേധിക്കുകയും, എന്‍ഒസി തര്‍ക്കത്തില്‍ കിടക്കുന്ന ഹോട്ടലിന് ലൈസന്‍സ് നൽകുകയും ചെയ്ത സർക്കാർ നടപടി മറ്റൊരു വിവാദത്തിനു വഴി തെളിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ മദ്യനയപ്രകാരം ലൈസന്‍സ് നല്‍കുന്നത് നയവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു രണ്ട് ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നിഷേധിച്ചത്. എന്നാല്‍ അനുമതി ലഭിച്ച ഹോട്ടലിന് ഈ നയം ബാധകമായില്ല.

തൃപ്പൂണിത്തറയിലെ ഹില്‍ പാലസ്, ചങ്ങനാശേരിയിലെ കോണ്ടൂര്‍ എന്നി പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നിഷേധികുകയും, കോടനാട്ടെ ഡ്യൂലാന്റ് ഹോട്ടലിന് ലൈസന്‍സ് അനുവദിക്കുകയും ചെയ്തു. കൂടാതെ ഡ്യൂലാന്റ് ഒഴികെയുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ അനുവദിക്കുന്നതിനെതിരെ സര്‍കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. യുഡിഎഫ് മദ്യനയം ചൂണ്ടിക്കാണിച്ചാണ് അപ്പീല്‍ നല്‍കിയത്. പുതിയ ബാറുകള്‍ അനുവദിച്ചാല്‍ അത് മദ്യനയത്തിന് വിരുദ്ധമാകും. സംസ്ഥാനത്ത് മദ്യ ലഭ്യത കുറച്ചുകൊണ്ടുവരികയാണ് ലക്ഷ്യമെന്നും അപ്പീലില്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഡ്യൂലാന്ടിനു ബാര്‍ അനുവദിച്ച് എക്സൈസ് കമ്മീഷണര്‍ ഉത്തരവിറക്കിയെങ്കിലും ഇതു വരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ഡ്യൂലാന്റിന് ബാര്‍ അനുവദിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഒരു ഹര്‍ജി നിലനില്‍ക്കുന്നതാണ് കാരണം. ബാര്‍ നടത്താനുള്ള പഞ്ചായത്തിന്റെ എന്‍ഒസിയുമായി ബന്ധപെട്ടുള്ള തർക്കത്തെ തുടർന്ന് എൻഒസി കോടതി മരവിപ്പിച്ചു. ഇത് നിലനില്‍ക്കേയാണ് ബാര്‍ അനുവദിച്ച് ഉത്തരവിറങ്ങുന്നത്.

ഇതെ തുടര്‍ന്നു എൻഒസി വിഷയം മുന്‍ നിര്‍ത്തി ഹോട്ടലിന്റെ അയല്‍വാസി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയെ സമീപിച്ച് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കി. ഹോട്ടലിന് എന്‍ഒസി തര്‍ക്കമുള്ള കാര്യം മുഖ്യമന്ത്രിയെ ഉള്‍പ്പെടെ രേഖാമൂലം അറിയിച്ചിരുന്നതാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ ഡ്യൂലാന്റിന് മാത്രമായി അനുകൂല തീരുമാനം വന്നതിന് പിന്നില്‍ എറണാകുളത്തെ ചില സിപിഎം നേതാക്കളാണെന്നുള്ള ശക്തമായ ആരോപണവും ഇപ്പോൾ ഉയർന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button