കാശ്മീർ: അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍. ഇന്നുരാവിലെ കുപാ വാരയിലെ മച്ചില്‍ സെക്ടറിലെ ഇന്ത്യന്‍ ക്യാപിലേക്ക് നടത്തിയ പാക് വെടിവെയ്പില്‍ ഒരു ജവാന്‍ കൂടി മരിച്ചു. നിതിന്‍ സുഭാഷ് എന്ന ബിഎസ്എഫ് കോണ്‍സ്റ്റബിളാണ് വീരമൃത്യു വരിച്ചത്. രാവിലെ കത്വ, ആര്‍എസ് പുര, ഹരിനഗര്‍ എന്നിവിടങ്ങളിലാണ് പാകിസ്ഥാൻ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. പാകിസ്ഥാൻ രാവിലെ 7:20നാണ് അതിര്‍ത്തിയില്‍ ആക്രമണം ആരംഭിച്ചത്. സംഭവത്തില്‍ ഇന്ത്യ പാക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കും.
വെള്ളിയാഴ്ച രാത്രി നിയന്ത്രണരേഖയില്‍ പാക് തീവ്രവാദികള്‍ സൈനികനെ കൊന്ന് മൃതദേഹം വികൃതമാക്കിയ സംഭവത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങവെയാണ് അതിര്‍ത്തിയില്‍ ഒരു സൈനികന്‍ കൂടി കൊല്ലപ്പെട്ടിരിക്കുന്നത്. കശ്മീരിലെ ഫുല്‍വാമ ജില്ലയില്‍ വീട്ടില്‍ അതിക്രമിച്ചു കയറിയ ഭീകരര്‍ ഇന്നലെ ഒരു സ്ത്രീയെ വെടിവെച്ചു കൊന്നിരുന്നു. രണ്ട് ഭീകരര്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും വീട്ടമ്മയായ ബീബ യൂസഫിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. നാലു പെണ്‍മക്കളും ഒരു മകനും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നു. വെടിവെച്ച ശേഷം ഭീകരര്‍ മോട്ടോര്‍ സൈക്കിളില്‍ കയറി കടന്നു കളയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അതിര്‍ത്തിയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സൈന്യവും ശക്തമായ തിരിച്ചടിയാണ് നല്‍കുന്നത്. ഒരാഴ്ചയ്ക്കിടെ 15 പാക് സൈനികരെ വധിച്ചതായി സൈന്യം ഇന്നലെ അറിയിച്ചിരുന്നു.
Post Your Comments