KeralaNews

കേരളത്തിന് അഭിമാനം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയുടെ പ്രശംസ

കൊച്ചി: അതെ കേരളത്തിന് അഭിമാനിയ്ക്കാം. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയുടെ പ്രശംസ. അതിഗംഭീരം അതി സുന്ദരം… ഇങ്ങനെയായിരുന്നു നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ സന്ദര്‍ശിച്ച് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീ പറഞ്ഞ അഭിപ്രായം . ന്യൂസീലന്‍ഡ് കമ്പനിയായ ഗ്ലൈഡ് പാത്ത് 100 കോടി ചെലവിട്ടു ടെര്‍മിനലില്‍ ഒരുക്കിയ അത്യാധുനിക ഇന്‍ലൈന്‍ ബാഗേജ് ഹാന്‍ഡ്‌ലിങ് സംവിധാനം നേരില്‍കാണുന്നതിനായാണ് അദ്ദേഹം കൊച്ചി വിമാനത്താവളം സന്ദര്‍ശിച്ചത്.
ഏറ്റവും സുന്ദരമായ വിമാനത്താവളങ്ങളിലൊന്നു സന്ദര്‍ശിക്കാനുള്ള അവസരമാണു ലഭിച്ചതെന്ന് സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം പറഞ്ഞു.
വൈകീട്ട് 5 ന് പ്രത്യേക വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തിയ അദ്ദേഹത്തെ സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി ജെ കുര്യന്‍, ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫറുള്ള, എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ സി കെ നായര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ എം ഷബീര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് വിമാനത്താവളത്തിലെ നിര്‍മ്മാണം അന്തിമഘട്ടത്തിലെത്തിയ പുതിയ ഇന്റര്‍നാഷനല്‍ ടെര്‍മിനല്‍ അദ്ദേഹം സന്ദര്‍ശിച്ചു.

ഇവിടെ ബഗേജ് കൈകാര്യം ചെയ്യുന്നതിനുള്ള കണ്‍വെയര്‍ ബെല്‍റ്റുകളും എക്‌സ്‌റേ യന്ത്രങ്ങളും മറ്റ് അത്യാധുനിക സംവിധാനങ്ങളും ഒരുക്കിയിരിക്കുന്ന ന്യൂസിലന്‍ഡ് കമ്പനിയായ ഗ്ലൈഡ് പാത്തിന്റെ ക്ഷണം സ്വീകരിച്ചാണ് ജോണ്‍ കീ എത്തിയത്. ഇവിടെ സ്ഥാപിച്ചിരിക്കുന്ന ഇന്‍ലൈന്‍ ബഗേജ് ഹാന്‍ഡ്‌ലിങ് സംവിധാനത്തെക്കുറിച്ച് ജോണ്‍ കീ സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി ജെ കുര്യനോടും ഗ്ലൈഡ് പാത്ത് ചെയര്‍മാന്‍ കെന്‍ സ്റ്റീവന്‍സണോടും ചോദിച്ച് മനസ്സിലാക്കി. 1,100 കോടി രൂപ മുടക്കിയുള്ള മൂന്നാം ടെര്‍മിനലിന്റെ നിര്‍മ്മാണപ്രവൃത്തികള്‍ അവസാനഘട്ടത്തിലാണ്.
ഇന്ത്യ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി മോദിയെ സന്ദര്‍ശിക്കാനും ഇന്ത്യ ന്യൂസീലന്‍ഡ് ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചു ചര്‍ച്ചചെയ്യാനും കഴിഞ്ഞു. ഇവിടം സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് അതിലേറെ ആഹ്ലാദകരമാണ്. കൊച്ചിക്കു സിംഗപ്പൂര്‍, മലേഷ്യ നിലവാരത്തിലേക്കു വളരാന്‍ കഴിയുമെന്നും അദ്ദേഹം ആശംസിച്ചു.

ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം, ഇന്ത്യയിലെ ന്യൂസീലന്‍ഡ് ഹൈക്കമ്മിഷണര്‍ ഗ്രെയിം മോര്‍ട്ടന്‍, ന്യൂസീലന്‍ഡിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സഞ്ജീവ് കോഹ്ലി, ന്യൂസീലന്‍ഡിലെ വാണിജ്യ, വ്യവസായ മേഖലയിലെ പ്രമുഖര്‍ എന്നിവരുള്‍പ്പെട്ട 81 അംഗ സംഘമാണ് ഇന്നലെ വൈകിട്ട് 5.10നു റോയല്‍ ന്യൂസിലാന്‍ഡ് എയര്‍ഫോഴ്‌സ് വിമാനത്തില്‍ കൊച്ചിയിലെത്തിയത്.

ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിക്കു നെറ്റിപ്പട്ടം കെട്ടിയ ആനയുടെ ശില്‍പവും പത്‌നി ബൊനാഗ് കീയ്ക്ക് ആറന്മുള കണ്ണാടിയും കുര്യന്‍ സമ്മാനിച്ചു. സംഘത്തിലെ താരം ബ്രണ്ടന്‍ മക്കല്ലം തന്നെയായിരുന്നു. രാജ്യാന്തര ക്രിക്കറ്റിനോടു വിടപറഞ്ഞിട്ടും താരപ്പൊലിമ നഷ്ടപ്പെടാത്ത കിവി സൂപ്പര്‍താരത്തെ കണ്ടു വിമാനത്താവള ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരുമൊക്കെ വട്ടം കൂടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button