തിരുവനന്തപുരം: തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ ഡിജിപിയുടെ പുതിയ പദ്ധതി പോലീസ് സ്‌റ്റേഷന് തലവേദനയാകുന്നു. തെരുവുനായ്ക്കള്‍ക്ക് പരിശീലനം നല്‍കി പോലീസിലേക്ക് എടുക്കാനായിരുന്നു ഡിജിപിയുടെ തീരുമാനം. അങ്ങനെ നാട്ടിലുള്ള തെരുവുപട്ടികളെ മുഴുവന്‍ പോലീസ് സ്‌റ്റേഷന്‍ ഏറ്റെടുക്കുകയായിരുന്നു.
ഇത് അതിലേറെ പൊല്ലാപ്പായി എന്നു പറഞ്ഞാല്‍ മതിയല്ലോ. കേസന്വേഷണത്തിനും സ്റ്റേഷന്‍ കാവലിനും പൊലീസ് സ്റ്റേഷനുകള്‍ക്കു നല്‍കിയ തെരുവുനായ്ക്കളെ വളര്‍ത്താനാകാതെ നട്ടംതിരിഞ്ഞ് നില്‍ക്കുകയാണ് പോലീസുകാര്‍. മൂന്നുമുതല്‍ ഏഴുമാസംവരെ പ്രായമുള്ള നായകളെയാണ് ഡിജിപി ലോക്നാഥ് ബഹ്റ മുന്‍കൈ എടുത്ത് അഞ്ചു പൊലീസ് സ്റ്റേഷനുകള്‍ക്കു കൈമാറിയത്.
തിരുവനന്തപുരം റൂറലിലെ പാറശാല, പാലോട്, വിതുര, പൂവാര്‍, പള്ളിക്കല്‍ സ്റ്റേഷനുകളിലാണ് ഇവറ്റകളുടെ താമസം. ഈ പദ്ധതി വിജയിച്ചാല്‍ സംസ്ഥാനമൊട്ടാകെ നടപ്പിലാക്കുമെന്നും തെരുവുനായ ശല്യം ഒരുപരിധിവരെ കുറയ്ക്കാമെന്നുമാണ് ഡിജിപിയുടെ കണക്കുകൂട്ടല്‍. എന്നാല്‍, ഈ പട്ടികളെ നോക്കാന്‍ പോലീസിന് നേരമുണ്ടോ?
പോലീസുകാര്‍ക്ക് ഇതൊരു പണി തന്നെയായി. പേട്ട മൃഗാശുപത്രിയില്‍ പ്രതിരോധ കുത്തിവെപ്പും, ഇവറ്റകള്‍ക്ക് ഭക്ഷണം നല്‍കലും , കുളിപ്പിക്കലും.. പോലീസ് സ്‌റ്റേഷനിലെ ജീവനക്കാര്‍ പെട്ടു എന്നു തന്നെ പറയാം. എന്നാല്‍, ഭക്ഷണത്തിനു പ്രത്യേക തുക അനുവദിച്ചില്ല. പൊലീസുകാര്‍ വീട്ടില്‍നിന്നു കൊണ്ടുവരുന്ന ഭക്ഷണമാണു നായ്ക്കള്‍ക്കു നല്‍കുന്നത്. സ്റ്റേഷന്‍ കെട്ടിടത്തിനു മുന്നിലാണു ചില നായ്ക്കളെ കെട്ടിയിട്ടിരിക്കുന്നത്. സ്റ്റേഷനില്‍ പരാതി നല്‍കാനെത്തുന്നവര്‍ക്കും നായ്ക്കള്‍ ശല്യമാകുന്നുണ്ട്.
പരാതിയുമായി ജീവനക്കാര്‍ ഡിവൈഎസ്പിമാരുടെ അരികില്‍ എത്തിയെങ്കിലും ഫലമുണ്ടായില്ല. ഡിജിപിയോടു പറയാനായിരുന്നു നിര്‍ദേശം. ഡിജിപി വിതരണം ചെയ്ത പട്ടിയായതിനാല്‍ ഒന്നും ചെയ്യാനാകാതെ വലയുകയാണ് പോലീസുകാര്‍.
Post Your Comments