വ്യാജ വൈദ്യന്‍ ജേക്കബ് വടക്കഞ്ചേരി സംഘടിപ്പിക്കുന്ന പ്രഭാഷണവും ആരോഗ്യക്ലാസും ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന അനില്‍ അക്കരയ്ക്ക് അര്‍ജുന്‍ എ എന്ന യുവാവ് ഫേയ്‌സ്ബക്കിലൂടെ എഴുതിയ തുറന്ന കത്ത് ശ്രദ്ധേയമാകുന്നു. കോളേജ് വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്ത, ഡോക്ടര്‍ ആണെന്ന് സ്വയം അവകാശപ്പെട്ടും,തന്റെ പരസ്യങ്ങളിലും നോട്ടീസിലും ഡോക്ടര്‍ എന്ന ടൈറ്റില്‍ പ്രദര്‍ശിപ്പിച്ചും കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച തന്റെ പ്രകൃതി ചികിത്സാ കേന്ദ്രങ്ങളില്‍ നിയമവിരുദ്ധ ചികിത്സ നടത്തുന്ന ഒരാളാണ് ജേക്കബ് വടക്കഞ്ചേരിയെന്ന് അര്‍ജുന്‍ പറയുന്നു.
മെഡിക്കല്‍ ബിരുദം പോലും ഇല്ലാതെ പേരിന് മുന്‍പില്‍ ഡോക്ടര്‍ എന്ന വയ്ക്കുന്നത് നിയമലംഘനം ആണെന്ന് അറിഞ്ഞിട്ടും, നിയമവ്യവസ്ഥയെ ധിക്കരിച്ച് വീണ്ടും ജനങ്ങളെ കബളിപ്പിക്കുന്ന ഒരു വ്യാജ വൈദ്യനെ പിന്താങ്ങുന്നത് വഴി താങ്കളും ആ നിയമലംഘനത്തിന് കൂട്ടുനില്‍ക്കുകയല്ലെയെന്നും അര്‍ജുന്‍ ചോദിക്കുന്നു. തട്ടിപ്പ് ചികിത്സ വഴി ധനവാനായ ഒരു വ്യാജഡോക്ടറുടെ സാമ്പത്തിക ലാഭത്തിനായുള്ള നിയമലംഘനങ്ങളെ നിസ്സാരവല്‍ക്കരിക്കുന്നതും അറിഞ്ഞുകൊണ്ട് പിന്തുണക്കുന്നതിലും എന്ത് ശരിയാണ് താങ്കള്‍ കാണുന്നതെന്നും അര്‍ജുന്‍ ഉന്നയിക്കുന്നു. അര്‍ജുന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം.
ബഹുമാനപ്പെട്ട MLA അനില്‍ അക്കര,
മുഖവുര ഇല്ലാതെ തുടങ്ങട്ടെ,
ഒരു തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി എന്ന നിലക്ക് താങ്കളുടെ വാക്കുകളും പ്രവൃത്തിയും എല്ലാം താങ്കള്‍ പ്രതിനിധീകരിക്കുന്ന ജനങ്ങളുടെ നന്മക്ക് വേണ്ടി ആയിരിക്കും എന്നും ,ഇന്ത്യയുടെ ഭരണഘടനയോട് കൂറു പുലര്‍ത്തും എന്നും സത്യപ്രതിജ്ഞ ചെയ്തിരുന്നല്ലൊ , അതിനു കടകവിരുദ്ധമായ ഒരു പ്രവൃത്തി താങ്കളില്‍ നിന്ന് വന്നതില്‍ അത്യന്തം ഖേദം രേഖപ്പെടുത്തുന്നു.
ഈ വരുന്ന 29 ന് , ജേക്കബ് വടക്കഞ്ചേരി എന്ന സ്വയം പ്രഖ്യാപിത ‘വ്യാജ വൈദ്യന്റെ ‘ ഒരു പ്രഭാഷണവും ആരോഗ്യ ക്ലാസ്സും താങ്കള്‍ ഉദ്ഘാടനം ചെയ്യുന്നുണ്ടല്ലോ.
പല വിദഗ്ധരും, ഡോക്ടര്‍മാരും , അതിലെ അപകടം ചൂണ്ടിക്കാണിച്ചിട്ട് പോലും താങ്കള്‍ അതില്‍ നിന്നും പിന്തിരിയുന്നില്ല എന്നും അറിയാന്‍ സാധിച്ചു..
ഈ അവസരത്തില്‍ കുറച്ച് കാര്യങ്ങള്‍ താങ്കളെ ഓര്‍മ്മപ്പെടുത്താന്‍ ശ്രമിച്ചുകൊള്ളട്ടെ.
*കോളേജ് വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്ത, ഡോക്ടര്‍ ആണെന്ന് സ്വയം അവകാശപ്പെട്ടും,തന്റെ പരസ്യങ്ങളിലും നോട്ടീസിലും ഡോക്ടര്‍ എന്ന ടൈറ്റില്‍ പ്രദര്‍ശിപ്പിച്ചും കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച തന്റെ പ്രകൃതി ചികിത്സാ കേന്ദ്രങ്ങളില്‍ നിയമവിരുദ്ധ ചികിത്സ നടത്തുന്ന ഒരാളാണ് ജേക്കബ് വടക്കഞ്ചേരി.
മെഡിക്കല്‍ ബിരുദം പോലും ഇല്ലാതെ പേരിന് മുന്‍പില്‍ ഡോക്ടര്‍ എന്ന വയ്ക്കുന്നത് നിയമലംഘനം ആണെന്ന് അറിഞ്ഞിട്ടും , നിയമവ്യവസ്ഥയെ ധിക്കരിച്ച് വീണ്ടും ജനങ്ങളെ കബളിപ്പിക്കുന്ന ഒരു വ്യാജ വൈദ്യനെ പിന്താങ്ങുന്നത് വഴി താങ്കളും ആ നിയമലംഘനത്തിന് കൂട്ടുനില്‍ക്കുകയല്ലെ ?
അറിഞ്ഞ്‌കൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്നതിന് കൂട്ടുനില്‍ക്കാന്‍ ഒരു ജനപ്രതിനിധി എന്ന നിലക്ക് താങ്കള്‍ക്ക് എങ്ങനെ സാധിക്കും?
തട്ടിപ്പ് ചികിത്സ വഴി ധനവാനായ ഒരു വ്യാജഡോക്ടറുടെ സാമ്പത്തിക ലാഭത്തിനായുള്ള നിയമലംഘനങ്ങളെ നിസ്സാരവല്‍ക്കരിക്കുന്നതും അറിഞ്ഞുകൊണ്ട് പിന്തുണക്കുന്നതിലും എന്ത് ശരിയാണ് താങ്കള്‍ കാണുന്നത്?
*പോളിയോ എന്നൊരു രോഗമില്ലെന്നും,
കുത്തിവയ്പ്പുകള്‍ കുട്ടികള്‍ക്ക് കൊടുക്കരുതെന്നും പ്രതിരോധ വാക്‌സിനുകള്‍ ജനസംഖ്യാ നിയന്ത്രണത്തിനുള്ള ഗൂഢാലോചനയാണ്
തുടങ്ങി എല്ലാ രീതിയിലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പറഞ്ഞു പരത്തി, ദേശീയ ആരോഗ്യ നയത്തിനെതിരെ വസ്തുതാവിരുദ്ധമായ കള്ളത്തരങ്ങള്‍ പറഞ്ഞ് ജനാരോഗ്യത്തിന് തുരങ്കം വയ്ക്കുന്ന ഒരാളെ പരസ്യമായി പിന്താങ്ങുന്നതിലെ അധാര്‍മികത താങ്കള്‍ എന്ത്‌കൊണ്ട് കാണുന്നില്ല ?
*പൊതുജന ആരോഗ്യത്തെ ബാധിക്കുന്ന തരത്തില്‍ ഡിഫ്ത്തീരിയ, മീസില്‍സ് തുടങ്ങി കുത്തിവയ്പ്പുകളാല്‍ നമ്മുടെ സമൂഹത്തില്‍ നിന്നും തുടച്ച് നീക്കപ്പെട്ട പല രോഗങ്ങളും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവന്നുകൊണ്ടിരുക്കുന്ന വാര്‍ത്ത കേട്ടുകാണുമല്ലൊ.
അതിനു ഏറ്റവും വലിയ കാരണമായി വിദഗ്ധര്‍ പറയുന്നത് ജനങ്ങള്‍ക്കിടയില്‍ വക്‌സിനേഷന്‍ നിരക്ക് കുറയുന്നു എന്നതാണ്.
തികച്ചും അശാസ്ത്രീയവും അപകടകരവും, വസ്തുതാവിരുദ്ധവുമായ നുണപ്രചരണം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും, ,ദേശീയ ഇമ്മ്യുണൈസേഷന്‍ പദ്ധതിക്ക് എതിരായി ജനങ്ങള്‍ക്കിടയില്‍ അനാവശ്യ ഭീതിയും സംശയവും ജനിപ്പിക്കുന്ന വിവിധ പരിപാടികള്‍ നടത്തുകയും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ,ഒരു സമൂഹത്തിന്റെ മുഴുവന്‍ ആരോഗ്യം അപകടപ്പെടുത്തുകയും ചെയ്യുന്ന ഒരു വ്യാജന്റെ പരിപാടി ഉദ്ഘാടനം ചെയ്യുക വഴി എന്ത് സന്ദേശം ആണ് താങ്കള്‍ ജനങ്ങള്‍ക്ക് കൊടുക്കുന്നത്?
*പാരസെറ്റാമോള്‍ കൊണ്ടാണ് എലിപ്പനി വരുന്നതെന്നും, ഗ്യാസ് സ്റ്റവും ഹിന്റാലിയം പാത്രങ്ങളും കൊണ്ടാണ് ഡിഫ്ത്തീരിയ വരുന്നതെന്നും, രോഗാണുക്കള്‍ അല്ല രോഗം ഉണ്ടാക്കുന്നതെന്നും തുടങ്ങിയ മണ്ടത്തരങ്ങള്‍ പരസ്യമായി വിളിച്ച് പറയുന്ന ഒരാളെക്കൊണ്ട് ആരോഗ്യ ക്ലാസ്സ് എടുപ്പിക്കുന്നതിലെ വിരോധാഭാസം താങ്കള്‍ക്ക് മനസ്സിലാവാതെ പോകുന്നത് എന്ത്‌കൊണ്ടാണ്?
*’രക്തദാനം മഹാദാനമെന്നും’ ‘ ഓരൊ കുപ്പി രക്തവും രക്ഷിക്കുന്നത് ഓരോ ജീവനാണ്’ എന്നും ഉള്ള സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാന്‍ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും കാലങ്ങളായി ശ്രമിക്കുകയാണല്ലൊ , അങ്ങനെയിരിക്കെ രക്തദാനം ചെയ്യരുതെന്നും, രക്തദാനത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത്, ജനദ്രോഹം നടത്തുന്ന ഒരാളെ എങ്ങെനെ പിന്താങ്ങാന്‍ കഴിയുന്നു താങ്കള്‍ക്ക്?
*ഒരു ജനപ്രതിനിധി എന്നാല്‍ അങ്ങേക്ക് വോട്ട് ചെയ്തവരുടെ മാത്രം പ്രതിനിധി അല്ലാ , മുഴുവന്‍ ജനതയുടെയും പ്രതിനിധി അണെന്നിരിക്കെ , അവര്‍ ഒരു തെറ്റ് ചെയ്യുമ്പോള്‍ തിരുത്തുന്നതിന് പകരം , വോട്ട് ചെയ്തവര്‍ എന്ന പരിഗണനക്ക് പുറത്ത് അവരുടെ തെറ്റുകള്‍ ഏറ്റുപിടിച്ച് അവരെ പിന്താങ്ങുന്നതിലെ നൈതികത താങ്കള്‍ എന്ത്‌കൊണ്ട് കാണുന്നില്ല?
ഒരു ജനപ്രതിനിധി തന്റെ സമ്മതിദായകന്‍മാരെ വെറും വോട്ടിന്റെ നമ്പര്‍ ആയി അല്ലല്ലൊ കാണേണ്ടത്, തന്റെ അനുയായികള്‍ ചെയ്യുന്ന തെറ്റുകള്‍ തിരുത്തുവാന്‍ ഉള്ള ധാര്‍മ്മിക ബാധ്യത കൂടി താങ്കള്‍ക്ക് ഇല്ലെ?
കുറച്ച് വോട്ടുകള്‍ നഷ്ടപ്പെട്ടുമെന്നു കരുതി ഒരു കപട ചികിത്സകനെ പിന്താങ്ങുകയും ന്യായീകരിക്കുകയും ചെയ്താല്‍ അത് താങ്കളെ ജയിപ്പിച്ച ജനങ്ങളോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമായിരിക്കും.
*താങ്കള്‍ കൂറുപുലര്‍ത്തും എന്ന് പ്രതിജ്ഞ ചെയ്ത ഇന്ത്യന്‍ ഭരണഘടനയിലെ , ആര്‍ട്ടിക്കിള്‍ 51 A (h) ഇല്‍ പറയുന്നത്, ഒരോ പൗരന്റെയും ഉത്തരവാദിത്വം ആണ്
‘ to develop the scientific temper, humanism and the spirit of inquiry and reform’ എന്നത് ,അതിനാല്‍ ശാസ്ത്രത്തിനും ശാസ്ത്രബോധത്തിനും എതിരെ ഘോരഘോരം പ്രസംഗിക്കുന്ന കപട ചികിത്സകന്റെ പരിപാടി ഉദ്ഘാടനം ചെയ്യുന്നതില്‍ നിന്ന് പിന്മാറണം എന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു. അല്ലെങ്കില്‍ ജേക്കബ് വടക്കഞ്ചേരി എന്ന തട്ടിപ്പ്കാരനെ പിന്തുണച്ച ചരിത്രം താങ്കളെ എന്നും പിന്തുടരുക തന്നെ ചെയ്യും.
Post Your Comments