ഹിരോഷിമയില്‍ വീണ ആറ്റംബോംബിന്റെ 2000 ഇരട്ടി പ്രഹരശേഷിയുള്ള ആണവമിസൈല്‍ റഷ്യ പരസ്യമാക്കി. ആര്‍എസ്-28സാര്‍മാറ്റ് മിസൈല്‍ എന്ന് പേരിട്ടിരിക്കുന്ന ഇതിനെ നാറ്റോ വിശേഷിപ്പിക്കുന്നത് സാത്താന്‍ 2 എന്നാണ്. സെക്കന്‍ഡില്‍ ഏഴ് കിലോമീറ്റര്‍ വേഗത്തില്‍ പറക്കാന്‍ സാധിക്കുന്ന മിസൈലാണിത്. 10,000 കിലോമീറ്റര്‍ അകലെയുള്ള ശത്രുവിനെയും തകര്‍ക്കാന്‍ ഇതിന് സാധിക്കും. ഇത്തരത്തില്‍ പരസ്യമായ പോര്‍വിളി ആരംഭിച്ചതോടെ ലോകത്തിന്റെ യുദ്ധഭീതി ഇരട്ടിച്ചിരിക്കുകയാണ്.
ആന്റി മിസൈല്‍ സംവിധാനങ്ങളെ പോലും അതിജീവിക്കാന്‍ സാധിക്കുന്ന മിസൈൽ എന്ന സവിശേഷതയും ഇതിനുണ്ട്. കൂടാതെ 40 മെഗാടെണ്ണുള്ള വാര്‍ഹെഡാണ് പുതിയ സാര്‍മാറ്റ് മിസൈലിനുള്ളത്. പാശ്ചാത്യരാജ്യങ്ങളുമായുള്ള യുദ്ധ സാധ്യത ശക്തമായ സാഹചര്യത്തില്‍ റഷ്യയുടെ പഴയ എസ്‌എസ്-18 സാത്താന്‍ മിസൈലിന് പകരം പുതിയ മിസൈല്‍ ഉപയോഗിക്കാനാണ് പ്രസിഡന്റ് വ്ലാദിമെര്‍ പുട്ടിന്‍ തീരുമാനിച്ചിരിക്കുന്നത്. മെയ്ക്കെയെവ് റോക്കറ്റ് ഡിസൈന്‍ ബ്യൂറോയിലെ ചീഫ് ഡിസൈനറാണിതിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.
16 ന്യൂക്ലിയര്‍ വാര്‍ഹെഡുകളെ വഹിക്കാനുള്ള ശേഷി ആര്‍എസ്-28 സാര്‍മാറ്റ് മിസൈലിനുണ്ട്. ഇതിന് ഫ്രാന്‍സിന്റെയോ അല്ലെങ്കില്‍ ടെക്സാസിന്റെയോ അത്ര വിസ്തീര്‍ണമുള്ള പ്രദേശത്തെ മുഴുവനായി നശിപ്പിക്കാൻ ശക്തിയുണ്ടെന്നാണ് റഷ്യയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് നെറ്റ് വര്‍ക്കായ സ്വെസ്ദ വെളിപ്പെടുത്തുന്നത്. റഡാറുകളുടെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ ഇതിന് സാധിക്കും.
Post Your Comments