NewsInternational

പ്രവാസികള്‍ക്ക് ആശ്വാസം: യു.എ.ഇയില്‍ ശിക്ഷാ രീതികളില്‍ ഇളവ് വരുത്തുന്നു

അബുദാബി: ചെറിയ കുറ്റങ്ങള്‍ക്ക് തടവുശിക്ഷ ഒഴിവാക്കാന്‍ യു.എ.ഇ സര്‍ക്കാരിന്റെ തീരുമാനം. തെരുവോ സ്‌കൂളുകളോ വൃത്തിയാക്കുക, മറ്റു സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക തുടങ്ങിയവയായിരിക്കും ഇനി ചെറിയ കുറ്റങ്ങള്‍ക്ക് ശിക്ഷയായി നല്‍കുക. ആറു മാസത്തില്‍ കുറയാത്ത തടവുശിക്ഷ അനുഭവിക്കേണ്ടി വരുന്ന കേസുകളിലാണ് ഇത്തരം ശിക്ഷ നടപടികള്‍ കൈക്കൊളളുക.

ആഭ്യന്തര, മാനവവിഭവശേഷി മന്ത്രാലയങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നീതിനിര്‍വഹണ വകുപ്പായിരിക്കും ശിക്ഷയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്. നിയമം അടുത്ത മാസം മുതല്‍ നിലവില്‍ വരും. മൂന്നു മാസമാണ് ഇത്തരത്തിലുളള സേവനങ്ങള്‍ കുറ്റവാളികള്‍ക്ക് ചെയ്യേണ്ടി വരുക.

കുറ്റവാളികളുടെ ഈ ശിക്ഷകള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ നിരീക്ഷിക്കും. എന്നാല്‍ സാമൂഹ്യസേവനം തൃപ്തികരമല്ലെന്ന് പ്രോസിക്യൂട്ടര്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍, ഇവര്‍ക്ക് തടവ് ശിക്ഷയ്ക്ക് തന്നെ വിധിക്കുമെന്നും നിയമം വ്യക്തമാക്കുന്നു.

20 കുറ്റങ്ങള്‍ക്ക് സാമൂഹ്യസേവനങ്ങള്‍ ശിക്ഷയായി വിധിക്കാന്‍ 2009ല്‍ മന്ത്രിസഭ അനുമതി നല്‍കിയിരുന്നു. എന്നാല്‍ അത് 20 മുതല്‍ 240 മണിക്കൂര്‍ വരെയുള്ള സാമൂഹ്യസേവനമാണ് നിശ്ചയിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ വിപുലീകരിച്ചിരിക്കുന്നത്. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇത്തരത്തിലൊരു നിയമം നിലവിലുള്ള ആദ്യ അറബ് രാജ്യമായി യുഎഇ മാറും.

അതേസമയം, രാജ്യദ്രോഹം, ഭീകരപ്രവര്‍ത്തനം എന്നിവയ്ക്ക് കടുത്ത ശിക്ഷ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചാല്‍ വധശിക്ഷയാണ് നല്‍കുക. പ്രസിഡന്റിനെ അപമാനിച്ചാല്‍ 15 മുതല്‍ 25 വര്‍ഷം വരെ തടവു ലഭിക്കും. മതത്തിനെതിരെ പരാമര്‍ശം നടത്തിയാല്‍ 10 വര്‍ഷം വരെ തടവു ശിക്ഷയായിരിക്കും ലഭിക്കുക. അശ്ലീല സിനിമ നിര്‍മിക്കുക, കൈവശം വയ്ക്കുക എന്നീ കുറ്റങ്ങള്‍ക്ക് മൂന്നു വര്‍ഷം വരെ തടവും പിഴയും കോടതി വിധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button