ഇസ്ലാമാബാദ് : പാക്കിസ്ഥാനിലെ പോലീസ് ട്രെയിനിങ് അക്കാദമിയില്‍ നടന്ന ഭീകരാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെടുകയും 118 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഐ.എസ് ഏറ്റെടുത്തു.വന്‍ ആയുധങ്ങളും ചാവേര്‍ ബോംബുകള്‍ സ്ഥാപിച്ച വസ്ത്രങ്ങളും ധരിച്ച ഭീകരര്‍ തിങ്കളാഴ്ച അര്‍ധരാത്രിയാണ് ആക്രമണം അഴിച്ചുവിട്ടത്.
തിങ്കളാഴ്ച രാത്രി വൈകി ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വറ്റയില്‍, സര്യാബ് റോഡില്‍ സ്ഥിതി ചെയ്യുന്ന പൊലീസ് ട്രെയിനിംഗ് അക്കാഡമിക്കു നേരെ ഐസിസ് തീവ്രവാദികള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
തീര്‍ത്തും അപ്രതീക്ഷിതമായ ആക്രമണം ഉണ്ടായപ്പോള്‍ അക്കാഡമിയിലെ ട്രെയിനികള്‍ ഉറക്കത്തിലായിരുന്നു. അക്കാദമിയുടെ ഗെയ്റ്റിനു മുന്നിലെ ചെക്‌പോസ്റ്റില്‍ കാവല്‍ നില്‍ക്കുകയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ രണ്ടു ഭീകരര്‍ വെടിവച്ചുവീഴ്ത്തി. ഈ സമയം മൂന്നാമത്തെ ഭീകരന്‍ പൊലീസ് അക്കാദമിയുടെ മതില്‍ ചാടിക്കടക്കുകയായിരുന്നു. കെട്ടിടത്തിനുള്ളില്‍ കയറിയ ഭീകരര്‍ പൊലീസുകാരും പരിശീലനത്തിനായി എത്തിയവരും കിടക്കുന്ന ഡോര്‍മെറ്ററിയില്‍ പ്രവേശിക്കുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. ആക്രമണത്തിന്റെ ശബ്ദം കേട്ട് ഇറങ്ങിവന്ന കേഡറ്റുകളാണ് കൂടുതലും മരിച്ചത്. ആക്രമണം തുടങ്ങി ഇരുപത് മിനിറ്റോളം കഴിഞ്ഞാണ് പോലീസും അര്‍ദ്ധ സൈനിക വിഭാഗവും പ്രത്യാക്രമണം തുടങ്ങിയതെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതാണ് മരണ സംഖ്യ വര്‍ദ്ധിപ്പിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.
ശക്തമായ വെടിവയ്പിന്റെ ശബ്ദമാണ് ആദ്യം കേട്ടത്. അപ്പോള്‍ തന്നെ പലരും ഒളിച്ചിരുന്നു. മറ്റു ചിലര്‍ കെട്ടിടത്തില്‍ നിന്നു ചാടി ചിലര്‍ ജനവാതില്‍ വഴി രക്ഷപ്പെടുകയും ചെയ്തുവെന്ന് ആക്രമണത്തിന് ദൃക്‌സാക്ഷിയായിരുന്ന പൊലീസ് കേഡറ്റ് പറഞ്ഞു. സൈനിക വേഷത്തില്‍ എത്തിയ മൂന്നുപേര്‍ കലാഷ്‌നികോവ് തോക്കുപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. ഇവര്‍ മുഖം മറച്ചിരുന്നു. ആക്രമണത്തിനിടെ ചില കേഡറ്റുകളെ ഭീകരര്‍ ബന്ദിയാക്കിയിരുന്നു. പിന്നീട് ഇവരെ കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ മറ്റൊരു തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ ഝാംഗ്വിയാണ് സംഭവത്തിന് പിന്നിലെന്നാണ് പാക് സര്‍ക്കാറിന്റെ നിഗമനം. നേരത്തെ പാക് സര്‍ക്കാറിന്റെ ഔദ്യോഗിക പിന്തുണയോടെ പ്രവര്‍ത്തിച്ചിരുന്ന ഈ സംഘടനകള്‍ ഇപ്പോള്‍ പാകിസ്ഥാനെതിരെ തിരിഞ്ഞിരിക്കുന്നത് കനത്ത തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍.സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ അന്വേഷണം നടത്താന്‍ പാക് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
Post Your Comments