കൊല്‍ക്കത്ത: ബംഗ്ലാദേശിലേക്കോ കൊല്‍ക്കത്തയിലേക്കോ ആഞ്ഞടിക്കുമെന്ന് പറഞ്ഞ ക്യാന്ത് ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തേക്ക് അടുക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ഉഗ്രരൂപം പ്രാപിച്ച ചുഴലിക്കാറ്റ് ദിശ മാറിയാണ് നീങ്ങുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ചയോടെ ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തെത്തുമെന്നാണ് റിപ്പോര്‍ട്ട്.
തീരപ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്കി കഴിഞ്ഞു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് ഉഗ്രരൂപം പ്രാപിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, വടക്കുനിന്നുള്ള കാറ്റ് വരുന്നതോടെ ചുഴലിക്കാറ്റിന്റെ ശക്തി ചോരാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കാണില്ല. എങ്കിലും കാലാവസ്ഥ വ്യതിയാനങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മാറാം.
ആന്ധ്രപ്രദേശിലെ ഓഗോള്‍, നെല്ലൂര്‍ പ്രദേശങ്ങള്‍ക്കിടയിലായിരിക്കും ചുഴലിക്കാറ്റ് അടിച്ചുകയറുക. ഇതേത്തുടര്‍ന്ന് ആന്ധ്രാ തീരത്താകെ ഈ മാസം 27 മുതല്‍ 29 വരെ ശക്തമായ മഴയുണ്ടാകാനുള്ള സാധ്യതയുണ്ട്. പ്രാദേശത്ത് മണിക്കൂറില്‍ 50 മൈല്‍ വേഗതയില്‍ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
നേരത്തേ, മ്യാന്മറിനു നേര്‍ക്കാണ് ചുഴലിക്കാറ്റ് നീങ്ങിയിരുന്നത്. പിന്നീട് ആന്ധ്രാ തീരത്തേയ്ക്ക് കാറ്റിന്റെ ദിശമാറുകയായിരുന്നു. മത്സ്യത്തൊഴിലാളികളോട് കരയിലേക്ക് മടങ്ങാന്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.
Post Your Comments