ലാഹോര്‍: 2008 ല്‍ ഇന്ത്യയെ വിറപ്പിച്ച മുംബൈ ഭീകരാക്രമണ കേസ് എങ്ങുമെത്താതെ നില്ക്കുന്ന സാഹചര്യത്തില്‍ വിമര്‍ശനവുമായി പാകിസ്ഥാന് രംഗത്ത്. കേസില്‍ ദൃക്സാക്ഷികളായി 24 ഇന്ത്യന്‍ പൗരന്മാരുണ്ട്. ഇവരെ വിചാരണയ്ക്കായി പാക് കോടതിയിലെത്തിക്കണമെന്ന് പാകിസ്ഥാന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇന്ത്യ അതിനു തയ്യാറാകുന്നില്ലെന്ന് പാകിസ്ഥാന് ആരോപിക്കുന്നു.
മുംബൈ ഭീകരാക്രമണ കേസില്‍ വിചാരണ നടക്കുന്ന ഇസ്ലമാബാദിലെ ഭീകരവാദ വിരുദ്ധ കോടതിയിലാണ് ഇന്ത്യയുടെ നിലപാടിനെ പ്രോസിക്യൂഷന് പരാമര്‍ശിച്ചത്. വിഷയത്തില്‍ ഇന്ത്യയുടെ പ്രതികരണം തങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് പ്രോസിക്യൂഷന് ഉദ്യോഗസ്ഥന് അറിയിച്ചു. മാസങ്ങള്‍ക്കു മുന്‍പേ ഈ ആവശ്യം ഇന്ത്യയെ അറിയിച്ചതാണ്.
ഭീകര വിരുദ്ധ കോടതി നവംബര്‍ രണ്ട് വരെ വിചാരണ നീട്ടി വെച്ചു. ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്താതെ കേസ് പുരോഗമിക്കില്ലെന്ന് കോടതി അറിയിച്ചു. വിഷയത്തില്‍ ഇന്ത്യ പ്രതികരിക്കേണ്ടത് അനിവാര്യമാണെന്നും മുംബൈ ഭീകരാക്രമണ കേസില്‍ വിധിയുണ്ടാകണമെങ്കില് ദൃക്സാക്ഷികളെ ഇന്ത്യ അയക്കണമെന്നും പ്രോസിക്യൂഷന് കൂട്ടിചേര്‍ത്തു.
Post Your Comments