KeralaNews

ജേക്കബ് തോമസിനെ വീഴ്ത്താന്‍ അരയും തലയും മുറുക്കി ഐ.എ.എസ് -ഐ.പി.എസ് ഉദ്യോഗസ്ഥര്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും പുറത്താക്കാന്‍ അണിയറ നീക്കങ്ങള്‍

കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ പ്രതിപക്ഷത്തിന്റെ പ്രത്യക്ഷാക്രമണത്തിന് പിന്നാലെ അരയുംതലയും മുറുക്കി ഇരുപതിലേറെ ഉന്നത ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥര്‍ രംഗത്ത്. വിജിലന്‍സ് തലപ്പത്തിരുന്ന് അഴിമതിക്കെതിരെ ജേക്കബ് തോമസ് കൈക്കൊള്ളുന്ന നടപടികള്‍ തങ്ങള്‍ക്ക് തിരിച്ചടിയാകുമോ എന്ന ഭയത്തെ തുടര്‍ന്നാണ് സര്‍വീസില്‍ നിന്നും വിരമിച്ച ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുളളവര്‍ വരെ എതിര്‍പ്പുകളുമായി എത്തുന്നത്.

തന്റെ ഫോണ്‍ ചോര്‍ത്തുന്നെന്ന പരാതിയില്‍ ഐജി തലപ്പത്തുളള ഉദ്യോഗസ്ഥര്‍ക്ക് ഫോണ്‍ ചോര്‍ത്താന്‍ നല്‍കിയ അനുമതി പിന്‍വലിക്കണമെന്ന് ജേക്കബ് തോമസ് ഡിജിപിയോട് ആവശ്യപ്പെട്ടതും ഇതിനൊപ്പം കൂട്ടിവായിക്കേണ്ടതാണ്. വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ വിജിലന്‍സ് വകുപ്പ് പ്രാഥമിക പരിശോധനയ്ക്ക് ഉത്തരവിട്ട കെ.എം എബ്രഹാം മുതല്‍ ടോം ജോസ്, പോള്‍ ആന്റണി, ഷെയ്ഖ് പരീത്, ടോമിന്‍ തച്ചങ്കരി, ടി.പി സെന്‍കുമാര്‍, മുന്‍ വിജിലന്‍സ് മേധാവി ശങ്കര്‍ റെഡ്ഡി, ടി.ഒ സൂരജ് എന്നിങ്ങനെ നിരവധി പേരാണ് ജേക്കബ് തോമസ് വിജിലന്‍സിന്റെ തലപ്പെത്തിയതോടെ പ്രത്യക്ഷമായും പരോക്ഷമായും അതൃപ്തി പ്രകടിപ്പിച്ച് എത്തിയിരിക്കുന്നത്.
1. കെ.എം എബ്രഹാം (നിലവില്‍ ധനവകുപ്പിന്റെ ചുമതലയുളള അഡീഷണല്‍ ചീഫ് സെക്രട്ടറി)

അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ വിജിലന്‍സ് കോടതി ഇദ്ദേഹത്തിനെതിരെ പ്രാഥമിക പരിശോധനയ്ക്ക് ഉത്തരവിട്ടു.നവംബര്‍ ഏഴിനാണ് എബ്രഹാമിനെതിരെയുളള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുന്നത്. ഇത് കൂടാതെ കനാല്‍ നിര്‍മാണത്തില്‍ ക്രമക്കേട് നടത്തിയതിനും വിജിലന്‍സ് അന്വേഷണം നേരിടുന്നു.
മുംബൈയിലെ കോഹിനൂര്‍ ഫേസ് 3 അപ്പാര്‍ട്ട്‌മെന്റില്‍ 1.10 കോടി വിലവരുന്ന ആഡംബര ഫഌറ്റിനും (പ്രതിമാസം 84,000 രൂപ) തിരുവനന്തപുരം തൈക്കാടിലെ മില്ലേനിയം അപ്പാര്‍ട്ട്‌മെന്റിലെ ഫഌറ്റിനും വായ്പ തിരിച്ചടവുള്ളതായി ചീഫ് സെക്രട്ടറിക്ക് കെ.എം. എബ്രഹാം വര്‍ഷം തോറും നല്‍കുന്ന സ്വത്ത് വിവര പട്ടികയില്‍ വ്യക്തമാക്കിയിരുന്നു. ഇത്രയും വായ്പാ തിരിച്ചടാല്‍ പ്രതിദിന ചെലവിനായി തുക അവശേഷിക്കില്ലെന്ന് വ്യക്തമാക്കി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയിലാണ് വിജിലന്‍സ് കോടതി നടപടി.

ഇതിനു പുറമെ കൊല്ലം ജില്ലയില്‍ കടപ്പാക്കടയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ മൂന്നുനില ഷോപ്പിങ് കോംപ്ലക്‌സിന്റെ നിര്‍മാണച്ചെലവ് കണക്ക് ചീഫ് സെക്രട്ടറിക്ക് നല്‍കിയ ആസ്തി വിവര പത്രികയില്‍ ഉള്‍പ്പെടുത്താത്തത് അഴിമതിയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. സിവില്‍ സര്‍വീസിലെ പെരുമാറ്റച്ചട്ട പ്രകാരം 15,000 രൂപയില്‍ കൂടുതലായുള്ള ആശ്രിതരുടെ ആസ്തി വിവരം ചീഫ് സെക്രട്ടറിക്ക് വര്‍ഷം തോറും നല്‍കണമെന്ന് നിയമം ഉണ്ടായിരിക്കെ കെ.എം.എബ്രഹാമിന്റെ ഭാര്യയുടെയും ഏകമകളുടെയും ആസ്തി വിവരം 33 വര്‍ഷത്തെ സര്‍വീസിനിടെ ഒരിക്കല്‍ പോലും നല്‍കിയിട്ടില്ല. കൂടാതെ 1988 മുതല്‍ 2004 വരെയുള്ള ആറുവര്‍ഷം ആസ്തിവിവര പത്രിക കെ.എം. എബ്രഹാം സമര്‍പ്പിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇത് കൂടാതെ കനാല്‍ നിര്‍മാണത്തില്‍ ക്രമക്കേട് നടത്തിയതിനും വിജിലന്‍സ് അന്വേഷണം നേരിടുന്നു. കൂടാതെ കെ.എം മാണി ധനകാര്യമന്ത്രിയായിരുന്ന കാലയളവില്‍ കെ.എം എബ്രഹാമിനായിരുന്നു ധനവകുപ്പിന്റെ ചുമതല. ഇതെ കാലത്ത് തന്നെയാണ് മാണി കോഴിക്കച്ചവടക്കാരുടെ നികുതി വെട്ടിപ്പിന് കൂട്ടുനിന്നതായി ആരോപണം ഉയര്‍ന്നതും.

2. ടോം ജോസ് (നിലവില്‍ തൊഴില്‍വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ഐഎഎസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്)
കെഎംഎംഎല്ലില്‍ മഗ്‌നീഷ്യം സള്‍ഫേറ്റ് വാങ്ങിയതില്‍ ക്രമേക്കേട്. അനധികൃത സ്വത്ത് സമ്പാദം. ഇതുസംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നേരിടുന്നു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതി ഉയരുന്നത്. പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ ഒന്നേമുക്കാല്‍ കോടിയോളം മുടക്കി മഹാരാഷ്ട്രയില്‍ എസ്റ്റേറ്റ് വാങ്ങി. ഐഎഎസ് ഉദ്യോഗസ്ഥര്‍ ഭൂമി വാങ്ങുമ്പോള്‍ സര്‍ക്കാരിനെ അറിയിക്കുകയും പണത്തിന്റെ സ്രോതസ് കാണിക്കുകയും വേണം. എന്നാല്‍ ഇത് രണ്ടും ചെയ്യാതെയായിരുന്നു ടോം ജോസിന്റെ ഇടപാടുകള്‍.

ചവറയിലെ കെഎംഎംഎല്‍ മഗ്‌നീഷ്യം ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് ടോം ജോസിനെതിരെ വിജിലന്‍സ് മറ്റൊരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.കെഎംഎംഎല്ലിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരും കേസിലെ പ്രതികളാണ്. 201214 കാലഘട്ടത്തിലാണ് സംഭവം.
ഒരു മെട്രിക് ടണ്‍ മഗ്‌നീഷ്യം 1.87 കോടി രൂപക്കാണ് കെഎംഎംഎല്‍ പ്രാദേശിക വിപണിയില്‍നിന്ന് വാങ്ങിയിരുന്നത്. ഇതൊഴിവാക്കാന്‍ ടോം ജോസ് ആഗോള ടെന്‍ഡര്‍ വിളിച്ചെന്നും ഇതിനുപിന്നില്‍ അഴിമതിയുണ്ടെന്നുമാണ് വിജിലന്‍സ് കണ്ടെത്തിയത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് വിജിലന്‍സിനെതിരെയും ടോം ജോസ് ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

3. പോള്‍ ആന്റണി (നിലവില്‍ വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി)

ഇദ്ദേഹം മലബാര്‍ സിമന്റസ് അഴിമതി കേസില്‍ കരിനിഴലില്‍. മുന്‍ എംഡി പത്മകുമാറിന് അറസ്റ്റിന് ശേഷവും സംരക്ഷണ കവചം ഒരുക്കുന്നു.
മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ മുന്‍ എംഡിയും റിയാബിന്റെ സെക്രട്ടറിയുമായ പത്മകുമാറിനെ അറസ്റ്റ് ചെയ്തതിനെതിരെയാണ് പോള്‍ ആന്റണി നേരത്തെ രംഗത്ത് എത്തിയത്. പത്മകുമാര്‍ നിരപരാധിയാണെന്നും വിജിലന്‍സിന്റെ അന്വേഷണ ഫയല്‍ തനിക്ക് കാണണമെന്നുമായിരുന്നു ആഭ്യന്തരവകുപ്പ് അഡി.ചീഫ് സെക്രട്ടറി നളിനി നെറ്റോയോട് ഇദ്ദേഹം ആവശ്യപ്പെട്ടത്. എന്നാല്‍ കേസിനെക്കുറിച്ച് വിശദീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു നളിനി നെറ്റോയുടെ വിശദീകരണം.
4. ഷെയ്ഖ് പരീത് (നിലവിലെ പോര്‍ട്ട് ഡയറക്ടര്‍)

ജേക്കബ് തോമസിനെതിരെയുളള പ്രധാന ആരോപണങ്ങള്‍ അടങ്ങിയ ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ശരിവെച്ചു. ഇതിനെ തുടര്‍ന്നാണ് ജേക്കബ് തോമസ് രാജിസന്നദ്ധത പ്രകടിപ്പിച്ചത്.
ഷെയ്ഖ് പരീതിനെതിരെ നിലവില്‍ രണ്ടു വിജിലന്‍സ് കേസുകളാണുളളത്. കാസര്‍കോട് ചിത്താരിപ്പുഴ ഫുട്ട് ഓവര്‍
ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടതാണ് ഒന്ന്. ഇതില്‍ സര്‍ക്കാരിന്  20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തിയിരിക്കുന്നത്. . 2008ല്‍ ഷെയ്ഖ് പരീത് ഹാര്‍ബര്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ചീഫ് എന്‍ജിനീയറായിരിക്കെയായിരുന്നു പരാതിക്കടിസ്ഥാനമായ സംഭവം.
രണ്ടാമത്തേത് മെട്രൊ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ നളന്ദ എന്ന ബാറിന് അനുമതി നല്‍കി. 2014 കാലഘട്ടത്തില്‍ എറണാകുളം ജില്ലാ കളക്ടറായിരുന്ന ഷെയ്ഖ് പരീത് നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഭൂമിയില്‍ നാലുമാസത്തോളം അനധികൃതമായി ബാര്‍ പ്രവര്‍ത്തിച്ചിരുന്നു
.
5. ടോമിന്‍ തച്ചങ്കരി (നിലവില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ബുക്ക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ എംഡി)

ടോമിന്‍ തച്ചങ്കരിക്കെതിരെ നിലവില്‍ മൂന്ന് വിജിലന്‍സ് കേസുകളാണുളളത്.
അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിന് അന്വേഷണം നേരിടുന്നു. വാഹന പുകപരിശോധനാ കേന്ദ്രങ്ങളില്‍ ഒരു പ്രത്യേക കമ്പനിയുടെ സോഫ്റ്റ് വെയര്‍ മാത്രം ഉപയോഗിച്ചതിലും അനധികൃത സ്വത്ത് സമ്പാദനക്കേസിലും അന്വേഷണം നേരിടുന്നു. 2003 മുതല്‍ 2007 വരെ ടോമിന്‍ തച്ചങ്കരി അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് തെളിവുണ്ടെന്നാണ് വിജിലന്‍സ് വ്യക്തമാക്കിയിരിക്കുന്നത്. ഈ കേസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ പരിഗണനയിലാണ്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പെരുമാറ്റച്ചട്ടമനുസരിച്ച് തന്റെ ഭൂസ്വത്തു വിവരങ്ങള്‍ 2006 ല്‍ തച്ചങ്കരി ചീഫ് സെക്രട്ടറിക്ക് നല്‍കിയിട്ടില്ല. 2013 ജൂണ്‍ ഏഴിന് കേന്ദ്രസര്‍ക്കാരില്‍ നിന്ന് പ്രോസിക്യൂഷന്‍ അനുമതി ലഭിച്ച ശേഷമാണ് കുറ്റപത്രം നല്‍കിയത്. അനധികൃത സ്വത്തു സമ്പാദനത്തിന് കേസെടുത്തതിനെത്തുടര്‍ന്ന് തച്ചങ്കരിയെ സര്‍വീസില്‍ നിന്ന് നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു.
തച്ചങ്കരി 64,70,891 രൂപയുടെ അനധികൃത സ്വത്തു സമ്പാദിച്ചെന്നാണ് കുറ്റപത്രം. ചങ്ങനാശേരിയിലെ ഭൂമി വിറ്റതില്‍ 50 ലക്ഷം രൂപ ലഭിച്ചെന്ന് പറയുന്നെങ്കിലും സഹോദരന്മാര്‍ക്കു കൂടി അവകാശമുള്ള ഈ ഭൂമി വിറ്റതില്‍ 16.66 ലക്ഷമാണ് തന്റെ വിഹിതമായി ആദായ നികുതി വകുപ്പിനെ അറിയിച്ചത്. അമ്മയില്‍ നിന്ന് പലപ്പോഴായി 27.32 ലക്ഷം രൂപ ലഭിച്ചിട്ടുണ്ടെന്ന് പറയുന്നെങ്കിലും രേഖകളോ തെളിവുകളോ ഇല്ല. സഹോദരിയില്‍ നിന്നും 2,35,174 രൂപ ലഭിച്ചതായി പറയുന്നു. സ്വത്തു വിവരങ്ങളുടെ സ്റ്റേറ്റ്‌മെന്റില്‍ ഇതുള്‍പ്പെടുത്തിയിട്ടില്ല. എന്നിങ്ങനെയാണ് കേസ്. സര്‍വീസ് ചട്ടം ലംഘിച്ച് സര്‍ക്കാര്‍ അനുമതിയില്ലാതെ തച്ചങ്കരി നടത്തിയ വിദേശ യാത്രകളും ഏറെ വിവാദം ഉണ്ടാക്കിയിരുന്നു.

6. പിഎച്ച് കുര്യന്‍ (നിലവില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി)

യുഡിഎഫ് സര്‍ക്കാര്‍ അവസാന കാലയളവില്‍ നടത്തിയ ഭൂമിദാനങ്ങളില്‍ ഏറെ വിവാദമായ സന്തോഷ് മാധവന്‍ ഇടനിലക്കാരനായ ഭൂമി ഇടപാടില്‍ ആരോപണം നേരിട്ട വ്യക്തിയാണ് ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന പിഎച്ച് കുര്യന്‍.
എറണാകുളം, തൃശൂര്‍ ജില്ലകളിലായി 127.85 ഏക്കര്‍ മിച്ചഭൂമിയാണ് സന്തോഷ് മാധവന്റെ നേതൃത്വത്തിലുള്ള സ്ഥാപനത്തിന് നികത്താന്‍ അനുമതി നല്‍കി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ കൃഷിയ്ക്കല്ലാതെ മറ്റൊന്നിനും ഉപയോഗിക്കരുതെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ മറികടന്നാണ് ഭൂമി പതിച്ചു നല്‍കിയത്. ഐടി, വ്യവസായ വകുപ്പുകള്‍ക്കും വ്യവസായ മന്ത്രിക്കും ഈ വിഷയത്തില്‍ എന്താണ് പങ്കെന്ന് വിശദീകരിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മന്ത്രിയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി,ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന പിഎച്ച് കുര്യന്‍, മന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി പി.വിജയകുമാരന്‍ എന്നിവരുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയത്. മൊഴി തള്ളിയ കോടതി കേസെടുത്ത് അന്വേഷിക്കാന്‍ നിര്‍ദേശിച്ചിരുന്നു.
7. ടി.ഒ സൂരജ് (മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി)

അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് വിജിലന്‍സ് കണ്ടെത്തി. ലോകായുക്തയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. വരുമാനത്തെക്കാള്‍ മൂന്നിരട്ടിയില്‍ അധികം അനധികൃത സമ്പാദ്യമുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടും കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തെ സര്‍വീസില്‍ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി ലോകായുക്ത നവംബര്‍ 22നാണ് പരിഗണിക്കുന്നത്.
8. ബിശ്വാസ് മേത്ത (യുഡിഎഫ് സര്‍ക്കാരില്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി, നിലവില്‍ ഡല്‍ഹിയിലെ കേരള ഹൗസിന്റെ റസിഡന്റ് കമ്മീഷണര്‍)
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാന കാലത്തെ വിവാദമായ ഭൂദാനങ്ങളുടെ സമയത്ത് ബിശ്വാസ് മേത്ത ആയിരുന്നു റവന്യൂ സെക്രട്ടറി. കൂടാതെ ഏറെ വിവാദമായ സന്തോഷ് മാധവന്‍ ഇടനിലക്കാരനായ ഭുമി ഇടപാടില്‍ മുന്‍മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, അടൂര്‍ പ്രകാശ്, എന്നിവര്‍ക്കൊപ്പം ബിശ്വാസ് മേത്തക്കെതിരെയും വിജിലന്‍സ് ത്വരിതാന്വേഷണം നടത്തിയിരുന്നു. വിജിലന്‍സിന്റെ അന്വേഷണം പുരോഗമിക്കുന്നു. യുഡിഎഫ് സര്‍ക്കാര്‍ അവസാന കാലത്ത് പുറത്തിറക്കിയ വിവാദ ഉത്തരവുകള്‍ മന്ത്രിതല ഉപസമിതി പരിശോധിക്കുകയുമാണ്. ഹോപ്പ് പ്ലാന്റേഷന്‍ 350 ഏക്കര്‍ മിച്ചഭൂമി കൈവശപ്പെടുത്തിയ കേസിലും വിജിലന്‍സ് അന്വേഷണം നേരിടുന്നുണ്ട് ബിശ്വാസ് മേത്ത.

9.ശങ്കര്‍ റെഡ്ഡി (നിലവില്‍ ഡിജിപി, യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് ഡയറക്ടറായിരുന്നു)
ബാര്‍കോഴക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി സുകേശനെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കാനും അന്വേഷണ റിപ്പോര്‍ട്ടില്‍ മാറ്റം വരുത്താനും വിജിലന്‍സ് ഡയറക്ടറായിരിക്കെ ശങ്കര്‍ റെഡ്ഡി ശ്രമിച്ചുവെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ സത്യവാങ് മൂലം നല്‍കി. കൊല്ലത്തെ വിജിലന്‍സ് ഇന്‍സ്‌പെക്റ്ററാണ് സത്യവാങ് മൂലം നല്‍കിയത്. ബാര്‍ കോഴക്കേസ് അന്വേഷണം നടത്തിയ എസ്പി സുകേശനെതിരെ രണ്ടുവട്ടം ക്രൈംബ്രാഞ്ച് അന്വേഷണം നേരിടേണ്ടി വന്നുവെന്നും ഇതിലൊന്നിന് മുന്‍കൈ എടുത്തത് ശങ്കര്‍റെഡ്ഡിയാണെന്നും വിജിലന്‍സ് വ്യക്തമാക്കുന്നു

10. സെന്‍കുമാര്‍ (യുഡിഎഫ് സര്‍ക്കാരിന് കീഴില്‍ സംസ്ഥാന പൊലീസ് മേധാവി, ഇപ്പോള്‍ സംസ്ഥാന അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണല്‍ അംഗമാകുമെന്ന് അറിയുന്നു)

ബാര്‍കോഴക്കേസുമായി ബന്ധപ്പെട്ട് കെ.എം മാണിക്കെതിരായുളള കോടതി വിധി വന്നപ്പോള്‍ ജേക്കബ് തോമസ് നടത്തിയ പ്രതികരണത്തെ തുടര്‍ന്നാണ് ഡിജിപിമാരുടെ ശീതസമരം പരസ്യപ്രതികരണത്തിലേക്ക് മാറിയത്. മാണിക്കെതിരായ കോടതി വിധിയെ സത്യം ജയിച്ചുവെന്ന് ജേക്കബ് തോമസ് വിശേഷിപ്പിച്ചതായിരുന്നു സെന്‍കുമാറിനെ ചൊടിപ്പിച്ചത്. അച്ചടക്ക ലംഘനമാണ് ജേക്കബ് തോമസ് നടത്തിയതെന്ന് ചീഫ് സെക്രട്ടറിക്ക് അദ്ദേഹം റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ധാര്‍മിക രോഷമുളളവര്‍ അരവിന്ദ് കെജ്രിവാളിനെപോലെ പാര്‍ട്ടി രൂപീകരിക്കട്ടെ എന്നും സെന്‍കുമാര്‍ ജേക്കബ് തോമസിനെ പരിഹസിച്ചിരുന്നു.

11.മനോജ് എബ്രഹാം (തിരുവനന്തപുരം റെയ്ഞ്ച് ഐജി)

കൊല്ലത്ത് നടന്ന കൊക്കൂണ്‍ അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ കോണ്‍ഫറന്‍സിന്റെ നടത്തിപ്പ് മുഖ്യചുമതല വഹിച്ചത് ഐജി മനോജ് എബ്രഹാമാണ്. ഓഗസ്റ്റ് 19നും 20നും കൊല്ലത്തെ റാവിസ് ഹോട്ടലില്‍ നടന്ന സൈബര്‍ സുരക്ഷാ സമ്മേളനത്തിനിടെ അവതാരകയായി വന്ന ബിരുദ വിദ്യാര്‍ത്ഥിനിയോട് ഹൈടെക് സെല്‍ അസി. കമ്മിഷണര്‍ വിനയകുമാരന്‍ നായര്‍ എന്ന പൊലീസുകാരന്‍ അപമര്യാദയായി പെരുമാറിയത് വിവാദമായിരുന്നു. ഇയാളെ പിന്നീട് സസ്‌പെന്‍ഡ് ചെയ്യുകയും കേസെടുക്കുകയും ചെയ്തിരുന്നു. പിന്നാലെ
കൊക്കൂണ്‍ എന്ന സമ്മേളനം തന്നെ നിയമവിരുദ്ധമാണെന്നും കൊല്ലത്തെ സമ്മേളനം അഴിമതിയുടെ കൂത്തരങ്ങായിരുന്നുവെന്നും കാട്ടി എക്‌സൈസ് കമ്മീഷണറായ ഋഷിരാജ് സിങ് തന്നെ ഇതിനെതിരെ പരാതിയുമായി രംഗത്ത് എത്തി. പിന്നാലെ ഇതിന്റെ നടത്തിപ്പുകാരനായ മനോജ് എബ്രഹാമിനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസവും കൊക്കൂണിനെതിരെ ജേക്കബ് തോമസ് പരാമര്‍ശം നടത്തിയിരുന്നു.
ഇവര്‍ക്ക് പിന്നാലെ നിരവധി ഉന്നത ഉദ്യോഗസ്ഥരാണ് ജേക്കബ് തോമസിന്റെ നടപടികള്‍ക്കെതിരെ പരാതിയുമായി ചീഫ് സെക്രട്ടറിയെ സമീപിച്ചതും. ഔദ്യോഗിക കൃത്യനിര്‍വഹണത്തിലെ വീഴ്ചകള്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് കേസെടുക്കുന്നത് കൂടാതെ മാധ്യമങ്ങള്‍ക്ക് കേസ് വിവരങ്ങള്‍ ചോര്‍ത്തുന്നെന്ന പരാതിയും ചീഫ് സെക്രട്ടറിക്ക് ഇവര്‍ കൈമാറുകയുണ്ടായി.

ഇത് കൂടാതെ 2011 മുതല്‍ 2015 വരെ ഭൂമി കൈയേറ്റങ്ങളിലും നിരോധിത മേഖലയിലെ ബഹുനിലകെട്ടിടങ്ങളുടെ നിര്‍മ്മാണങ്ങളും കണ്ടില്ലെന്ന് നടിച്ച ഇ.ദേവദാസന്‍, അജിത് പാട്ടീല്‍, അശോക് കുമാര്‍ സിങ്,എം.ജി രാജമാണിക്യം, വി.രതീശന്‍ എന്നിങ്ങനെ അഞ്ച് കളക്ടര്‍മാര്‍ക്കെതിരെയും വിജിലന്‍സ് കേസെടുത്തിട്ടുണ്ട്. വിജിലന്‍സിന്റെ ഇത്തരം നടപടികളില്‍ തങ്ങള്‍ക്കുളള അതൃപ്തി ഐഎഎസ്-ഐപിഎസ് അസോസിയേഷനുകള്‍ രണ്ടാഴ്ച മുന്‍പ് തന്നെ മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചിരുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനും അസോസിയേഷന്‍ നടത്തിയ വിരുന്ന് സല്‍ക്കാരത്തിലാണ് ജേക്കബ് തോമസിനെതിരെയുളള ആക്ഷേപങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചത്. അഴിമതി വിരുദ്ധ നയങ്ങള്‍ പിന്തുടരുന്ന സര്‍ക്കാരെന്ന പ്രതിച്ഛായ കൈവിടാന്‍ ഒരുക്കമല്ലാത്ത മുഖ്യമന്ത്രി ജേക്കബ് തോമസിന് അനുകൂലമായ നടപടിയാണ് സ്വീകരിച്ചതെന്നാണ് വിവരങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button