മുത്തലാഖിനെതിരെ ടി സിദ്ദിഖിന്റെ മുന്‍ഭാര്യ നസീമ ജമാലുദ്ദീന്‍ രംഗത്ത്. വര്‍ഷങ്ങളോളം കൂടെ കഴിഞ്ഞ ഭാര്യയെ ഫോണ്‍ കോളിലൂടെയും പേപ്പര്‍ തുണ്ടിലൂടെയും മൊഴി ചൊല്ലുന്ന കാടന്‍ നിയമത്തിനെതിരെ പണ്ഡിത സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം കഴിഞ്ഞുവെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നസീമ പറയുന്നു. ഈ നിമയം മൂലം ഇരകള്‍ക്ക് മതപരവും നിയമപരവുമായ എല്ലാ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നുവെന്നും അവര്‍ തന്റെ പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടുന്നു
ദാമ്പത്യം ഏതു തരത്തിലും പൊരുത്തപ്പെട്ടു പോകാന്‍ പറ്റാത്തൊരു സാഹചര്യത്തില്‍ അത്രമേല്‍ വെറുപ്പോടെ ദൈവം അനുവദിച്ചൊരു കാര്യമാണ് വിവാഹമോചനമെന്ന് ഇസ്ലാം പഠിപ്പിക്കുന്നതെന്നും ഒട്ടനവധി കടമ്പകള്‍ പിന്നിട്ടുമാത്രമേ വിവാഹ മോചനം എന്ന കര്‍മം ഇസ്ലാം അനുവദിക്കുന്നുള്ളുവെന്നും നസീമ ചൂണ്ടിക്കാട്ടുന്നു. എല്ലാ മതാനുയായികള്‍ക്കും സ്വന്തം വിശ്വാസമനുസരിച്ച് മതപരമായ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ അവസരം അനുവദിക്കുന്നു എന്ന ഇന്ത്യന്‍ സെക്യുലറിസത്തിന്റെ സവിശേഷാധികാരവും ഇസ്ലാമിക നിയമപ്രകാരം ഒരു സ്ത്രീക്ക് കിട്ടേണ്ട നീതിയും ഒരുപോലെ നിഷേധിക്കപ്പെടുന്ന അവസ്ഥയും ഇത്തരം തലാഖിലൂടെ നടപ്പിലാവുന്ന കാഴ്ചയും ഇന്ന് സര്‍വ സാധാരണമാണെന്നും നസീമ അഭിപ്രായപ്പെടുന്നു.
മുത്തലാഖ് എന്ന കാടന്‍ നിയമം മൂലം സ്വന്തം ജീവിതത്തില്‍ അനുഭവിച്ച ദുരിതങ്ങളാണ് ഇതിന്റെ വ്യാപ്തി മനസ്സിലാക്കാന്‍ സഹായിച്ചത്. മുത്തലാഖ് കുറിക്കപ്പെട്ട ഒരു കുറിപ്പ് കയ്യില്‍ കിട്ടിയപ്പോഴാണ് അതിന്റെ ആഴമെന്തെന്ന് മനസ്സിലായത്.ഞാനടക്കം ഒരുപാട് പെണ്‍കുട്ടികളുടെ ജീവിതം വഴിയാധാരമാക്കിയതും ഇതേ മുത്തലാഖ് എന്ന ദുര്‍ഭൂതമാണ്. എനിക്കുണ്ടായിരുന്ന വിദ്യഭ്യാസവും പ്രതികരണശേഷിയും തച്ചുടക്കാന്‍ ശേഷിയുള്ളതായിരുന്നു ഈ അലിഖിത നിയമമെന്നും നസീമ പറയുന്നു.
ഇത്തിരി മഷി ബാക്കി വന്നൊരു പേനയും പാതികീറിയ പേപ്പറും ഇനിയും ഒരുപാട് പേരുടെ ജീവിതം തകര്‍ത്തേക്കാമെന്നും അതുകൊണ്ടുതന്നെ ഈ ആചാരത്തെ സമൂഹത്തില്‍ നിന്ന് എന്നന്നേക്കുമായി തുടച്ചു നീക്കാനുള്ള ചര്‍ച്ചകളാണ് നടക്കേണ്ടതെന്നും നസീമ പറയുന്നു.
Post Your Comments