വാഷിംഗ്‌ടണ്‍ ● ഇന്ത്യയുടെയും ചൈനയുടെയും ബഹിരാകാശത്ത് നിന്നുള്ള കാഴ്ച തന്നെ ശരിക്കും ഞെട്ടിച്ചുകളഞ്ഞുവെന്ന് നാസയിലെ വിരമിച്ച പ്രശസ്ത ബഹിരാകാശ സഞ്ചാരി സ്കോട്ട് കെല്ലി. ഇരു രാജ്യങ്ങളിലേയും അന്തരീക്ഷമലിനീകരണത്തിന്റെ തോതാണ് കെല്ലിയെ ഞെട്ടിച്ചത്. വൈറ്റ്‌ഹൌസില്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് കെല്ലി ഇക്കാര്യം വെളിപ്പെടുത്തിയത്.
മുകളില്‍ നിന്ന് നോക്കുമ്പോള്‍ എല്ലാം വ്യക്തമായി കാണാമായിരുന്നു. എന്നാല്‍ ഇന്ത്യയിലേക്കും ചൈനയിലേക്കും നോക്കുമ്പോള്‍ അതായിരുന്നില്ല സ്ഥിതി. ഇവിടങ്ങളിലെ അന്തരീക്ഷ മലിനീകരണം ഞെട്ടിപ്പിക്കുന്നതായിരുന്നു. 2015 ലെ വേനല്‍ക്കാലത്ത് ഒരിക്കല്‍ മാത്രമാണ് കിഴക്കന്‍ ചൈനയുടെ ഒരു ഭാഗം വ്യക്തമായി ഒരിക്കല്‍ കാണാന്‍ കഴിഞ്ഞതെന്നും ബഹിരാകാശത്ത് ഒരു വര്‍ഷത്തോളം ചെലവഴിച്ച കെല്ലി പറഞ്ഞു.
ഒരു വര്‍ഷം നീണ്ട തന്റെ ബഹിരാകാശവാസത്തിനിടെ ഇത് ആദ്യമായാണ് ഇത്തരം ഒരു അനുഭവം. അതിനു മുമ്പ് ഒരിക്കലും തനിക്ക് ഈ ഭാഗം കാണാന്‍ കഴിഞ്ഞിരുന്നില്ല. അടുത്തദിവസമാണ് ചൈനയിലെ കല്‍ക്കരി ഉപയോഗിച്ചുള്ള പവര്‍ പ്ലാന്റുകള്‍ അടച്ചുപൂട്ടുന്നതിനെക്കുറിച്ചും ദേശീയ ദിനത്തില്‍ കാറുകള്‍ നിരത്തില്‍ ഇറങ്ങാത്തതിനെ കുറിച്ചും അറിഞ്ഞത്. മനുഷ്യ നിര്‍മ്മിതമായ മലിനീകരണത്തില്‍ നിന്നു സ്വാഭാവികനില കൈവരിക്കാം എന്ന് ഇതു തെളിയിച്ചിരിക്കുന്നു. നാം ശ്രദ്ധിച്ചാല്‍ മലിനീകരണം ഒഴിവാക്കാവുന്നതെ ഉള്ളുവെന്നും കെല്ലി കൂട്ടിച്ചേര്‍ത്തു.
Post Your Comments