KeralaIndiaNewsInternationalGulf

മലയാളി ഐ.എസ് ഭീകരന്‍ സുബഹാനിക്ക് പരിശീലനം നൽകിയത് പാരീസ് ആക്രമണം നടത്തിയ ഭീകരർ; സോഷ്യൽ മീഡിയയിലെ ചില രഹസ്യ ഗ്രൂപ്പുകളുടെ പങ്കും വെളിപ്പെടുത്തിയതായി റിപ്പോർട്ട്

കൊച്ചി ; രാജ്യാന്തര ഭീകരസംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) വിദേശ ക്യാംപുകളില്‍ ആയുധപരിശീലനം പൂര്‍ത്തിയാക്കി നാട്ടില്‍ മടങ്ങിയെത്തിയ തൊടുപുഴ സ്വദേശി മാളിയേക്കല്‍ സുബഹാനി ഹാജ മൊയ്തീന് പാരിസില്‍ നടന്ന ഭീകരാക്രമണത്തേക്കുറിച്ച്‌ അറിയാമായിരുന്നുവെന്ന് റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇറാഖില്‍ കഴിയവയെയാണ് സുബഹാനി പാരീസ് ആക്രമണം നടത്തിയ ഭീകരരായ സലാഹ് അബ്ദസ്ലാം, അബ്ദല്‍ ഹമീദ് അബാ ഔദ് എന്നിവരെ പരിചയപ്പെട്ടത്. എന്നാൽ പാരിസ് ആക്രമണത്തിലെ സൂത്ര ധാരർ ആണ് ഇവരെന്ന് തനിക്കറിയില്ലായിരുന്നു എന്നാണു സുബ്ഹാനി പറയുന്നത്.

പാരീസ് ആക്രമണം നടത്തിയവരെ ഇറാഖ് സിറിയ എന്നിവടങ്ങളില്‍ വച്ച്‌ പരിചയപ്പെട്ട കാര്യം അപ്പോള്‍ ഓര്‍ത്തുവെന്നും ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.പാരിസ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ അബ്ദല്‍ ഹമീദ് അബാ ഔദാണ് സുബഹാനിക്ക് ഐഎസ് പരിശീലനം നല്‍കിയതെന്നും വ്യക്തമായിട്ടുണ്ട്.ഇതോടെ, പാരിസ് ആക്രമണവുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പൊലീസ് സുബഹാനിയെ ചോദ്യം ചെയ്യാനും സാധ്യത തെളിഞ്ഞു.കഴിഞ്ഞ വര്‍ഷം ഏപ്രില്‍ അവസാനമാണ് സുബഹാനി ചെന്നൈ വിമാനത്താവളം വഴി തുര്‍ക്കിയിലെ ഇസ്താംബൂളിലേക്ക് കടന്നത്. അവിടെവച്ച്‌ പാക്കിസ്ഥാനില്‍നിന്നും അഫ്ഗാനിസ്ഥാനില്‍നിന്നും എത്തിയവരോടൊപ്പം സുബഹാനി ഐഎസിന്റെ സ്വാധീന മേഖലയായ ഇറാഖിലേക്ക് കടക്കുകയായിരുന്നു.

ഈ കാലഘട്ടത്തിലാണ് പാരീസ് ആക്രമണത്തിന് നേതൃത്വം നല്‍കിയ സലാഹ് അബ്ദസ്‍ലാം, അബ്ദല്‍ ഹമീദ് അബാ ഔദ് എന്നിവരെ പരിചയപ്പെട്ടത്. ഇവരില്‍ അബ്ദല്‍ ഹമീദ് അബാ ഔദ് പാരിസിലെ തിയറ്ററില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. പിടിയിലായ സലാഹ് അബ്ദസ്‍ലാം ഫ്രഞ്ച് പൊലീസിന്റെ കസ്റ്റഡിയിലാണ്.വിദേശത്ത് ആയുധപരിശീലനം നേടി തിരിച്ചെത്തിയ സുബഹാനിയെ വിശദമായി ചോദ്യം ചെയ്യാന്‍ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണ സംഘം എന്‍ഐഎ പ്രത്യേക കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് സുബഹാനി ഹാജ മൊയ്ദീന്റെ കസ്റ്റഡി കാലാവധി ആറു ദിവസം കൂടി നീട്ടിയിരുന്നു.

ഒരു വര്‍ഷമായി ഇന്ത്യയിലെ ഐഎസിന്റെ രഹസ്യ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പ്രധാനിയാണു സുബഹാനിയെന്നു സംശയിക്കുന്നു.ഇന്ത്യയില്‍ മടങ്ങിയെത്തിയ ശേഷം തിരുനല്‍വേലിയിലാണു സുബഹാനി താമസിക്കുന്നത്. മൊസൂളിലെ പോര്‍മുഖത്തു സുഹൃത്തുക്കളായ രണ്ട് ഐഎസുകാര്‍ സൈന്യത്തിന്റെ ഷെല്‍ ആക്രമണത്തില്‍ കണ്‍മുന്നില്‍ കരിഞ്ഞുവീഴുന്നതു കണ്ടതോടെ ഭയപ്പെട്ടു ക്യാംപ് വിട്ടുപോന്നതായാണു സുബഹാനിയുടെ വെളിപ്പെടുത്തല്‍. സമൂഹമാധ്യമങ്ങളിലെ ചില രഹസ്യ ഗ്രൂപ്പുകള്‍ വഴിയാണ് ഐഎസില്‍ ചേര്‍ന്നതെന്നും ഇയാള്‍ വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button