Kerala

സ്ത്രീകളെ ശല്യം ചെയ്യുന്ന ‘അലവലാതി ഷായി’ പിടിയില്‍

കൊച്ചി● സ്ത്രീകളെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കുന്ന സൈബര്‍ ക്വട്ടേഷന്‍ സംഘ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു . തിരുവനന്തപുരം പാറശാല സ്വദേശി അമര്‍ജിത്ത് രാധാകൃഷണനെയാണ് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പിടികൂടിയത്.

അമര്‍ജിത്തിന്‍റെ പേജില്‍ നിന്ന് തുടര്‍ച്ചയായി അശ്ലീല സന്ദേശങ്ങളെത്തുന്നതായി കാട്ടി കൊച്ചി സ്വദേശിനി ദിയ സന ഉള്‍പ്പടെ നിരവധി പെണ്‍കുട്ടികള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇയാളെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. സ്ത്രീകളെ ശല്യം ചെയ്യുന്നത് സ്ഥിരംപരിപാടിയാക്കിയ ഇയാളും സംഘവും പ്രതികരിക്കുന്നവരെ ‘അലവലാതി ഷായി” തുടങ്ങി നിരവധി ഫേക്ക് ഐ.ഡികള്‍ വഴി കേട്ടാലറയ്ക്കുന്ന തെറികളും അധിക്ഷേപങ്ങളും കൊണ്ടാണ് നേരിട്ടിരുന്നത്. ഇതിനായി കിങ്ങേഴ്സ് എന്ന പേരില്‍ ഫേസ്ബുക്ക്‌ ഗ്രൂപ്പും ഇവര്‍ക്കുണ്ടായിരുന്നു. ഫേക്ക് ഐ.ഡികളും പ്രോക്സിയും ഉപയോഗിച്ചായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനമെന്നതിനാല്‍ പോലീസിന് ഇവരെ കണ്ടത്താന്‍ കഴിഞ്ഞിരുന്നില്ല.

Diya
ദിയ സന

കഴിഞ്ഞദിവസം പരാതിക്കാരികളില്‍ ഒരാള്‍ കാണാനെന്ന വ്യാജേന അമര്‍ജിത്തിനെ വിളിച്ചുവരുത്തി കുടുക്കുകയായിരുന്നു. എന്നാല്‍ സൗഹൃദം പ്രതീക്ഷിച്ചെത്തിയ അമര്‍ജിത്തിനെ ദിയ സനയും മറ്റു പരാതിക്കാരികളും ചേര്‍ന്ന് നന്നായി പെരുമാറി എറണാകുളം സെന്‍ട്രല്‍ പോലീസിന് കൈമാറുകയായിരുന്നു.

ഫേക്ക് ഐഡികള്‍ വഴി അസഭ്യവര്‍ഷത്തിന് പുറമേ ഈ സംഘം ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചിരുന്നതായും ഫോണ്‍ നമ്പരുകള്‍ തേടിപ്പിടിച്ച് തെറിയഭിഷേകം നടത്തിയിരുന്നതായും ദിയ സന പറയുന്നു. ഇക്കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് അമര്‍ജിത്ത് രാധാകൃഷ്ണനാണ്. ഞരമ്പ് രോഗികളായ ഈ സൈബര്‍ ഗുണ്ടകളെ കണ്ടെത്താന്‍ പരാതിക്കാരികള്‍ നേരത്തെ കൂട്ടായ്മയ്ക്ക് രൂപം നല്‍കിയിരുന്നു.

അയ്യായിരം സുഹൃത്തുക്കളുളള സ്വന്തം ഫെയ്സ്ബുക്ക് പേജ് ഉപയോഗിച്ച് അമര്‍ജിത് സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണം നടത്തുകയായിരുന്നെന്നാണ് പൊലീസ് പറഞ്ഞു.വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകളില്‍ നിന്നാണ് സ്ത്രീകള്‍ക്കെതിരായ പ്രചാരണം അമര്‍ജിത്ത് നടത്തിയിരുന്നതെന്നും പ്രവാസികളടക്കം ഈ സംഘത്തില്‍ കൂടുതലാളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

എന്നാല്‍ തന്‍റെ മതവിശ്വാസങ്ങളെ അവഹേളിക്കുന്ന തരത്തില്‍ ഫേസ്ബുക്ക്‌ പോസ്റ്റിട്ട ചില സ്ത്രീകളോട് ഇതിനെതിരായ പ്രതിഷേധം രേഖപ്പെടുത്തുക മാത്രമാണുണ്ടായതെന്നാണ് അമര്‍ജിത്തിന്‍റെ വിശദീകരണം.

നാല് മാസം മുന്‍പുംഒരു പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതിന് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കൊച്ചിന്‍ സര്‍വകാശാലയില്‍ പിജി വിദ്യാര്‍ഥിനിയായ കാസര്‍കോട് സ്വദേശിയെയാണ് അമര്‍ജിത്ത് ശല്യപ്പെടുത്തിയത്. ഇയാളില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് അമര്‍ജിത്തിനെ കസ്റ്റഡിയിലെടുത്ത ശേഷം താക്കീത് ചെയ്തു വിട്ടയയ്ക്കുകയായിരുന്നു. ഇതിന് ശേഷം അമര്‍ജിത്തും സംഘവും പെണ്‍കുട്ടിയ്ക്ക് നേരെ സൈബര്‍ ആക്രമണം നടത്തിയിരുന്നു. ഇതിനെതിരെയും പരാതി നല്‍കിയെങ്കിലും സംഘം അസഭ്യവര്‍ഷവും അപമാനിക്കലും തുടര്‍ന്ന് വരികയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button