ന്യൂഡല്‍ഹി: ബിജെപി എംപി വരുണ്‍ഗാന്ധി വിദേശത്തുള്ള അഭിസാരികമാരുടെ കെണിയില്‍ വീണെന്നും അത്തരം ഫോട്ടോകള്‍ ഉപയോഗിച്ച് വരുണിനെ ഭീഷണിപ്പെടുത്തി പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നുമുള്ള ആരോപണം നിഷേധിച്ചു വരുൺ ഗാന്ധി രംഗത്ത്. ആരോപണത്തില്‍ ഒരു ശതമാനമെങ്കിലും കഴമ്പുണ്ടെങ്കില്‍ താന്‍ രാഷ്ട്രീയം അവസാനിപ്പിക്കാമെന്നും സംഭവം നുണയാണെന്നും അത്തരം ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ അതു വ്യാജമാണെന്നും വരുണ്‍ ഗാന്ധി പ്രതികരിച്ചു.
യാതൊരു തെളിവുമില്ലാതെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.പ്രതിരോധവകുപ്പുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി കമ്മിറ്റിയില്‍ അംഗമായിരുന്നപ്പോഴാണ് വരുണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് ആരോപണം. സ്ത്രീകളുമൊത്തുള്ള ചിത്രങ്ങള്‍ ഉപയോഗിച്ച് ബ്ലാക്മെയില്‍ ചെയ്ത് ആയുധ ഇടപാടുകാര്‍ വരുണ്‍ ഗാന്ധിയില്‍ നിന്നു പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നു വ്യക്തമാക്കി അമേരിക്കന്‍ അഭിഭാഷകനും വ്യവസായിയുമായ സി.എഡ്മണ്ട്സ് അലനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചുവെന്നാണ് സ്വരാജ് അഭിയാന്‍ നേതാക്കളായ പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ് എന്നിവരുടെആരോപണം. കത്തിന്റെപകര്‍പ്പ് ഇവര്‍ മാധ്യമങ്ങൾക്കു കൈമാറിഎന്നുമാണ് പറയുന്നത്.
തന്റെ ബിസിനസിലെ മുന്‍ പങ്കാളിയും ആയുധ ഇടനിലക്കാരനുമായ അഭിഷേക് വര്‍മയാണ് വരുണിനെ സുന്ദരിക്കെണിയില്‍ വീഴ്ത്തിയതെന്നാണ് ആരോപണം. മുതിര്‍ന്ന പട്ടാള ഉദ്യോഗസ്ഥരെയും വര്‍മ കെണിയില്‍ വീഴ്ത്തിയിട്ടുണ്ടെന്നാണ് ആരോപണം.വര്‍മയ്ക്കെതിരേ നിരവധി രേഖകള്‍ സിബിഐയ്ക്ക് നല്‍കിയിട്ടുള്ളയാളാണ് എഡ്മണ്ട്സ്. ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ വര്‍മ ആയുധ നിര്‍മാതാക്കള്‍ക്കു കൈമാറിക്കഴിഞ്ഞെന്നാണ് എഡ്മണ്ട്സ് പറയുന്നത്. ഓഗസ്റ്റ് 25നും സെപ്റ്റംബര്‍ 16നുമാണ് രണ്ടു കത്തുകള്‍ പ്രധാനമന്ത്രിക്ക് അയച്ചത്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.
Post Your Comments