India

സാധാരണക്കാര്‍ക്കും വിമാനയാത്ര സാധ്യമാക്കുന്ന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : സാധാരണക്കാര്‍ക്കും വിമാനയാത്ര സാധ്യമാക്കുന്ന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. ഉഡാന്‍ സര്‍വ്വീസ് എന്ന പദ്ധതി നടപ്പില്‍ വരികയാണെങ്കില്‍ ഒരു മണിക്കൂര്‍ പറക്കാന്‍ 2500 രൂപ നല്‍കിയാല്‍ മതിയാകും. പദ്ധതി ജനുവരി മുതല്‍ ആരംഭിക്കാനാകുമെന്നാണ് അധികൃതര്‍ കരുതുന്നത്. ഇതിനായി ഒരു വിമാനത്തിലെ പകുതി സീറ്റുകള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി നല്‍കും. രാജ്യത്തെ ഉപയോഗ പ്രദമായി കിടക്കുന്ന വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചായിരിക്കും സര്‍വീസ് ആരംഭിക്കുക.

വിമാന സര്‍വീസ് തുടങ്ങാനായി വിമാന കമ്പനികളുമായി സര്‍ക്കാര്‍ ബന്ധപ്പെട്ടുവെങ്കിലും ആരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നത് കൊണ്ട് വിമാന കമ്പനികള്‍ പദ്ധതിക്കായി മുന്നോട്ട് വരുമെന്ന് തന്നെയാണ് അധികൃതരും പ്രതീക്ഷിക്കുന്നത്.
ലോകത്ത് ഒരിടത്തും ആരും പരീക്ഷിച്ചിട്ടില്ലാത്ത രീതിയാണ് ഇതെന്ന് വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു. നിലവില്‍ ബിക്കാനീര്‍, ജയ്‌സാല്‍മീര്‍, ഭാവ് നഗര്‍, ജാം നഗര്‍, ഭാട്ടിന്‍ഡ്യ, അലഹബാദ്, ആസ്സാമിലെ ജോര്‍ഹട്ട് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളെ ഉഡാന്‍ സര്‍വീസിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒരു വിമാനത്തില്‍ കുറഞ്ഞത് 9 സീറ്റും പരമാവധി 40 സീറ്റുമായിരിക്കും ഇപ്രകാരം കുറഞ്ഞ നിരക്കില്‍ മാറ്റിവെക്കുക. ശേഷിക്കുന്ന സീറ്റുകളിലെ നിരക്ക് തിരക്കിനനുസരിച്ച് കൂടിയും കുറഞ്ഞുമായിരിക്കും. ഈ പദ്ധതിയില്‍ പങ്കാളികളാകുന്ന വിമാനക്കമ്പനികള്‍ക്ക് വയബിളിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്) നല്‍കും. കേന്ദ്രവും സംസ്ഥാനങ്ങളും സംയുക്തമായിട്ടായിരിക്കും വി.ജി.എഫ് നല്‍കുക. ഇത് കൂടാതെ എക്‌സൈസ് നികുതിയില്‍ അടക്കം ചില ഇളവുകളും കമ്പനികള്‍ക്ക് നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button