
ബാരമുല്ല: കശ്മീരിലെ ബാരാമുല്ലയില്‍ വീടുകളില്‍ ഭീകരര്‍ നുഴഞ്ഞു കയറിയെന്ന് സംശയം. ഇതേതുടര്‍ന്ന് സൈന്യം പരിശോധന ശക്തമാക്കി. സൈന്യവും പോലീസ് ഉദ്യോഗസ്ഥരും വീടുതോറും കയറിയിറങ്ങി പരിശോധന നടത്തുകയാണ്. വീടുകളിലെ ആളുകളെ ഒഴിപ്പിച്ചാണ് സൈന്യത്തിന്റെ തെരച്ചില്‍.
നഗരപ്രദേശത്ത് ഭീകരവാദികള്‍ ഒളിച്ചിരിക്കുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം 700ല്‍ പരം വീടുകള്‍ ഒഴിപ്പിച്ച് സൈന്യം പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഈ മേഖലയില്‍ രണ്ട് ഭീകരാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ജമ്മുകശ്മീര്‍ തലസ്ഥാനമായ ശ്രീനഗറില്‍നിന്ന് 55 കിലോമീറ്റര്‍ അകലെയാണ് ബാരാമുല്ല. ഇക്കഴിഞ്ഞ ജൂലൈ എട്ടിന് ഹിസ്ബുല്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീര്‍ താഴ്വരയില്‍ ഉടലെടുത്ത വ്യാപക സംഘര്‍ഷം ഏറ്റവും രൂക്ഷമായിരുന്ന മേഖലയാണ് ബാരാമുല്ല. സൈന്യം പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Post Your Comments