തിരുവനന്തപുരം● മെഡിക്കല്‍ കോളേജില്‍ കാലാകാലങ്ങളില്‍ കോഴ്‌സ് തുടങ്ങുന്ന സമയത്ത് ഡ്രസ് കോഡ് ഓര്‍മ്മപ്പെടുത്തി അയയ്ക്കുന്ന സര്‍ക്കുലര്‍ ഇപ്രാവശ്യവും അയക്കുക മാത്രമാണ് ചെയ്തതെന്ന് വൈസ് പ്രിന്‍സിപ്പല്‍. ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളും ഈ ഡ്രസ്‌കോഡ് പാലിച്ചാണ് മെഡിക്കല്‍ കോളേജില്‍ എത്തുന്നത്. ഇതുവരേയും ഡ്രസ്‌കോഡിനെപ്പറ്റി ആരും പരാതിയും നല്‍കിയിട്ടില്ല. ആശുപത്രിയ്ക്കത്തും വാര്‍ഡുകളിലും രോഗികളുമായി ബന്ധപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് ഈ സര്‍ക്കുലര്‍ ഇറക്കിയത്. ക്യാമ്പസിനകത്ത് ക്ലാസ് സമയത്തല്ലാത്തപ്പോള്‍ അവര്‍ക്കിഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിന് ഒരു തടസവുമില്ല.
മെഡിക്കല്‍ കോളേജ് ഒരു പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനമാണ്. ബഹുഭൂരിപക്ഷം സ്വകാര്യ മെഡിക്കല്‍ കോളേജുകളിലും യൂണിഫോമും ഡ്രസ്‌കോഡും നിര്‍ബന്ധമാണ്. മെഡിക്കല്‍ കൗണ്‍സില്‍ പരാമര്‍ശിക്കുന്ന പ്രകാരം അതത് കോളേജിലെ പ്രിന്‍സിപ്പല്‍മാര്‍ക്ക് ഡ്രസ് കോഡ് നിശ്ചയിക്കാവുന്നതാണ്.
മെഡിക്കല്‍ കോളേജില്‍ അഡ്മിഷന് വരുന്ന സമയത്ത് തന്നെ ഡ്രസ് കോഡ് നല്‍കുന്നുണ്ട്. അതനുസരിച്ചുള്ള വസ്ത്രങ്ങള്‍ ധരിച്ച് അവര്‍ കോളേജില്‍ എത്തുന്നു. ഒരു ചെറിയ ശതമാനം പേര്‍ മാത്രമാണ് ഡ്രസ് കോഡ് പാലിക്കാത്തത്.
മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ രണ്ടാം വര്‍ഷം മുതല്‍ 4 വര്‍ഷവും അധിക സമയവും ചെലവഴിക്കുന്നത് ആശുപത്രികളിലാണ്. രോഗികളുമായി നേരിട്ടിടപഴകുന്ന ഭാവിയിലെ ഡോക്ടര്‍മാര്‍ ഒതുക്കമുള്ള വസ്ത്രം ധരിക്കേണ്ടത് അത്യാവശ്യമാണ്. പലതരം രോഗങ്ങളുമായി കഴിയുന്നവരോട് അവര്‍ ഇടപഴകുമ്പോള്‍ കോട്ട് ഉള്‍പ്പെടെയുള്ള വസ്ത്രം ധരിച്ച് വരുന്നത് രോഗികളുടേയും വിദ്യാര്‍ത്ഥികളുടേയും സുരക്ഷയ്ക്ക് അത്യാവശ്യമാണ്.
കഴിഞ്ഞ മാസം കോളേജിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് വിളിച്ച് കൂട്ടിയ അടിയന്തിര കോളേജ് മാനേജ്‌മെന്റ് കമ്മറ്റിയാണ് വിദ്യാര്‍ത്ഥികളുടെ അച്ചടക്കത്തിന്റെ ഭാഗമായി വസ്ത്രധാരണത്തെപ്പറ്റി ചര്‍ച്ചചെയ്തതും അത് കൂടുതല്‍ ഫലപ്രദമായി നടപ്പാക്കണമെന്ന് ശുപാര്‍ശ ചെയ്തതും.
ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കേണ്ട ഇവര്‍ ഒതുക്കമുള്ള വസ്ത്രവും ഐഡന്റിറ്റികാര്‍ഡും ഓവര്‍കോട്ടും ഇടാത്തത് കാരണം രോഗികളുടെ കൂട്ടിരുപ്പുകാരുമായി പലപ്പോഴും സര്‍ഘര്‍ഷവുമുണ്ടാകാറുണ്ട്. ഇതോടൊപ്പം പല വ്യാജ ഡോക്ടര്‍മാരേയും ഇവിടെനിന്നും പിടിക്കപ്പെടുകയും അത് പോലീസ് കേസാവുകയും ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ ഒതുക്കമുള്ള വസ്ത്രം ധരിക്കുന്നില്ലെന്ന് അധ്യാപകരും രോഗികളും പലപ്പോഴും പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു സര്‍ക്കുലര്‍ പുറത്തിറക്കിയത്.
Post Your Comments