വാഷിങ്ടണ്‍: വീണ്ടും വിവാദ പ്രസ്താവനമുമായി ഡൊണാൾഡ് ട്രംപ് രംഗത്ത്. ജയിച്ചാല്‍ മാത്രമേ തിരഞ്ഞെടുപ്പ് ഫലം പൂര്‍ണമായി അംഗീകരിക്കുവെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് പറയുന്നത്. ഓഹിയോയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അനുഭാവികളോട് സംസാരിക്കവെയാണ് ട്രംപിന്റെ ഈ പ്രസ്താവന.
തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുമെങ്കിലും അതിനെ നിയമപരമായി ചോദ്യംചെയ്യേണ്ട അവസ്ഥ വന്നാൽ അതും ചെയ്യുമെന്ന് ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന അവസാനത്തെ സംവാദത്തില്‍ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ട്രംപ് നൽകിയില്ല. അതിനു പിന്നാലെയാണ് ട്രംപിന്റെ ഈ പ്രസ്താവന. അമേരിക്കന്‍ ജനാധിപത്യത്തിന് വെല്ലുവിളിയാണ് ട്രംപിന്റെ പരാമര്‍ശമെന്ന ആരോപണവുമായി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റണ്‍ രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ അടക്കമുള്ളവരും ട്രംപിനെതിരെ കടുത്ത വിമര്‍ശം ഉന്നയിച്ചു.
ട്രംപിന്റേത് അപകടകരമായ പ്രസ്താവനയാണെന്നാണ് ഒബാമ പറഞ്ഞത്. തിരഞ്ഞെടുപ്പുകളുടെ വിശ്വാസ്യതയെപ്പറ്റി ജനങ്ങളില്‍ സംശയം ജനിപ്പിക്കുന്നതും ശത്രുക്കള്‍ക്ക് രാജ്യത്തെ വിമര്‍ശിക്കാന്‍ ഊര്‍ജം പകരുന്നതുമാണ് ഈ പ്രസ്താവനയെന്നും ഒബാമ കൂട്ടിച്ചേർത്തു.
Post Your Comments